Connect with us

ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോൾ! അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി

Malayalam

ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോൾ! അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി

ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോൾ! അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി

അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോഴാണ് എന്ന് കൈതപ്രം ഓർത്തെടുക്കുന്നു. ജയൻ മാസ്റ്ററുടെ നക്ഷത്രദീപം ആണ് തനിക്കേറ്റവും ഇഷ്ടമുള്ള ഗാനമെന്നും അദ്ദേഹം തോടി രാഗം വിസ്തരിച്ചു പാടുമ്പോൾ താനും പഴയകാലത്തേക്ക് മടങ്ങിപ്പോകാറുണ്ടെന്നും കൈതപ്രം പറയുന്നു. മകന്റെ കുടുംബം സന്തോഷകരമായി ജീവിക്കുന്നതിൽ ജയൻ മാസ്റ്റർ സംതൃപ്തനായിരുന്നു. അദ്ദേഹത്തെ അടുത്തിടെ ആരോഗ്യവാനായി കണ്ടിരുന്നെന്നും സാർഥകമായ ജീവിതം പൂർത്തിയാക്കി അദ്ദേഹം ഇഷ്ടദൈവമായ ഗുരുവായൂരപ്പന്റെ അടുത്തേക്ക് മടങ്ങിയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘കെ.ജി. ജയൻ മാസ്റ്ററെ ഞാൻ ജയേട്ടൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹവുമായി എനിക്ക് വളരെകാലത്തെ അടുപ്പമുണ്ട്. പക്ഷേ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയിട്ടില്ല എന്ന ഒരു വിഷമമുണ്ട്. അദ്ദേഹം വളരെ സംതൃപ്തമായ ഒരു ജീവിതമാണ് നയിച്ചുകൊണ്ടിരുന്നത്. അദേഹത്തിന്റെ മകൻ മനോജിന്റെ കുടുംബം സന്തോഷകരമായി ജീവിക്കുന്നത് അദ്ദേഹത്തെയും സന്തോഷിപ്പിച്ചിരുന്നു. അദ്ദേഹം മഹാനായ ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ പാട്ടുകളിൽ ‘നക്ഷത്രദീപം’ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ ഹൃദയം ദേവാലയം എന്ന അതിമനോഹരമായ പാട്ട്, അങ്ങനെ ഒരുപാട് പാട്ടുകൾ എനിക്കിഷ്ടമാണ്.

അദ്ദേഹത്തിന്റെ കച്ചേരികളുടെ ഗാംഭീര്യവും ലാളിത്യവും പ്രശസ്തമാണ്. ‘തോടി’ ഒക്കെ വിസ്തരിച്ചു പാടിയാൽ നമ്മൾ അറിയാതെ നമ്മുടെ പഴയ കാലത്തിലേക്ക് പോകും. എനിക്ക് അതൊക്കെ ഭയങ്കര ഇഷ്ടമാണ്. ഗുരുവായൂർ വച്ചും ചെമ്പൈയിൽ വച്ചും ഞാൻ അദ്ദേഹത്തിന്റെ പാട്ടുകൾ നേരിട്ട് ആസ്വദിച്ചിട്ടുണ്ട്. ജയവിജയന്മാരുടെ ഒരുമിച്ചുള്ള കച്ചേരികളും കേട്ടിട്ടുണ്ട്. നല്ല രസമാണ് അത് കേൾക്കാൻ. എല്ലാവരോടും സ്നേഹമുള്ള, മറ്റുള്ളവരോട് ഒരു അസൂയയുമില്ലാത്ത നല്ലൊരു വ്യക്തിയാണ് ജയേട്ടൻ. കൂടെ ജോലി ചെയ്യുന്നവരോട് വലിയ സ്നേഹമാണ്. കുറച്ചു നാൾ മുൻപ് ഞാൻ അദ്ദേഹത്തെ മുതലമട ആശ്രമത്തിൽ വച്ച് കണ്ടിരുന്നു. അദ്ദേഹത്തിന്റെ റൂമിൽ കൊണ്ടുപോയി ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. അപ്പോഴൊക്കെ മകന്റെ കുടുംബത്തെപ്പറ്റി ആണ് സംസാരം. ഇടയ്ക്ക് അവരുടെ അടുത്ത് ലണ്ടനിൽ പോകാറുണ്ട് എന്നൊക്കെ പറഞ്ഞു. ചെമ്പൈയുടെയും ബാലമുരളി മാഷിന്റെയും ശിഷ്യനായിരുന്നു അദ്ദേഹം. അക്കാലത്തെ എനിക്ക് അദ്ദേഹത്തെ അറിയാം. എഴുപതുകളുടെ ആദ്യമാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ ശബരിമല വച്ച് കാണുന്നത്. മലയിറങ്ങി വരുമ്പോൾ ഞാനും എന്റെ ഗുരുവുമായി നിൽക്കുമ്പോൾ അദ്ദേഹം എന്റെ ഗുരുവിനോട് വന്നു സംസാരിച്ചു. അന്ന് ഞാൻ എഴുത്തുകാരൻ ഒന്നും ആയിട്ടില്ല.

പിന്നീട് ഞാൻ എഴുത്തു തുടങ്ങിയപ്പോൾ എന്റെ പാട്ടുകൾ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് നല്ല ഓർമകളാണ് ഉള്ളത്. അദ്ദേഹം അധികം കിടന്ന് ബുദ്ധിമുട്ടാതെ ആരോഗ്യമായി സന്തോഷമായി ഇരിക്കുമ്പോഴാണ് ഇപ്പോൾ കടന്നുപോകുന്നത്. അദ്ദേഹം ഗുരുവായൂരപ്പന്റെ ഭക്തനാണ്. അദ്ദേഹം ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തിയിട്ടുണ്ടാകും. അദ്ദേഹം പോയത് സങ്കടകരമാണെങ്കിലും, വളരെ സാർഥകമായ ഒരു ജീവിതം ജീവിച്ചു തീർത്ത് സന്തോഷമായി മടങ്ങുകയാണെന്നതിൽ സന്തോഷിക്കാം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ.

More in Malayalam

Trending

Recent

To Top