Articles
അപ്രതീക്ഷിത ഹിറ്റുകൾ.., മലയാള സിനിമയുടെ ശുക്രനുദിച്ച വർഷം; 2024ലെ ചില മികച്ച മലയാളം ചിത്രങ്ങൾ ഇതാ!
അപ്രതീക്ഷിത ഹിറ്റുകൾ.., മലയാള സിനിമയുടെ ശുക്രനുദിച്ച വർഷം; 2024ലെ ചില മികച്ച മലയാളം ചിത്രങ്ങൾ ഇതാ!
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക് 2024 ലാണ് ശുക്രനുദിച്ചത്. ആവിഷ്കാരം കൊണ്ടും പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും ഏറെ ചർച്ചയായ ഹിറ്റായ ചിത്രങ്ങളാണ് പുറത്തെത്തിയത്. യുവതാര ചിത്രങ്ങളും, പുതുമുഖ ചിത്രങ്ങളും, യുവ സംവിധാകരും, പരീക്ഷണ ചിത്രങ്ങളും ഒരുപോലെ വിജയം കണ്ട വർഷം കൂടിയാണ് 2024.
ബോക്‌സ് ഓഫീസ് ഹിറ്റുകൾ മാത്രമല്ല, ദേശീയ അന്താരാഷ്‌ട്ര അവാർഡുകൾ വരെ ഈ വർഷം മലയാള സിനിമകൾ സ്വന്തമാക്കി. 2023 ൽ വിജയം 13 ശതമാനം മാത്രമായിരുന്നെങ്കിൽ 2024 ൽ 29 ശതമാനമായി ഉയർന്നിട്ടുണ്ടെന്നാണ് ഫിയോക്കിന്റെ റിപ്പോർട്ട്. ഇതുവരെ 206 ചിത്രങ്ങളാണ് ഈ വർഷം റിലീസിനെത്തിയ ചിത്രങ്ങൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ഫാന്റസി ത്രീഡി ബറോസ് ക്രിസ്മസ് റിലീസായി എത്തുന്നതോടെ 207 ആകും.
ഈ വർഷത്തെ ചില മികച്ച ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം;
മഞ്ഞുമ്മൽ ബോയ്സ്
സൂപ്പർ താര അകമ്പടിയോടെ അല്ലാതെ ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറിയത്. മിഴിലും മികച്ച വിജയം നേടാൻ കഴിഞ്ഞതാണ് റെക്കോർഡ് കളക്ഷൻ നേടാൻ കാരണം. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പുറപ്പെടുന്നതും തുടർന്ന് അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം.
ഡെവിൾസ് കിച്ചൺ, ഗുണ കേവ്സ് എന്നൊക്കെ അറിയപ്പെടുന്ന ഗൂഢതകൾ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ഖാലിദ് റഹ്‌മാൻ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാനേമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
പ്രേമലു
യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. ഇന്ത്യയൊട്ടാകെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിൻറെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. കേരളത്തിൽ നിന്നും യുഎസിലേയ്ക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കരൻ, ഹൈദരാബാദിൽ എത്തുകയും അവിടെ വെച്ച് ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നതോടെ സംഭവിക്കുന്ന നർമ്മം നിറഞ്ഞ ഒരു പ്രണയ ചിത്രമാണ് പ്രേമലു.
അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ്. പ്രേമലുവിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയയും ആണ്.
ആടുജീവിതം
മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രത്തിൽ വമ്പൻ മേക്കോവറുകളാണ് പൃഥ്വിരാജ് നടത്തിയത്. വർഷങ്ങളായുള്ള കഠിനപ്രയത്നത്തിന്റെ ഫലമായിരുന്നു ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങൾ. യഥാർത്ഥ ജീവിതം അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമെത്തിയത്. നജീവ് എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജ് ആണ്. അമല പോളാണ് നായികയായി എത്തിയത്. ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും 10 വർഷത്തെ കഠിനാധ്വാനമാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരുന്നു ഇത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തിയത്.
ഭ്രമയുഗം
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയുഗം. ആവിഷ്കാരത്തിലെ വ്യത്യസ്തത കൊണ്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങളുടെ ഭംഗി, മറ്റൊന്നിനെ കൊണ്ടും മറികടക്കാൻ കഴിയാത്ത ഒന്നാണെന്ന് സംവിധായകൻ ഈ ചിത്രത്തിലൂടെ കാട്ടിത്തന്നു.
മമ്മൂട്ടിയ്ക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽഡാ ലിസ് എന്നിവരാണ് അഭിനയിച്ചത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
ആവേശം
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തി വമ്പൻ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. ടൈറ്റിൽ ലുക്ക് മുതൽ പ്രേക്ഷകർക്കിടയിൽ പേരുപോലെതന്നെ ഒരു ആവേശം സൃഷ്ടിക്കുന്നതിലും ചിത്രം വിജയം നേടിയിരുന്നു. ബംഗളൂരുവിലെ ഒരു എൻജിനീയറിംഗ് കോളെജിൽ പഠിക്കാനെത്തുന്ന ഒരുകൂട്ടം മലയാളി വിദ്യാർഥികൾ. സീനിയർ വിദ്യാർഥികളുടെ റാഗിംഗിൽ നിന്ന് രക്ഷപ്പെടാൻ ലോക്കൽ സപ്പോർട്ട് അന്വേഷിച്ചിറങ്ങുന്നതും ഗ്യാങ്സ്റ്ററായ രംഗണ്ണന് മുന്നിലെത്തിപ്പെടുതുമെല്ലാമാണ് ഇതിവൃത്തം. ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരും ചിത്രത്തിലുണ്ട്.
ടർബോ
മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്ത് പുറത്തെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം എത്തിയത്.
ഗുരുവായൂർ അമ്പലനടയിൽ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. ദുബായിൽ ജോലി ചെയ്യുന്ന വിനു രാമചന്ദ്രനും അഞ്ജലിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അഞ്ജലിയുടെ സഹോദരൻ ആനന്ദുമായി വിനു അടുത്ത ബന്ധം സ്ഥാപിക്കുന്നു.
വിനുവിൻ്റെ മുൻകാല പ്രണയബന്ധത്തിന്റെ പിരിമുറുക്കത്തിൽ നിന്ന് മുക്‌തനാകാൻ ആനന്ദ് വിനുവിനെ സഹായിക്കുന്നു. എന്നാൽ വിനുവിൻ്റെ ചില സത്യങ്ങൾ ആനന്ദ് അറിയുന്നതോടെ കഥ വഴിതിരിയുന്നതുമാണ് പ്രമേയം. പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
അജയന്റെ രണ്ടാം മോഷണം
മൂന്ന് വ്യത്യസ്‌ത തലമുറകളിലൂടെ, വ്യത്യസ്തമാർന്ന ഗെറ്റപ്പിലെത്തുന്ന ടൊവിനോ തോമസിൻറെ വൈവിധ്യമാർന്ന പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രമാണ് അജയൻറെ രണ്ടാം മോഷണം. ബോക്‌സ് ഓഫീസിൽ ചരിത്ര വിജയമാണ് ചിത്രം നേടിയത്. മലയാളം , ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിൽ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ആഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
നവംബർ എട്ടിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.
കിഷ്കിന്ധാകാണ്ഡം
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിഷ്കിന്ധാകാണ്ഡം. കെട്ടുറപ്പുള്ള തിരക്കഥയും അതിന് പിൻബലമേകുന്ന സംവിധാനവും കൂടാതെ താരങ്ങളുടെ ഗംഭീര പ്രകടനവുമാണ് കിഷ്കിന്ധാകാണ്ഡം ഇത്രമാത്രം പ്രേക്ഷക സ്വീകാര്യത നേടാനുള്ള കാരണം. ആസിഫ് അലിയേയും വിജയരാഘവനെയുമൊക്കെ അവർ അർഹിക്കുന്ന വിധത്തിൽ ഉപയോഗിച്ചുവെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം.
ആസിഫ് അലിയെക്കൂടാതെ അപർണ്ണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 12-ന് ഓണം റിലീസായി ആണ് ചിത്രം എത്തിയത്.
എബ്രഹാം ഓസ്‍ലർ
ജയറാം പ്രധാന കഥാപാത്രത്തിലെത്തിയ മിഥുൻ മാനുവൽ തോമസ് ചിത്രമാണ് എബ്രഹാം ഓസ്‍ലർ. ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ച് വന്ന ചിത്രമായിരുന്നു ഇത്. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് എബ്രഹാം ഓസ്ലർ.
ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ.
ബോഗൻവില്ല
ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ബോഗെയ്ൻവില്ല. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ഒരേസമയം നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ചിത്രത്തിനായി. 2024 ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ലാജോ ജോസിൻ്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണ് ബോഗെയ്ൻവില്ല. ലാജോ ജോസിനൊപ്പം അമൽ നീരദും തിരക്കഥയെഴുത്തിൽ പങ്കാളിയായി. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. സുഷിൻ ശ്യാം ആണ് സംഗീതം നൽകിയത്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ, ജിനു ജോസഫ്, നിഷ്താർ സെയ്ത്, ഷോബി തിലകൻ, വിജിലേഷ് കാരയാട്, ആതിര പട്ടേൽ, വർഷ രമേഷ്, ഗീതി സംഗീത, നവീന വി എം, രോഹിനി രാഹുൽ എന്നിവരും ചിത്രത്തിലുണ്ട്.
സൂക്ഷ്മദർശിനി
ബേസിൽ ജോസഫ്–നസ്രിയ നസീം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സൂക്ഷ്മദർശിനി’. മാനുവൽ ആയി എത്തുന്ന ബേസിൽ ജോസഫും ഇതുവരെ ചെയ്യാത്തൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരുന്നു. ത്രില്ലിങ് ആയ നിമിഷങ്ങളും ഉദ്വേഗം നിറയ്ക്കുന്ന സീക്വൻസുകളും നിറഞ്ഞതാണ് ചിത്രം. അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
നോൺസെൻസ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
