Malayalam
മൗനം വെടിഞ്ഞ് മോഹൻലാൽ! ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ച് മോഹൻലാൽ മാധ്യമങ്ങളെ കാണും
മൗനം വെടിഞ്ഞ് മോഹൻലാൽ! ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ച് മോഹൻലാൽ മാധ്യമങ്ങളെ കാണും
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ അതിനൊക്കെ പിന്നാലെ ഈ കൂട്ടരാജിയിലും അമ്മയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനെല്ലാം ഒടുവിൽ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതിൽ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ലാൽ. മന്ത്രി അബ്ദുറഹ്‌മാനാണ് ഈ പരിപാടിയിൽ മുഖ്യാതിഥി. ടീമുകളെ പരിചയപ്പെടുത്തൽ, ട്രോഫി അനാവരണം തുടങ്ങിയവയും നടക്കും. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന പരിപാടിയിൽ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങും. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ‘ശ്രീമോഹനം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹൻലാലിന് പുരസ്‌കാരം സമ്മാനിക്കുന്നത്. 5.30-നാണ് പരിപാടി. ബേബി ജോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ‘സ്മരണതീരം’ അനുസ്മരണ പരിപാടിയിലും മോഹൻലാലാണ് മുഖ്യാതിഥി. 2.30-ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് ഈ പരിപാടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ഒടുവിൽ ജനറൽ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. സംഘടനയുടെ പ്രസിഡന്‍റായിരുന്ന മോഹൻലാൽ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു.