ഞാന്‍ വിവാഹം കഴിച്ചത് എനിക്ക് പ്രണയം തോന്നിയ ആളെയാണ്: നിങ്ങള്‍ പരിധി വിടുകയാണ്! ഇനി ക്ഷമിക്കില്ല… പൊട്ടിത്തെറിച്ച് പ്രിയാമണി
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു. ഇസ്ലാം മത വിശ്വാസിയായ മുസ്തഫയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് താരത്തിന് സൈബര്‍ ആക്രമണം നേരിട്ടത്. ലവ് ജിഹാദടക്കമുള്ള ആരോപണങ്ങള്‍ പ്രിയാമണിയുടെ വിവാഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി.
തങ്ങളുടെ വിവാഹം ലവ് ജിഹാദാണെന്നും തങ്ങള്‍ക്ക് കുട്ടികളുണ്ടാവുകയാണെങ്കില്‍ അത് ജിഹാദിലൂടെയായിരിക്കുമെന്നും ചിലര്‍ പറഞ്ഞുവെന്നാണ് പ്രിയാമണി പറയുന്നത്. ”ഞാന്‍ ജീവിതത്തിലെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് കടന്നപ്പോഴും വിമര്‍ശനങ്ങള്‍ കേട്ടു. എന്തിനാണ് നിങ്ങളുടെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. നിങ്ങളുടെ കുട്ടികളുണ്ടാവുക ജിഹാദിലൂടെയാണെന്നും ഇത് ലവ് ജിഹാദാണെന്നും പറഞ്ഞു. പറയുന്നത് കേള്‍ക്കൂ, നിങ്ങള്‍ പരിധി വിടുകയാണ്! ഞാന്‍ വിവാഹം കഴിച്ചത് എനിക്ക് പ്രണയം തോന്നിയയാളെയാണ്” പ്രിയാമണി പറയുന്നു.
ഞാന്‍ അവിവാഹിതയായിരുന്നപ്പോള്‍ നിങ്ങള്‍ ദേവതയാണെന്ന് പറഞ്ഞവരാണ്. അതാണ് ഇതാണ് എന്നൊക്കെ പറയും. എനിക്ക് വേണ്ടി എന്തിനും തയ്യാറാകും. പക്ഷെ ഞാന്‍ വിവാഹം കഴിക്കുകയാണെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അതൊക്കെ മാറും. പ്രണയം കാരണമാണ് വിവാഹം കഴിക്കുന്നത്. അയാള്‍ മറ്റൊരു ജാതിയിലോ മതത്തിലോ പെട്ടയാളാണെങ്കില്‍ എന്താണ്? എന്താണ് തെറ്റ്? എന്നാണ് പ്രിയാമണി ചോദിക്കുന്നത്. എല്ലാ മുസ്ലീങ്ങളും ഐസിസ് അല്ല. ലവ് ജിഹാദോ? എന്ത് വിവരക്കേടാണ് പറയുന്നത്. ഗ്രോ അപ്പ്! നമ്മള്‍ ജീവിക്കുന്നതൊരു ആധുനിക ലോകത്താണ്. ഇന്ത്യ മതേതരത്വ രാഷ്ടമ്രാണ്. ഹിന്ദുവും മുസ്ലീം സിഖും സഹോദരങ്ങളാണ് എന്ന് പറയുന്നത് പിന്നെ എന്തിനാണ്? അങ്ങനെ പറയുന്നത് നിര്‍ത്തരുതോ. ഒരു വിഭാഗം അങ്ങനെ പറയുമ്പോള്‍ മറ്റൊരു വിഭാഗം നീ ഹിന്ദുവാണ്, നീ മുസ്ലീമാണെന്ന് പറയും. എന്തിനാണ് വിവരക്കേട് പറയുന്നത്? എന്നും താരം ചോദിക്കുന്നു.
നിങ്ങള്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ നല്ലത്. സന്തോഷമില്ലെങ്കിലും നല്ലത്. നിങ്ങള്‍ സന്തുഷ്ടരല്ലെന്ന് കരുതി നിങ്ങളെ ഞാന്‍ പിടിച്ചിരുത്തി ഇയാളെ ഇഷ്ടപ്പെടണം എന്ന് പറയില്ല. ഇത് എന്റെ ജീവിതമാണ്. അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ തീരുമാനമാണ്. നാളെ ഞാന്‍ വേറൊരാളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാല്‍ നിങ്ങളെന്ത് ചെയ്യും? ഞാനൊരു ഉദാഹരണം പറഞ്ഞതാണ് അല്ലാതെ ചെയ്യുമെന്നല്ലെന്നും പ്രിയാമണി പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയാമണിയുടെ പ്രതികരണം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്രിയാമണി സംസാരിക്കുന്നുണ്ട്. ”പിന്നെ ജീവിതത്തിലൊരു ഘട്ടം വന്നു. കോവിഡിന് ശേഷം. എന്റെ ഭാരം കുറഞ്ഞു. അപ്പോള്‍ ചിലര്‍ പറഞ്ഞത് നിങ്ങളെന്തിനാണ് വണ്ണം കുറച്ചത്, തടിയുള്ളതാണ് ഭംഗിയെന്ന്. ചിലര്‍ പറഞ്ഞത് നിങ്ങളെ ഇപ്പോള്‍ കാണാനാണ് ഭംഗിയെന്നാണ്. 99 ശതമാനും പേരും നല്ല അഭിപ്രായമാണ് പറയുന്നത്. ഒരു ശതമാനം പേരാണ് നെഗറ്റീവ് പറയുന്നത്” എന്നാണ് പ്രിയാമണി പറയുന്നത്.