Articles
2023 ലെ അപ്രതീക്ഷിത ഹിറ്റുകള്‍; വിജയങ്ങള്‍ കൊണ്ടുവന്നത് നവാഗത സംവിധായകര്‍
2023 ലെ അപ്രതീക്ഷിത ഹിറ്റുകള്‍; വിജയങ്ങള്‍ കൊണ്ടുവന്നത് നവാഗത സംവിധായകര്‍
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍ കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കിട്ടിയ വര്‍ഷവുമായിരുന്നു. നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ 2018 സിനിമയുടെ ഓസ്‌കര്‍ എന്‍ട്രിയെക്കുറിച്ചുതന്നെ ആദ്യം പറയണം.
2018
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയാണ് 2018 തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പുറത്തായെങ്കിലും കേരളം ഒരിക്കലും മറക്കാത്ത 2018 ലെ പ്രളയവും അതിജീവനവും പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആയിരുന്നു 2018 ലെ ഹീറോ. കുഞ്ചാക്കോ ബോബന്‍, ടോവിനോ, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, ഗൗതമി നായര്‍, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
രോമാഞ്ചം
2023ലെ ആദ്യ വിജയം സ്വന്തമാക്കിയ ചിത്രം ‘രോമാഞ്ചം’ആയിരുന്നു.നവാഗതനായ ജീത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തി. ജനുവരിയിലെ ക്ഷീണം തീര്‍ക്കാന്‍ ഈ ചിത്രത്തിനായി. 42 കോടി കേരളത്തില്‍നിന്ന് നേടിയ ചിത്രം ആഗോളതലത്തില്‍ നിന്ന് 70 കോടിയില്‍ കൂടുതല്‍ നിര്‍മാതാവിന് നേടിക്കൊടുത്തു.
ആര്‍ഡിഎക്‌സ്
ഈ വര്‍ഷത്തെ ഓണം വിന്നര്‍ ആര്‍ഡിഎക്‌സ് ആണെന്ന് നിസംശയം പറയാം. 100 കോടി കളക്ഷന്‍ ചിത്രം നേടി. റിയലിസ്റ്റിക് ഡ്രാമ സിനിമകളുടെ ട്രാക്ക് മാറ്റി മോളിവുഡ് ആക്ഷന്‍ പായ്ക്ക്ഡ് മാസ്സ് മസാല ചിത്രങ്ങളെ സ്‌നേഹിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ‘ആര്‍ഡിഎക്‌സ്’ മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. 2023ല്‍ മുതല്‍ പിറന്ന മികച്ച ഒരു അടിപടമായി മാറി ആര്‍ഡിഎക്‌സ്.
ഗരുഡന്‍
മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്ത ‘ഗരുഡന്‍’ ഈ വര്‍ഷത്തെ സ്ലീപ്പര്‍ ഹിറ്റ് ചിത്രമായി മാറി. ഏഴു കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 17 കോടിക്ക് മുകളില്‍ നേടി.
കണ്ണൂര്‍ സ്‌ക്വാഡ്
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്‌ക്വാഡ്’ സൈലന്റായി വന്ന് ഹിറ്റടിച്ച ചിത്രമാണ്. വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററില്‍ ആളിക്കത്തി. വേള്‍ഡ് വൈഡ് ബിസിനസ് നൂറു കോടി കടന്നതായി നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ബോക്‌സോഫീസില്‍ നിന്ന് 80 കോടിയിലധികം നേടാനും മമ്മൂട്ടി പോലീസ് റോളിലെത്തിയ ചിത്രത്തിന് സാധിച്ചു.
നെയ്മര്‍
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘നെയ്മര്‍’ മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. കോമഡി ഡ്രാമ 2023ലെ സ്ലീപ്പര്‍ ഹിറ്റാണ്. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ നിന്ന് ഈ കുഞ്ഞ് സിനിമ 10 കോടിയില്‍ കൂടുതല്‍ നേടിയിരുന്നു. മൂന്നു കോടിയോളം ആണ് സിനിമയുടെ ബജറ്റ്.
മധുര മനോഹര മോഹം
വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു മധുര മനോഹര മോഹം.പ്രമുഖ വസ്ത്രാലങ്കാരക സ്‌റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റ ചിത്രം ജൂലൈയില്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. നാലു കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍നിന്ന് 7 കോടിയും ആഗോളതലത്തില്‍ നിന്ന് 10 കോടി നേടി വിജയമായി.
നേര്
വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെയെത്തി ബോക്‌സോഫീസില്‍ തേരോട്ടം തുടരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ‘നേര്’. ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനശ്വര രാജന്റെ പ്രകടനവും കൈയടി നേടുന്നുണ്ട്. ക്രിസ്മസ് റിലീസായെത്തിയ ചിത്രം 60 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുകയാണ്.
ഇതിനെല്ലാം പുറമേ മമ്മൂട്ടി നായകനായെത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കാതല്‍’ എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പ്രശംസ നേടുകയും വിജയം നേടുകയും ചെയ്ത ചിത്രങ്ങളാണ്. ചലച്ചിത്ര മേളകളിലും ഈ ചിത്രങ്ങള്‍ ശ്രദ്ധ നേടി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ പകര്‍ന്നാട്ടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. ജിയോ ബേബി ഒരുക്കിയ ‘കാതല്‍’ എന്ന ചിത്രം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു.
അര്‍ജുന്‍ അശോകന്‍ നായകനായ നിഖില്‍ മുരളി ചിത്രം ‘പ്രണയവിലാസം’, ബേസില്‍ നായകായെത്തിയ നിതീഷ് സഹദേവ് ചിത്രം ‘ഫാലിമി’, ഫഹദ് അഖില്‍ സത്യന്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’, വിജയരാഘവന്‍ ഗംഭീര പ്രകടനം നടത്തിയ ഗണേഷ് രാജ് ചിത്രം ‘പൂക്കാലം’, തുടങ്ങിയ ചിത്രങ്ങള്‍ ഭേദപ്പെട്ട വിജയം നേടിയിരുന്നു. ഇരട്ട, ജാനകി ജാനേ, രേഖ, മദനോത്സവം, തങ്കം, ഒ ബേബി, ഫീനിക്‌സ്, ഫിലിപ്പ്‌സ് തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു.