Malayalam
ലിവര്‍ സിറോസിസ് പാരമ്പര്യമായി കിട്ടിയ രോഗമാണ്, ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്; രോഗത്തെ കുറിച്ചും വ്യാജ മരണവാര്‍ത്തയെ കുറിച്ചും പറഞ്ഞ് സലിം കുമാര്‍
ലിവര്‍ സിറോസിസ് പാരമ്പര്യമായി കിട്ടിയ രോഗമാണ്, ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്; രോഗത്തെ കുറിച്ചും വ്യാജ മരണവാര്‍ത്തയെ കുറിച്ചും പറഞ്ഞ് സലിം കുമാര്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടന് പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികള്‍ നെഞ്ചിലേറ്റി. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സമയത്ത് പലപ്പോഴും സലിം കുമാറിന്റെ വ്യാജ മരണ വാര്‍ത്ത സോഷ്യല്‍ ലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോള്‍ തന്റെ വ്യാജ മരണ വാര്‍ത്തയെ കുറിച്ചും രോഗത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സലിം കുമാര്‍ തന്റെ മനസ് തുറന്നത്.
ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണെന്നു സലീംകുമാര്‍ പറയുന്നു. ചിലര്‍ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാര്‍ പറഞ്ഞു.
‘കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന് തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച് സംസാരിച്ച് നടന്നുപോയയാളാണ് താന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ചിലര്‍ രോഗം ഭേദമായി വരുന്നത് കാണുമ്പോള്‍ മാധ്യമങ്ങള്‍ അതിന് മരണത്തെ തോല്പ്പിച്ചയാള് എന്നാണ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യന് മരിക്കാം.’ സലീംകുമാര്‍ പറഞ്ഞു.
പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങിനല്‍കരുതെന്ന് പറഞ്ഞ് സലിം കുമാര്‍ രംഗത്ത് എത്തിയിരുന്നു. ബൈക്കിന് വേണ്ടി മകന് നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല, ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ്, പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇന്ന് ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
രാഷ്ട്രിയത്തിലേക്കിറങ്ങാന്‍ നല്ല അറിവു വേണം. അവിടെ പോയി ബഫൂണായി ഇരിക്കാന്‍ താല്പര്യമില്ല. സിനിമ നടന് എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ല. ‘സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല’ എന്ന് നിയമസഭ പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിനിമ കാണുന്നത് കുറവാണ്. അതെ സമയം ധാരാളം പുസ്തകം വായിക്കും. എസ്. ഹരീഷിന്റെ ‘മീശ’ അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉടനെ ഹരീഷിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അത് വായനക്കാരന് ചെയ്യേണ്ട കടമയാണ് എന്നും സലിം കുമാര്‍ പറഞ്ഞു.