സംവിധായകൻ ലാൽജോസിനോട് നായക വേഷം ചോദിച്ചു വാങ്ങിയ മമ്മൂട്ടി
സംവിധായകൻ ലാൽ ജോസിനോട് നായക വേഷം ചോദിച്ചു വാങ്ങിയ മമ്മൂട്ടി.
സഹ സംവിധായകനായിട്ടായിരുന്നു സിനിമയിൽ ലാൽ ജോസിന്റെ തുടക്കം. 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാൽ ജോസ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്.
മെഗാതാരം മമ്മൂട്ടിയായിരുന്നു ലാൽ ജോസിന്റെ ആദ്യ സിനിമയിലെ നായകൻ.തന്റെ ആദ്യ സിനിമയുടെ പിറവിയെക്കുറിച്ച് ലാൽ ജോസ് രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയുണ്ടായി.
പല സംവിധായകരുടെയും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്ത് സ്വന്തമായി ഒരു സിനിമ ചെയ്യാൻ ലാൽജോസ് പദ്ധതിയിട്ടപ്പോൾ നടൻ ശ്രീനിവാസനുമായി ചേർന്ന് പല കഥകളും ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യാനപാലകൻ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി ലാൽജോസ് പ്രവർത്തിക്കുന്നത്.
മമ്മൂട്ടി നായകനായ ഉദ്യാന പാലകന്റെ ഷൂട്ടിംഗ് നടന്നു വരവെ ഒരു ദിവസം മമ്മൂട്ടി ലാൽ ജോസിനോട് ശ്രീനിവാസനുമായിട്ടുള്ള സിനിമാ പരിപാടി എന്തായി എന്ന് ചോദിച്ചു. ചില കഥകളൊക്കെ രൂപപ്പെടുത്തി ക്കൊണ്ടിരിക്കുകയാണെന്ന കാര്യം ലാൽജോസ് പറഞ്ഞപ്പോൾ “നിൻറെ സിനിമയിലെ നായകന് എൻറെ ഛായയുണ്ടെങ്കിൽ ഞാൻ അഭിനയിക്കാൻ ഡേറ്റ് തരാം” എന്ന് മമ്മൂട്ടി പറഞ്ഞു.
എന്നാൽ താനൊരു നല്ല സംവിധായകൻ എന്ന നിലയിൽ പ്രൂവ് ചെയ്തിട്ടുമതി ഡേറ്റ് എന്നായിരുന്നു ലാൽജോസ് നൽകിയ മറുപടി. എന്നാൽ മമ്മുട്ടി അത് സംസാരിച്ചത് സീരിയസായിട്ടു തന്നെയായിരുന്നു എന്നു മനസ്സിലായത് “ നിൻറെ ആദ്യത്തെ സിനിമയിൽ ഞാൻ തന്നെയായിരിക്കും നായകൻ” എന്ന് കൂടി മമ്മൂട്ടി പറഞ്ഞത് കേട്ടപ്പോഴാണ്.
തുടർന്ന് മമ്മൂട്ടി തന്റെ ചിത്രത്തിൽ അഭിനയിക്കാൻ റെഡിയായി വന്നതോടെ ആദ്യം തീരുമാനിച്ച ഒരു കഥ മമ്മൂട്ടിയ്ക്ക് വേണ്ടി കുറച്ചു മാറ്റങ്ങൾ വരുത്തി എടുക്കുകയായിരുന്നു എന്നു ലാൽജോസ് പറഞ്ഞു. അങ്ങിനെയാണ് മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് എന്ന ചിത്രം പിറന്നത്.
.