Connect with us

‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ?’, കെ.പി.എ.സി ലളിതയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

Articles

‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ?’, കെ.പി.എ.സി ലളിതയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

‘ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ?’, കെ.പി.എ.സി ലളിതയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ നടി ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ശേഷമാണ് വിട പറയുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത എന്ന മഹേശ്വരി ജനിച്ചത്.

തുടര്‍ന്ന് പഠനകാലങ്ങളില്‍ തന്നെ ഗായികയായും നര്‍ത്തകിയായും പിന്നീട് നാടകങ്ങളിലൂടെ സിനിമയിലേയ്‌ക്കെത്തിയും താരം തിളങ്ങി നില്‍ക്കുകയായിരുന്നു. കെപിഎസി ലളിത അഭിനയിച്ച് തകര്‍ത്ത അനേകായിരം കഥാപാത്രങ്ങള്‍…, ഇന്നും മലയാളികളുടെ മനസില്‍ നിന്നും മായാത്ത ആ ചിത്രങ്ങള്‍ തന്നെയാണ് കെപിഎസി ലളിത എന്ന കലാകാരിയുടെ വിജയവും. മലയാള സിനിമയിലെ ഒരു തീരാ നഷ്ടം തന്നെയാണ് ലളിത.

കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിമകളില്‍ വേഷ പകര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞാടി.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്.

സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്നിരുന്നത് നടന്‍ ഇന്നസെന്റുമായുള്ള കോമ്പിനേഷന്‍ ആയിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി മാറുകയായിരുന്നു.

അതുപോലെ തന്നെ നാരായണി എന്നു പേരു കേള്‍ക്കുമ്പോള്‍ ബഷീറിന്റെ നാരായണിയും മതിലുകള്‍ക്കപ്പുറത്തെ ലളിതയുടെ ശബ്ദവുമല്ലാതെ മറ്റെന്താണ് മലയാളിക്ക് ഓര്‍മ്മ വരിക.

ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?

പ്രിയപ്പെട്ട നാരായണി മരണത്തെപ്പറ്റി ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല…

ആര് എപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ…

ഞാനായിരിക്കും ആദ്യം മരിക്കുക…

അല്ല ഞാനായിരിക്കും… എന്നെ ഓര്‍ക്കുമോ?

ഓര്‍ക്കും…

ഈ വാക്കുകള്‍ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വിസ്മയം സൃഷ്ടിച്ച നടിയാണ് കെ.പി.എ.സി ലളിത. ബഷീറിനെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ നാരായണി എത്തിയത് ലളിതയുടെ ശബ്ദത്തിലായിരുന്നു. പരസ്പരം കാണാതെ പ്രണയത്തിലാകുന്ന ബഷീറും നാരായണിയും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു.

1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.1998 ല്‍ ഭര്‍ത്താവിന്റെ നിര്യാണത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്‌കാരം ഈ നടിയെത്തേടിയെത്തി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം.

നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. കഥാപാത്രങ്ങള്‍ തന്മയത്തത്തോടെ കൈകാര്യം ചെയാനുള്ള കഴിവ് ലളിത എന്ന അഭിനയത്രിയുടെ മാറ്റ് കൂട്ടി. അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സിനിമ ആസ്വാദകരുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കുന്നതാണ്.

More in Articles

Trending

Recent

To Top