Malayalam
‘വയലന്‍സ് കുറച്ച് കൂടുതലാണ്’, വിനായകനെ അഭിനന്ദിച്ച് ചാണ്ടി ഉമ്മന്‍
‘വയലന്‍സ് കുറച്ച് കൂടുതലാണ്’, വിനായകനെ അഭിനന്ദിച്ച് ചാണ്ടി ഉമ്മന്‍
രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജയിലര്‍. തിയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
ഇന്നലെ പാലായിലെത്തി സിനിമ കണ്ടു കഴിഞ്ഞ ശേഷമാണ് ചാണ്ടി ഉമ്മന്‍ വിനായകനെ അഭിനന്ദിച്ചത്. ‘വയലന്‍സ് കുറച്ച് കൂടുതലാണ് എന്നതേ ഉള്ളൂ. പിന്നെ എല്ലാം ഊഹിക്കാവുന്നതും. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെര്‍ഫോമന്‍സ് ആയിരുന്നു വിനായകന്റേത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഞാന്‍.’
ജയിലര്‍ ഒടിടി റിലീസ് ചെയ്തതിനാല്‍ തിയറ്ററുകളിലെ അവസാന പ്രദര്‍ശനമാണെന്ന് അറിഞ്ഞതുകൊണ്ടാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെതിതിരെ പൊലീസ് കേസെടുത്തിരുന്നു.
വിനായകന് വിവാദത്തില്‍ കേസ് എടുക്കേണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായേ അദ്ദേഹം കാണുകയുള്ളൂ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.