featured
സിദ്ദിഖിന് താത്കാലിക ആശ്വാസം! രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി..
സിദ്ദിഖിന് താത്കാലിക ആശ്വാസം! രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി..
നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. പീഢനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന നടനെ പിടികൂടാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യം ഉയർന്നു. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം. സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.
അതേസമയം ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളായ പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്. ലെെംഗിക അതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.
സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. അതേസമയം കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം. അതിനിടെ പൊലീസും സിദ്ദിഖും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി അതിജീവിത രംഗത്തെത്തി. സിദ്ദിഖിന് ഒളിവിൽ പോകാൻ സമയം നൽകിയെന്ന് കോടതിയില്‍ വാദിക്കും, നിരവധി ഇലക്ട്രോണിക് തെളിവുകൾ സിദ്ദിഖ് നശിപ്പിച്ചെന്നും അതിജീവിത ആരോപിക്കുന്നു.
