പ്രതിഫലത്തിൽ മത്സരത്തിനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും
കഴിഞ്ഞ 40 വർഷങ്ങളായി മലയാളത്തിന്റെ നെടുംതൂണുകളാണ് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.
ഇതിനിടയിൽ പലരും വന്നു, പലരും പോയി. എന്നാലും തലയെടുപ്പോടെ നിലയുറപ്പിച്ച് തന്നെയാണ് ഇന്നും രണ്ട് കൊമ്പന്മാരുടെയും നില്പ്.
ഇരുവരും ഇന്ത്യൻ സിനിമയുടെ തന്നെ താരമൂല്യമുള്ള നടന്മാരാണ്. ഒരു സിനിമയ്ക്ക് 3 കോടി മുതൽ 5 കോടി വരെയാണ് ഇരുവരും പ്രതിഫലമായി വാങ്ങാറുള്ളത് എന്നാണ് റിപ്പോർട്ടുകൾ. പുലിമുരുകൻ, ജനതാ ഗാരേജ് പോലെയുള്ള തെലുങ്ക് ചിത്രങ്ങൾ, തമിഴ് ചിത്രങ്ങൾ എന്നിവയിലൂടെ മോഹൻലാലിന്റെ പ്രതിഫലം 5 മുതൽ 6 കോടി വരെയായി ഉയർന്നിരുന്നു.
അതേ സമയം,തമിഴ് ചിത്രം പേരൻപിന്റെ വിജയവും, അബ്രഹാമിൻറെ സന്തതികൾ എന്ന സിനിമയുടെ അസാധാരണ വിജയവും മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയർത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. കൂടാതെ ഒട്ടേറെ വമ്പൻ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി ഇപ്പോൾ.
തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണവും പുരോഗമിക്കുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ പ്രതിഫലം അഞ്ചുകോടി മുതൽ ഏഴുകോടി വരെയാണെന്നാണ് ലഭ്യമാകുന്ന ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
മറ്റ് ചില താരങ്ങളെ പോലെ ചിത്രത്തിൻറെ ലാഭവിഹിതം, പ്രത്യേക ഏരിയകളിലെ വിതരണാവകാശം എന്നീ നിലകളിൽ മമ്മൂട്ടി നിലവിൽ പ്രതിഫലം കൈപ്പറ്റുന്നില്ല. എന്നാൽ ഭാവിയിൽ ആ രീതിയിലും മെഗാസ്റ്റാർ പ്രതിഫലം വാങ്ങാൻ സാധ്യത കാണുന്നുണ്ട്. ലാൽ ജോസ്, രഞ്ജിത്, സിദ്ദിക്ക്, രമേഷ് പിഷാരടി, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരുടെ സിനിമകളും ഈ വർഷം മമ്മൂട്ടി പരിഗണിക്കുന്നുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപ്പക്കി എന്ന മോഹൻലാൽ കഥാപാത്രം ആരാധക പ്രശംസ നേടിയിരിക്കുകയാണ്. ചിത്രത്തിൽ നായകനായെത്തിയ നിവിൻ പോളിയെക്കാൾ വെറും 20 മിനിറ്റ് മാത്രം സ്ക്രീനിലെത്തുന്ന ഇത്തിക്കരപ്പക്കിയെയാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടത്.
ഇത്തിക്കരപ്പക്കിക്കൊപ്പം ഒടിയൻ മാണിക്യനും കൂടിയെത്തുമ്പോൾ മോഹൻലാൽ വീണ്ടും തന്റെ പ്രതിഫലം ഉയർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മലയാളത്തിന്റെ രണ്ട് സൂപ്പർ താരങ്ങളും തമ്മിൽ പ്രതിഫലക്കാര്യത്തിലും ഒരു കിടമത്സരം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.