Interviews
ആ വീട്ടിൽ വച്ചാണ് ഞാൻ എന്റെ ജാതിയെ കുറിച്ചറിയുന്നത് – ശ്രീനിവാസൻ
ആ വീട്ടിൽ വച്ചാണ് ഞാൻ എന്റെ ജാതിയെ കുറിച്ചറിയുന്നത് – ശ്രീനിവാസൻ
By
ആ വീട്ടിൽ വച്ചാണ് ഞാൻ എന്റെ ജാതിയെ കുറിച്ചറിയുന്നത് – ശ്രീനിവാസൻ
ജാതി മത വിശ്വാസങ്ങൾക്കെതിരെയാണ് താനെന്നു വ്യക്തമാക്കി ശ്രീനിവാസൻ. ആദ്യമായും അവസാനമായും അമ്പലത്തില്‍ പോയത് ശബരിമലയിലേക്കായിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു . ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീനിവാസന് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമാക്കാര്‍ക്കിടയില്‍ ഉളളത് നിലനില്‍പ്പിനു വേണ്ടിയുള്ള വിശ്വാസമാണെന്നും ശ്രീനവാസന് പറയുന്നു.
‘ജാതിയും മതവുമൊന്നും ഒരുക്കലും എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റില്‍ ജാതി, മതം എഴുതിയിട്ടുണ്ട് എന്നു മാത്രമേയുള്ളു. ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഞാന്‍ എന്റെ ജാതിയെക്കുറിച്ച് അറിയുന്നതുതന്നെ തിരുവനന്തപുരത്തുവച്ചാണ്. ഒരു വീട്ടില്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ എനിക്ക് മാത്രം വലിയ സല്‍ക്കാരം കിട്ടി. വീട്ടുകാര്‍ വലിയ പരിഗണന തന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു, എന്താ ഇങ്ങനെ എനിക്കു മാത്രം ഒരു പരിഗണന. അപ്പോള്‍ അയാള്‍ പറഞ്ഞു: അത് നമ്മുടെ ആളാ എന്നവര്‍ പറയുന്നുണ്ടായിരുന്നു എന്ന്. അങ്ങനെയാണ് ഞാന്‍ ജാതിയെക്കുറിച്ച് തിരിച്ചറിയുന്നത്. എനിക്ക് ഒരിക്കലും ജാതി ഒരു ആവശ്യമായോ പരിഗണനയായോ വന്നിട്ടില്ല.
അമ്പലങ്ങളിലോ ദൈവങ്ങള്‍ക്ക് മുമ്പിലോ ഞാന്‍ തൊഴുതിട്ടില്ല. അത്തരം ശീലങ്ങള്‍ എനിക്കില്ല. ഒരു രസകരമായ അനുഭവം പറയാം. ചിന്താവിഷ്ടയായ ശ്യാമളയുടെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് ശബരിമലയില്‍ വെച്ചായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഒരിടത്ത് ഞാനിരിക്കുകയായിരുന്നു. ഒരാള്‍ വന്നു ചോദിച്ചു, സന്നിധാനത്ത് പോകണ്ടേയെന്ന്. ഞാന്‍ പറഞ്ഞു, വ്രതമൊന്നും എടുത്തിട്ടില്ല. ഷൂട്ടിങ്ങല്ലേ അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, സാരമില്ല ഞാന്‍ കൂടെ കൊണ്ടുപോകാമെന്ന്.
എന്തായാലും ഷൂട്ടിങ്ങ് നടക്കണമല്ലോ. ഞാന്‍ കൂടെ വരാമെന്ന് പറഞ്ഞു. അദ്ദേഹം സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയ തിരക്കായിരുന്നു അവിടെ. തിരക്കില്‍ നിന്നൊക്കെ എന്നെ മാറ്റിനിര്‍ത്തി, ശ്രീകോവിലിനു മുന്പിലെത്തിച്ചു. വിശദമായി തൊഴുതുകൊള്ളാന്‍ പറഞ്ഞു. നന്നായി പ്രാര്‍ത്ഥിച്ചോളൂ എന്നും പറഞ്ഞു. എനിക്ക് എന്ത് പ്രാര്‍ത്ഥിക്കാന്‍? എനിക്കൊന്നും ആഗ്രഹിക്കാനില്ലല്ലോ. ഞാന്‍ പെട്ടെന്ന് പുറകോട്ട് മാറി. അപ്പോഴും അദ്ദേഹം പറഞ്ഞു. കുറേ നേരം കൂടി നിന്നോളൂ എന്ന്. ഞാനാകെ പെട്ടുപോയി. ഞാന്‍ ആദ്യമായും അവസാനമായും ഒരു അമ്പലത്തില്‍പ്പോയി തൊഴുതത് അപ്പോഴാണ്.
വീടിനടുത്ത് എന്റെ ചെറുപ്പക്കാലത്ത് ക്ഷേത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ക്ഷേത്രത്തില്‍ പോകേണ്ട കാര്യമില്ലായിരുന്നു. മറ്റ് കലാതാല്‍പ്പര്യങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ദൈവവിശ്വാസത്തെക്കുറിച്ചൊക്കെ ഒരുപാട് സംസാരിക്കേണ്ടതുണ്ട്. ഓരോരുത്തരും ആവശ്യം വരുമ്പോഴാണ് ദൈവത്തെ തേടുന്നത്. ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവം വേണം. ഇല്ലാത്തപ്പോള്‍ വേണ്ട. ഇത്തരമൊരു വിചിത്ര പരിപാടിയാണ് വിശ്വാസം. സത്യത്തില്‍ നാം മനുഷ്യനിലാണ് വിശ്വസിക്കേണ്ടത്.
കുറച്ച് പണം മുടക്കി കുറഞ്ഞ കാലം കൊണ്ട് പേരെടുക്കാവുന്ന വ്യവസായമാണ് സിനിമ. പണവും പ്രശസ്തിയും സിനിമയിലുണ്ട്. അത് തകരുമോ എന്ന ഭയം കൊണ്ടാണ് വലിയ വിശ്വാസത്തിലേക്ക് പോകുന്നത്. നിലനില്ക്കാന് വേണ്ടിയുള്ള വിശ്വാസമാണത്’. ശ്രീനിവാസന് പറയുന്നു.
sreenivasan about cast and religion
