Bollywood
സ്വര്‍ണ്ണം കൊണ്ടാണോ ഇത് ഉണ്ടാക്കിയത്; ആര്യന്‍ ഖാന്റെ വസ്ത്ര ബ്രാന്‍ഡിന് ട്രോളുകളുടെ പെരുമഴ
സ്വര്‍ണ്ണം കൊണ്ടാണോ ഇത് ഉണ്ടാക്കിയത്; ആര്യന്‍ ഖാന്റെ വസ്ത്ര ബ്രാന്‍ഡിന് ട്രോളുകളുടെ പെരുമഴ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താര പുത്രനാണ് ആര്യന്‍ ഖാന്‍. ആര്യന്‍ ആഡംബര ബ്രാന്‍ഡായ ‘ഡി യാവോള്‍ എക്‌സ്’ സ്ഥാപിച്ചപ്പോള്‍ വലിയ വാര്‍ത്തയായിരുന്നു അത്. ഈ ബ്രാന്റിന്റെ ആദ്യ പരസ്യത്തില്‍ എത്തിയത് ആകട്ടെ പിതാവ് സാക്ഷല്‍ ഷാരൂഖും. എന്നാല്‍ ഈ ബ്രാന്റിന്റെ കീഴില്‍ ആദ്യം പുറത്തിറക്കിയത് സ്ട്രീറ്റ് വെയര്‍ വസ്ത്രങ്ങളാണ്.
എന്നാല്‍ ഇവയുടെ വില പ്രഖ്യാപിച്ചതോടെ സൈബര്‍ ലോകം ഞെട്ടി. കഴിഞ്ഞ ദിവസമാണ് ‘ഡി യാവോള്‍ എക്‌സ്’ വെബ്‌സൈറ്റില്‍ വിവിധ വസ്ത്രങ്ങളുടെ വില വിവരം പ്രസിദ്ധീകരിച്ചത്. ഒരു ജാക്കറ്റിന് 2 ലക്ഷം രൂപയാണ് വില. വെള്ള നിറത്തിലുള്ള ഒരു ടീ ഷര്‍ട്ടിന് 24,400 രൂപ ആണ് വില. മറ്റൊരു കറുത്ത ഹൂഡിക്ക് 45,500 രൂപയും!.
കഴിഞ്ഞ ആഴ്ച സൈറ്റ് ലൈവ് ആയിരുന്നെങ്കിലും ഉയര്‍ന്ന ട്രാഫിക്ക് കാരണം സൈറ്റ് ഡൗണായി അതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും സൈറ്റ് വില വിവരങ്ങളോടെ ലൈവായത്. എന്തായാലും ഷാരൂഖിന്റെ മകന്റെ ബ്രാന്റില്‍ ഇറങ്ങുന്ന ഉത്പന്നങ്ങളുടെ വില ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. പലതരത്തിലുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്.
എല്ലാവരും കാത്തിരുന്നത് ബ്രാന്റ് ലോഞ്ചിനാണ്. പക്ഷെ സാധനങ്ങള്‍ക്ക് ഇത്രയും വില ഉണ്ടാവുമെന്ന് കരുതിയുരുന്നില്ലയെന്നാണ് ആളുകളുടെ അഭിപ്രായം. പലരുടെ സമൂഹ മാധ്യമങ്ങളിലൂടെ ആര്യനെ ട്രോളുന്നുണ്ട് ഇതിന്റെ പേരില്‍. സ്വര്‍ണ്ണം കൊണ്ടാണോ ഇത് ഉണ്ടാക്കിയത് മുതലായ കമന്റുകളും ഇതിനെതിരെ വരുന്നുണ്ട്. ചിലര്‍ മീമുകള്‍ ഉണ്ടാക്കിയാണ് ഇതിനെ കളിയാക്കുന്നത്.
എന്നാല്‍ ഇതൊരു ആഢംബര ബ്രാന്റാണെന്ന് വ്യക്തമായി ആര്യന്‍ പറഞ്ഞിട്ടുണ്ടെന്നും. ഇതിന് ഇത്രയും വില പ്രതീക്ഷിക്കണമെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ലക്ഷങ്ങള്‍ ചിലവാക്കി ഇത് വാങ്ങിയെന്ന് അവകാശപ്പെടുന്ന ചിലരുടെ ട്വീറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നേരത്തെ ലക്ഷ്വറി ബ്രാന്‍ഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അതേ സമയം തന്റെ പുതിയ സീരിസിന്റെ പേര് സ്റ്റാര്‍ഡം എന്നായിരിക്കുമെന്ന് ആര്യന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് എപ്പിസോഡ് ആയിരിക്കും സീരിസിന് ഉണ്ടാകുക. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് തന്നെയായിരിക്കും സീരിസിന്റെ നിര്‍മ്മാണം നടത്തുക.
