നിങ്ങൾക്ക് മറ്റൊരു മമ്മൂട്ടിയാകണോ? എങ്കിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ അഭിനയ രഹസ്യങ്ങൾ അറിഞ്ഞു വച്ചോളൂ!
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി അത്ര നിസാരമായിട്ടല്ല ഇന്നു കാണുന്ന നിലയിലേക്ക് ഉയർന്നു വന്നത്. പറയത്തക്ക കലാ പാരമ്പര്യമോ കൈ പിടിച്ച് ഉയർത്തിവിടാൻ ഗോഡ് ഫാദറോ ഇല്ലാതെയാണ് മമ്മൂക്ക മെഗാതാരമായത്.
സംവിധായകരുടെ മുന്നിൽ വേഷങ്ങൾക്കു വേണ്ടി കൈ നീട്ടി പല തവണ അപമാനമേല്ക്കേണ്ടി വന്ന സാഹചര്യങ്ങൾ പലതുണ്ടായിട്ടുണ്ട്. എവിടെയൊക്കെയോ തളർന്നു വീണു പോകാമായിരുന്ന വഴികളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് പകരം വയ്ക്കാൻ മറ്റൊരാളില്ലാതെ ഉദിച്ചുയർന്ന താരമാണ് മമ്മൂക്ക. അങ്ങനെയൊരാൾ നൽകുന്ന തന്റെ ജീവിതാനുഭവം മറ്റു പലർക്കും ഉയർന്നു വരാനുള്ള പ്രചോദനാമായിരിക്കും.
പലരും മമ്മൂക്കയടെ തലക്കനത്തെക്കുറിച്ചും അഹങ്കാരത്തെക്കുറിച്ചും പല രീതിയിൽ പറയാറുണ്ട്. എന്നാൽ അതിനൊക്കെ പിറകിൽ ഒരു താരമെന്ന വിചാരമില്ലാത്ത എളിമയും വിനയവുമുള്ള ആൾ തന്നെയാണ് മമ്മൂട്ടി. 2002ൽ ബി ബി സിയ്ക്കു വേണ്ടി മാധ്യമ പ്രവർത്തകൻ കരൺ ഥാപർ മമ്മൂട്ടിയുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി.
സയൻസ് പഠിച്ചു പക്ഷേ ലോയറായി.പിന്നീട് ഇന്ത്യയിലെ തന്നെ മിന്നും താരങ്ങളിൽ ഒരാളായി. അതുകൊണ്ട് തന്നെയാണ് പല സൂപ്പർ താരങ്ങളുണ്ടായിട്ടും മമ്മൂട്ടിയ്ക്ക് ഇന്നും തന്റേതായ പ്രത്യേക സ്പേസ് ആരാധകർ നൽകിയിരിക്കുന്നത്. മമ്മൂക്കയിലെ നടൻ ആകണമെന്ന ആഗ്രഹത്തിന് വിത്ത് പാകിയത് അദ്ദേഹം ആദ്യമായി കണ്ട ചിത്രമായിരുന്നു. കുതിരപ്പുറത്ത് വന്ന് നായികയെ രക്ഷിക്കുന്ന നായകനായിരുന്നു കുഞ്ഞ് മുഹമ്മദ് കുട്ടിയുടെ മനസിൽ നിറഞ്ഞ് നിന്നത്. തനിക്കും അതേ പോലെ ഒരു ഹീറോയാകണം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേക്കും മമ്മൂക്കയ്ക്ക് ആദ്യ സിനിമയിലേക്കുള്ള അവസരം ലഭിച്ചു. അനുഭവങ്ങൾ പാളിച്ചകൾ.
സിനിമയോടുള്ള അഭിനിവേശം മൂത്ത് ഷൂട്ടിങ്ങ് കാണാനായി ചെന്ന മമ്മൂട്ടി സംവിധായകൻ സേതുമാധവനോട് ഒരു അവസരം ചോദിച്ചു. വളരെ പോപ്പുലറായ ഒരു കൊമേഡിയനൊപ്പം ഓടുന്നതായിരുന്നു രംഗം. ആ സമയത്ത് പോലും താൻ അഭിനയിക്കാൻ ശ്രമിച്ചു. അത് മനസിലാക്കിയ സംവിധായകൻ അഭിനയം ആവശ്യമില്ലെന്ന് പറഞ്ഞു. അതിനു ശേഷം രണ്ടാമത്തെ ചിത്രം ദേവലോകം. പക്ഷേ നിർഭാഗ്യമായിരുന്നു ഫലം. മൂന്നു ദിവസങ്ങൾ പടം വർക്ക് ചെയ്ത ശേഷം നിന്നു പോയി.എം ഡി വാസുദേവൻ നായരായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. മാനസികമായി തളർന്ന് പോയ ദിവസങ്ങൾ.എന്നാൽ തന്റെ അടുത്ത സിനിമയിലേക്കും എം ഡി മമ്മൂട്ടിയെ വിളിച്ചു. ആ ചിത്രമാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ. അങ്ങനെ മമ്മൂട്ടി തന്റെ സ്വപ്നങ്ങളും വിൽക്കാൻ തുടങ്ങി.
എന്നാൽ ആ ചിത്രത്തിനും കാര്യമായി തന്റെ കരിയറിൽ ഒരു പ്രകമ്പനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. അന്നൊക്കെ ചെറിയ വേഷങ്ങൾ മാത്രമായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. യെസ് ബോസ് എന്ന് പറഞ്ഞ് നിൽക്കുന്ന വേഷങ്ങൾ. അല്ലെങ്കിൽ മൂന്നാമത്തെയോ നാലാമത്തെയോ വില്ലൻ കഥാപാത്രങ്ങൾ. വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ തന്റെ കൂടെയുണ്ടായിരുന്ന നടൻ ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേള എന്ന ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത്. 1983 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത മേള ഇറങ്ങിയതോടെ മമ്മൂട്ടി എന്ന താരത്തിന്റെ ഉദയമായി. നായകനായി മമ്മൂട്ടി അറിയപ്പെട്ടു തുടങ്ങി. 84, 85 വർഷങ്ങളിൽ മികച്ച നടനായി. എന്നാൽ അതിനു ശേഷം വീണ്ടും മമ്മൂട്ടിയ്ക്ക് പരജായങ്ങളുടേ കാലമായിരുന്നു. വേഷങ്ങളെല്ലാം ഒരുപോലെ. ഒന്നുകിൽ ഫാമിലി മാൻ അല്ലെങ്കിൽ ബിസിനസ് മാൻ. പ്രേക്ഷകർക്കും ബോറടിച്ചു തുടങ്ങി. എന്നാൽ മമ്മൂട്ടി അതിലും തളർന്നില്ല. പകരം കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ ജോഷിക്കൊപ്പം ന്യൂഡൽഹി പിറന്നു. അതായിരുന്നു മമ്മൂട്ടി എന്ന നടന്റെ ശരിക്കുമുള്ള തുടക്കം.
ഒരു അഭിനേതാവ് എന്ന നിലയിൽ നിങ്ങൾ ഇതു വരെ എന്തായിരുന്നു ചെയ്തത് എന്ന് ഒരു തിരിഞ്ഞു നോട്ടം എപ്പോഴും ആവശ്യമാണ്.അപ്പോൾ നിങ്ങൾക്ക് സ്വയം തിരുത്താൻ കഴിയും.ഏതൊക്കെ വേഷങ്ങൾ വീണ്ടും ചെയ്യാം, എന്തൊക്കെ വ്യത്യസ്തമായി ചെയ്യണം എന്നൊക്കെ കൃത്യമായി മനസിലാകും. ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ എന്റെ അടുത്ത സുഹൃത്തുകൂടിയായ സത്യൻ അന്തിക്കാട് പറയാറുണ്ട് മമ്മൂട്ടിയെ പടത്തിനു വേണ്ടി സൈൻ ചെയ്താൽ അയാൾ പിന്നെ നിങ്ങളെ ഉറങ്ങാൻ സമ്മതിക്കില്ലെന്ന്. എന്നെ തേടി വരുന്ന ഓരോ ചിത്രവും എന്റെ ആദ്യ ചിത്രമാണ്. ഇതാണ് എന്റെ അവസരം, ഇതാണ് എനിക്ക് അഭിനയിക്കാനുള്ള സാധ്യതകൾ തുറക്കാൻ പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്. അഭിനയിക്കുക മാത്രമല്ല നിർമ്മാതാവിനെ സുരക്ഷിതമാക്കുക എന്നതും അതിന്റെ ഭാഗമാണ്.
ഒരു നടനെന്ന നിലയിൽ എന്നെ പലരും അപമാനിച്ചിട്ടുണ്ട്. എന്നാൽ ഞാൻ അവസാനിക്കാൻ പോകുന്നില്ല എന്ന് ലോകത്തെ എനിക്ക് കാട്ടിക്കൊടുക്കനുള്ള അവസരാമായിട്ടാണ് ഞാൻ നേരിട്ട പരാജയങ്ങളെയെല്ലാം ഞാൻ കണ്ടത്. ഒരു താരമെന്ന് എനിക്ക് തോന്നാറില്ല. എളിമയും വിനയവുമുള്ള ലാളിത്യമുള്ള ഒരാൾ തന്നെയാണ് ഞാനെന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുക പോലുമില്ല. അഭിനയിക്കാനുള്ള ഒരു തൃഷ്ണ എപ്പോഴും എന്റെ മനസിലുണ്ട്. അത് മരിക്കരുതെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അത് എന്നോടൊപ്പം മാത്രമേ മരിക്കുകയുള്ളു.എനിക്ക് കിട്ടുന്ന വേഷങ്ങളോട് അത്യാഗ്രഹമുള്ള മനുഷ്യനാണ് ഞാൻ.
കരിയറിലുടനീളം എനിക്ക് നല്ല ട്രെയിനിങ്ങ് കിട്ടിയിട്ടുണ്ട്. അടിസ്ഥാനപരമായി നിങ്ങളിൽ ഒരു നടനില്ലെങ്കിൽ പ്രൊഫഷണൽ ആക്ടിങ്ങ് പരിശീലനം കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകില്ല. സ്വയം സമർപ്പിക്കുക അതാണ് ഒരു നടന് വേണ്ടത്. ഒരു നടൻ നല്ല നിരീക്ഷകനായിരിക്കണം. നിരീക്ഷിച്ചതിൽ നിന്നും നിങ്ങൾ എന്ത് നിഗമനത്തിലെത്തി എന്നതിലാണ് കാര്യം.
