Articles
ആര്യന് ഖാനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ നല്കിയ 50 ലക്ഷം എവിടെ പോയി…. മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പൂജ ദദ്ലാനിയെ വിളിപ്പിച്ചു; കെപി ഗോസാവിക്കും സംഭവവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ആര്യന് ഖാനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ നല്കിയ 50 ലക്ഷം എവിടെ പോയി…. മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പൂജ ദദ്ലാനിയെ വിളിപ്പിച്ചു; കെപി ഗോസാവിക്കും സംഭവവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ആര്യന് ഖാന് പണം തട്ടിയ കേസില്‍ മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പൂജ ദദ്ലാനിയെ വിളിപ്പിച്ചു.
ആര്യന് ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (സെറ്റ്) ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. കെപിഗോസാവിക്കും സംഭവവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഗോസാവിയും ദദ്ലാനിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചിക്കി പാണ്ഡെയും പങ്കെടുത്തിരുന്നതിനാല്‍ മുംബൈ പോലീസ് അദ്ദേഹത്തെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് കാണിച്ച് പാണ്ഡെ പോലീസിന് മുന്നില്‍ ഹാജരായിരുന്നില്ല.
മൊഴി രേഖപ്പെടുത്താന്‍ സാക്ഷി എന്ന നിലയില്‍ ദാദ്ലാനിക്ക് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ അവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ലെന്ന് മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച ദാദ്ലാനിയെ വിളിച്ചുവരുത്തി, ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ പോകുന്ന കൃത്യമായ സമയം ദദ്ലാനി നല്‍കിയിട്ടില്ലെങ്കിലും എത്രയും വേഗം സന്ദര്‍ശിക്കാന്‍ പോലീസുകാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 15ഓളം മൊഴികളാണ് മുംബൈ പോലീസ് രേഖപ്പെടുത്തിയത്.
ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. നീല മെഴ്സിഡസ് ബെന്‍സ് കാറിലാണ് പൂജ ദദ്ലാനി ലോവര്‍ പരേലില്‍ എത്തിയത്.
രണ്ട് ഇന്നോവ കാറുകളും ഈ സമയം സ്ഥലത്തെത്തിയിരുന്നു. കാറില്‍നിന്നിറങ്ങിയ പൂജ മറ്റു കാറുകളില്‍ വന്ന ഗോസാവി ഉള്‍പ്പെടയുള്ളവരുമായി സംസാരിക്കുന്നതും പിന്നീട് എല്ലാവരും സ്വന്തം കാറുകളില്‍ മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മുംബൈ ലോവര്‍ പരേലില്‍വെച്ച് പൂജയും ഗോസാവിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. ഇതനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് ഒരു യുവതി കാറില്‍വരുന്നതിന്റെയും മറ്റു കാറുകളില്‍ വന്നവരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍ ആര്യന് ഖാനെ ലഹരിമരുന്ന് കേസില്‍നിന്ന് ഒഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനി 50 ലക്ഷം രൂപ കെ.പി. ഗോസാവിക്ക് നല്‍കിയിരുന്നതായി സാം ഡിസൂസ വെളിപ്പെടുത്തി. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായിനിന്നയാളാണ് സാം ഡിസൂസ. ഒക്ടോബര്‍ മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു ഈ കൂടിക്കാഴ്ച. പൂജയും ഭര്‍ത്താവും ഗോസാവിയും താനും ലോവര്‍ പരേലില്‍വെച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്യങ്ങള്‍ നേരിട്ട് കണ്ട് സംസാരിച്ചത്. എന്നാല്‍ ഗോസാവി തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ഈ പണം താന്‍ മുന്‍കൈയെടുത്ത് തിരികെ നല്കി, തുടര്‍ന്ന് താന്‍ അവിടെനിന്ന് മടങ്ങി.
അല്പസമയത്തിന് ശേഷമാണ് ഗോസാവി പൂജ ദദ്ലാനിയില്‍നിന്ന് 50 ലക്ഷം രൂപം വാങ്ങിച്ചെന്ന വിവരമറിയുന്നത്. ഈ ഇടപാടില്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി. നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സാം ഡിസൂസയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു.
കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവി ദിവസങ്ങള്‍ക്ക് മുമ്പ് പുണെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കപ്പലിലെ ലഹരിപാര്‍ട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബര്‍ ഒന്നാം തീയതി തന്നെ വിവരം ലഭിച്ചിരുന്നതായും ഡിസൂസ വെളിപ്പെടുത്തി. ഒക്ടോബര്‍ ഒന്നാം തീയതി സുനില്‍ പാട്ടീല്‍ എന്നയാളാണ് കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.ബി. ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നു.
കപ്പലില്‍നിന്ന് ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും പറഞ്ഞു. തുടര്‍ന്നാണ് പൂജ ദദ്ലാനിയെ വിളിച്ചുനല്‍കിയതെന്നും ഡിസൂസ വ്യക്തമാക്കി. താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. തനിക്ക് അത്തരം ഇടപാടുകളില്ലെന്നും ബിസിനസുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.
