Connect with us

ചാലക്കുടിയുടെ സെറ്റില്‍ മണി ഉണ്ടായിരുന്നു! “ഒരു ദിവസം വിനയന്‍ സാര്‍ മണി ചേട്ടനെ കണ്ട് പേടിച്ചു പോയി… മറ്റൊരു ദിവസം നസീറിക്ക സ്റ്റക്കായി”- അനുഭവങ്ങളുമായി സെന്തില്‍ കൃഷ്ണ

Interviews

ചാലക്കുടിയുടെ സെറ്റില്‍ മണി ഉണ്ടായിരുന്നു! “ഒരു ദിവസം വിനയന്‍ സാര്‍ മണി ചേട്ടനെ കണ്ട് പേടിച്ചു പോയി… മറ്റൊരു ദിവസം നസീറിക്ക സ്റ്റക്കായി”- അനുഭവങ്ങളുമായി സെന്തില്‍ കൃഷ്ണ

ചാലക്കുടിയുടെ സെറ്റില്‍ മണി ഉണ്ടായിരുന്നു! “ഒരു ദിവസം വിനയന്‍ സാര്‍ മണി ചേട്ടനെ കണ്ട് പേടിച്ചു പോയി… മറ്റൊരു ദിവസം നസീറിക്ക സ്റ്റക്കായി”- അനുഭവങ്ങളുമായി സെന്തില്‍ കൃഷ്ണ

ചാലക്കുടിയുടെ സെറ്റില്‍ മണി ഉണ്ടായിരുന്നു! “ഒരു ദിവസം വിനയന്‍ സാര്‍ മണി ചേട്ടനെ കണ്ട് പേടിച്ചു പോയി… മറ്റൊരു ദിവസം നസീറിക്ക സ്റ്റക്കായി”- അനുഭവങ്ങളുമായി സെന്തില്‍ കൃഷ്ണ

മണിക്കിലുക്കം നിലച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ ചിരിക്ക് പുതുജീവനേകി മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുന്നു… മലയാളികളെ ഒന്നടങ്കം കണ്ണീഴിലാഴ്ത്തികൊണ്ട് 45ാം വയസ്സിലാണ് വിധിയുടെ ക്രൂരത മണിയെ തട്ടിയെടുത്തത്. ചുരുങ്ങിയ നാളിനുള്ളില്‍ മണി മലയാള സിനിമയ്ക്കായി മാറ്റിവെച്ചത് അദ്ദേഹത്തിന്റെ 25 വര്‍ഷങ്ങളായിരുന്നു. 25 വര്‍ഷം കൊണ്ട് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് 200ഓളം ചിത്രങ്ങളായിരുന്നു. മണി മണ്‍മറിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തിന്റെ ദുരൂഹതകളുടെ മറനീക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മണിയുടെ മരണശേഷമാണ് മണിയുടെ ബയോപിക്കുമായി വിനയന്‍ രംഗത്തെത്തുന്നത്. ചിത്ത്രതില്‍ മണിയുടെ മരണവും തുടര്‍ക്കഥകളും വലിയ ചര്‍ച്ചയാകുമെന്നാണ് പ്രേക്ഷക പ്രതികരണവും.

കലാഭവന്‍ മണിയ്ക്ക് പകരം വെയ്ക്കാന്‍ ഇന്നോളം മലയാളം സിനിമയില്‍ ആരും വളര്‍ന്നിട്ടില്ല. മണിയ്ക്ക് പകരമൊരു മണി അത് സാധ്യവുമല്ല. എന്നിരുന്നാലും കലാഭവന്‍ മണിയുടെ ജീവിതം ഒപ്പിയെടുക്കാന്‍ ഒരു ശ്രമം നടത്തയിരിക്കുകയാണ് സംവിധായകന്‍ വിനയനും കൂട്ടരും. കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി സെന്തില്‍ കൃഷ്ണയെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി നാളെ തിയേറ്ററില്‍ എത്തുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമുള്ള അനുഭവങ്ങള്‍ മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്തില്‍ കൃഷ്ണ പങ്കുവെയ്ക്കുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി നാളെ റിലീസ് ആണല്ലോ… ഈ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത്?

വര്‍ഷങ്ങളായി കാത്തിരുന്നൊരു സ്വപ്‌നമാണ് നാളെ പൂവണിയാന്‍ പോകുന്നത്. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തു പോകണമെന്ന് മാത്രമെ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. ഒരിക്കലും ഒരു നായകനാകണം എന്നൊരു മോഹമോ സങ്കല്‍പ്പങ്ങളോ ഒന്നുമില്ലായിരുന്നു. ഒരു നായകനാകാനുള്ള യോഗ്യതകളൊന്നും ഇല്ലെന്ന ധാരണ എനിക്കുണ്ടായിരുന്നു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ എനിക്കൊരു മഹാഭാഗ്യം വന്നു. ആദ്യം തന്നെ നായകനായി അതും കലാഭവന്‍ മണിചേട്ടന്റെ ജീവിത കഥ പറയുന്ന സിനിമ, കൂടാതെ വിനയന്‍ എന്ന് പറയുന്ന വലിയൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നത്… അങ്ങനെയൊരു വലിയൊരു സ്വപ്‌നം ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു നിന്ന കഥാപാത്രം നാളെ തിയേറ്ററുകളിലെത്തുന്നതിന്റെ ആകാംഷയില്‍ ഞാനിങ്ങനെ കാത്തിരിക്കുകയാണ്. എന്റെ വിധിയ്ക്കായി ഞാന്‍ തന്നെ കാത്തിരിക്കുകയാണ്.

5000 പേരിലും തൃപ്തിപ്പെടാതെയാണ് വിനയന്‍ സെന്തിലിനെ തിരഞ്ഞെടുത്തത്… ചാലക്കുടിക്കാരന്റെ ഭാഗമാകുന്നത്?

വിനയന്‍ സാര്‍ 5000 ഓളം പേരെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷേ ആരും സെലക്ട് ചെയ്തിട്ടില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ ഞാന്‍ വെള്ളാനകളുടെ നാട് എന്ന സീരിയയില്‍ അഭിനയിക്കുന്ന കാര്യം വിനയന്‍ സാറിനോട് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. ഈ സീരിയില്‍ വിനയന്‍ സാറിന്റെ ഭാര്യ കാണുമായിരുന്നു. വെള്ളാനകളുടെ നാട്ടില്‍ ഓരോ ദിവസവും ഓരോ കഥാപാത്രമാണ് ചെയ്യുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നെ പരിചയപ്പെടുത്തുന്നതും തുടര്‍ന്ന് അദ്ദേഹമെന്നെ വിളിക്കുന്നതും.

കലാഭവന്‍ മണിയായി അഭിനയിക്കുമ്പോള്‍ സെന്തിനില് എന്താണ് അനുഭവപ്പെട്ടത്…. ആദ്യ ഷോട്ട് മുതല്‍ ഒടുക്കം വരെ?

ആദ്യത്തെ ഷോട്ട് എടുക്കുമ്പോള്‍ മാത്രമല്ല ചിത്രത്തിലെ ഓരോ ഷോട്ട് എടുക്കുമ്പോഴും ഞാന്‍ വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് ചെയ്തിട്ടുള്ളത്. ആത്മാവ് അര്‍പ്പിച്ച് തന്നെ ചെയ്‌തൊരു കഥാപാത്രമാണ്. കാരണം ഓരോ സീന്‍ വായിക്കുമ്പോഴും ഷോട്ട് എടുക്കുമ്പോഴും അറിയാതെ അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മനസ്സിലൂടെ കടന്നു പോകും. മണിച്ചേട്ടന്‍ എന്തുമാത്രം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നും എന്തുമാത്രം ഫ്രസ്റ്റേഷനിലൂടെയൊക്കെ കടന്നു പോയ ആളാണെന്നും.. അദ്ദേഹം ചെയ്യാത്തതായി ഒരുകാര്യവുമില്ല. ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നൊരു ആളാണ്… തെങ്ങില്‍ കയറുന്നതുമൊക്കെ അദ്ദേഹം വളരെ അനായാസമായാണ് ചെയ്യുന്നത്. ഒരു ജീവിതചര്യ പോലെയാണ് അദ്ദേഹം അതൊക്കെ ചെയ്യുന്നത്. നമ്മളും സിനിമയില്‍ ചെയ്യേണ്ടി വന്നപ്പോള്‍ അതായത് തെങ്ങില്‍ കയറുന്നതും വള്ളം തുഴയുന്നതും മറ്റും മണിച്ചേട്ടന്‍ വളരെ അനായാസമായി ചെയ്തിരുന്നത് നമ്മള്‍ ചെയ്യുമ്പോഴാണ് മനസ്സിലാകുന്നത് എന്തുമാത്രം കഷ്ടപ്പാടുള്ള സംഭവങ്ങളാണെന്ന്. ഓരോ സീന്‍ ചെയ്യുമ്പോഴും മണിച്ചേട്ടന്‍ കടന്നുപോയിട്ടുള്ള നിമിഷങ്ങളെ കുറിച്ച് നമ്മുക്ക് ഓര്‍മ്മവരും. മിക്ക സീനുകളും പലരുടെയും കണ്ണു നനയിക്കുന്ന സീനുകളാണ്. പിന്നെ മണിച്ചേട്ടന്റെ ഒരു ബ്ലെസ്സിംഗ് ഉള്ളത് കൊണ്ടാകാം ചേട്ടന്റെ മാനറിസങ്ങളൊക്കെ പല സീനുകളിലൂടെയും കടന്നു പോകുന്നത്.

ഇതൊരു ബയോപിക് ആയതു കൊണ്ടു തന്നെ ഓരോ ഷോട്ട് കഴിയുമ്പോഴും ആ കഥാപാത്രത്തില്‍ നിന്നും തിരിച്ചു വരാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ…?

ഷോട്ട് കഴിയുമ്പോള്‍ മാത്രമല്ല, സിനിമ തുടങ്ങി കഥാപാത്രം അതില്‍ ഇന്‍വോള്‍ഡായി സിനിമ തീര്‍ന്ന് കുറച്ചു ദിവസം കഴിഞ്ഞും അത് ഡബ്ബ് ചെയ്യുന്ന സമയത്തു പോലും മണിച്ചേട്ടന്റെ സ്ലാങ്ങും പ്രസന്‍സും മറ്റുമെക്കെ എനിക്ക് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. വിനയന്‍ സാര്‍ പറയുന്നത് അവന്‍ മണിയായി ജീവിക്കുകയായിരുന്നു എന്നാണ്. അതൊരു വലിയ കോംപ്ലിമെന്റാണ്.

കലാഭവന്‍ മണിയാകാന്‍ മാനസികമായും ശാരീരികമായും എടുത്ത തയ്യാറെടുപ്പുകള്‍?

ഈ കഥാപാത്രം എങ്ങനെ ചെയ്ത് ജനങ്ങളില്‍ എത്തിയ്ക്കുമെന്നായിരുന്നു എന്റെ ആദ്യത്തെ പേടി. കാരണം മണിച്ചേട്ടന്റെ ഓരോ ചലനങ്ങള്‍ പോലും ഓരോ മലയാളികള്‍ക്കും അറിയാം. ഒരു പുതിയ കഥാപാത്രമാണെങ്കില്‍ കുഴപ്പമില്ല അതിങ്ങനെയാണെന്ന് ചെയ്തു കഴിയുമ്പോള്‍ പറയാം. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്നൊരു കഥാപാത്രം ചെയ്യുമ്പോള്‍ വളരെ റിസ്‌കുള്ള സംഭവമാണ്. അതിന്റെയൊരു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ വിനയന്‍ സാര്‍ എന്നില്‍ കാണിച്ച കോണ്‍ഫിഡന്‍സാണ് എനിക്കീ കഥാപാത്രം ചെയ്യാന്‍ പ്രചോദനമായത്. അദ്ദേഹം നല്‍കിയ പിന്തുണയും. പിന്നീട് ഞാന്‍ മണിച്ചേട്ടന്റെ ഒരുപാടു സിനിമകള്‍ കണ്ടു.. മണിച്ചേട്ടന്‍ ചെയ്ത പഴയ കോമഡികള്‍ മിമിക്രികളെല്ലാം പഠിച്ചു. പിന്നീട് തെങ്ങില്‍ കയറാന്‍ പഠിച്ചു, ഓട്ടോ ഓടിക്കാന്‍ പഠിച്ചു, കായലില്‍ നീന്താന്‍ പഠിച്ചു, അങ്ങനെ മണിച്ചേട്ടന്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും പഠിച്ചു. അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ പഠിച്ചു. പിന്നെ മണിച്ചേട്ടന്റെ സുഹൃത്തുക്കളോട് മണിച്ചേട്ടന്‍ എങ്ങനെയായിരുന്നെന്നും ചോദിച്ചറിഞ്ഞു. ഇത്രയുമാണ് മാനസികമായുള്ള തയ്യാറെടുപ്പുകള്‍. ശാരീരികമായ തയ്യാറെടുപ്പുകളാണെങ്കില്‍ ഞാന്‍ ആദ്യം മെലിഞ്ഞിട്ടായിരുന്നു. സാര്‍ പറഞ്ഞു മണിച്ചേട്ടന്റെ ശരീരം പോലെയാകണം. അതിന് വേണ്ടി ഞാന്‍ 12 കിലോ വെയ്റ്റ് കൂട്ടിയിരുന്നു. ഒന്നര മാസം കൊണ്ട് 65 കിലോയില്‍ നിന്നും 77 കിലോ ഭാരമാക്കുകയായിരുന്നു. നല്ല ഭക്ഷണം കഴിച്ച് ജിമ്മില്‍ ആറ് മണിക്കൂര്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു. ഒന്നരമാസം തുടര്‍ച്ചായി രാവിലെയും വൈകിട്ടും മൂന്നു മണിക്കൂര്‍ വീതം ജിമ്മില്‍ ചിലവഴിക്കുമായിരുന്നു. ഒന്നരമാസം കൊണ്ട് നന്നായി കഷ്ടപ്പെട്ടു. അങ്ങനെയാണ് ഭാരം കൂട്ടി മണിച്ചേട്ടന്റേതു പോലെ അധ്വാനിക്കുന്നത് പോലൊരു ശരീരമാക്കി മാറ്റിയത്.

ചിത്രീകരണത്തിനിടെ ഹൃദയസ്പര്‍ശിയായ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഒരുപാട് ഉണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറ പാലത്ത് വെച്ച് ഷൂട്ട് ചെയ്യുന്ന ഒരു ദിവസം. രാത്രി എട്ട് മണിയാകും. മണിച്ചേട്ടന്റെ കോസ്റ്റിയൂം ഒക്കെ ഇട്ട് മണിച്ചേട്ടന്റെ അല്‍പം പ്രായമുള്ളൊരു സീന്‍ ആയിരുന്നു. മണിച്ചേട്ടന് 40 വയസ്സോളം പ്രായം തോന്നിയ്ക്കുന്ന രംഗം. അന്നേരം വിനയന്‍ സാര്‍ ടിനി ടോം ചേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ സംസാരിച്ചുക്കൊണ്ടിരിക്കവെ ഞാന്‍ ആ കോസ്റ്റിയൂമില്‍ ഇരുട്ടത്ത് വന്നപ്പോള്‍ വിനയന്‍ സാര്‍ പെട്ടെന്ന് ഞെട്ടി. അപ്പോള്‍ ടിനി ടോം ചേട്ടന്‍ എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ വിനയന്‍ സാര്‍ പറഞ്ഞു, അത് ഞാന്‍ മണിയുടെ കാര്യം പറഞ്ഞുകൊണ്ടിരിക്കവെ ഇവന്‍ പെട്ടെന്ന് ആ കോസ്റ്റിയൂമില്‍ വന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് പേടിച്ചു പോയി. അവനെ പോലെ തോന്നി. പന്നീട് കോട്ടയം നസീറിക്കയുമായുള്ളൊരു സീനുണ്ട്. ശരിക്കും ഞാന്‍ ഓട്ടോ ഡ്രൈവര്‍ ആണെന്ന ഡയലോഗ് പറയുമ്പോള്‍ നസീര്‍ ഇക്ക ഒരു നിമിഷം ഒന്ന് സ്റ്റ്ക്കായി നിന്നു… എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ നസീറിക്ക പറഞ്ഞു പണ്ട് കലാഭവനില്‍ കളിച്ചു കൊണ്ടിരുന്ന ആ മണിയെ എനിക്ക് ഓര്‍മ്മവന്നു. പിന്നെ ഇതുപോലൊരു രംഗം എന്തെന്നാല്‍ ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടിനകത്ത് ഒരു അമ്മയും മൂന്നു മക്കളും ഡെസ്‌ക്കിനടിയില്‍ ഇരിക്കുന്നുണ്ട്. അതുകണ്ടിട്ട് ഈ ക്യാരക്ടര്‍ ആ വീട്ടില്‍ പോകുകയും അവര്‍ക്ക് വീടുവെയ്ക്കാന്‍ കാശ് നല്‍കുന്നതുമായൊരു രംഗമുണ്ട്.. ആ സീന്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തിരുന്നു… അദ്ദേഹം കടന്നുവന്ന ആ കഷ്ടപ്പാടുകളൊക്കെ….

ചാലക്കുടിയുടെ ചിത്രീകരണം കലാഭവന്‍ മണിയുടെ മരണ ശേഷം ആയത് കൊണ്ട് തന്നെ ചിത്രത്തിലുടനീളം ഫീല്‍ ഉള്ള സിനിമയായിരിക്കും. ഇതിനിടെ എന്തെങ്കിലും നര്‍മ്മ നിമിഷങ്ങള്‍?

തീര്‍ച്ചയായും ഫുള്‍ ഫീല്‍ ഉള്ള ചിത്രമാണ്. അതുപോലെ ചിത്രത്തിലുടനീളം ഹ്യൂമറുമുണ്ട്.. ചിത്രത്തില്‍ ധര്‍മ്മജന്‍ ചേട്ടനൊക്കെയുണ്ട്.. പിന്നെ ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ വിനയന്‍ സാര്‍ 25 ഓളം മിമിക്രി ആര്‍ട്ടിസ്റ്റുകളെ ചിത്ത്രില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. മണിച്ചേട്ടനെ കലാഭവന്‍ ട്രൂപ്പിലെടുത്ത അതേ ആളുകള്‍ തന്നെ ഈ ചിത്രത്തിലുണ്ട്… മണിച്ചേട്ടന്‍ കലാഭവനില്‍ ഇന്റര്‍വ്യൂവിന് പോകുന്ന സീനൊക്കെയുണ്ട്. രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒക്കെ ഹ്യൂമറിന്റെ ആള്‍ക്കാര്‍ ആണല്ലോ… പൊതുവെ ചിത്രത്തില്‍ മിമിക്രിക്കാര്‍ ആയത് കൊണ്ട് സെറ്റില്‍ പൊതുവെ ചിരിയും കളിയുമൊക്കെയായിരുന്നു. പിന്നെ വിനയന്‍ സാര്‍ തമാശകളൊക്കെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളായത് കൊണ്ട് അദ്ദേഹവും നന്നായി സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. സെറ്റില്‍ എപ്പോഴും തമാശകളായിരുന്നു. അവരെല്ലാവരും സെറ്റില്‍ മണിച്ചേട്ടന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുമായിരുന്നു.

സെന്തിലാണ് ചാലക്കുടിക്കാരനില്‍ നായകനാകുന്നു എന്നറിഞ്ഞപ്പോള്‍ പല താരങ്ങളും പിന്‍മാറിയിട്ടുണ്ടായിരുന്നു.. അതേകുറിച്ച്?

്അത് വിനയന്‍ സാര്‍ എന്നോട് പറഞ്ഞിരുന്നു. എടാ നിന്നെ കാസ്റ്റ് ചെയ്തപ്പോള്‍ പലരും പറഞ്ഞു എന്നെ വെയ്ക്കരുത്… മണിയുടെ ക്യാരക്ടര്‍ ചെയ്യാന്‍ സെന്തിലിന് കഴിയുമെന്ന കോണ്‍ഫിഡന്‍സ് ആര്‍ക്കും ഇല്ല. അങ്ങനെ കുറച്ച് പേര്‍ ചിത്ത്രതില്‍ നിന്നും പിന്‍മാറിയിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ വിനയന്‍ സാര്‍ തന്നെ പറഞ്ഞു, നീ പേടിക്കുകയൊന്നും വേണ്ട… കലാഭവന്‍ മണിയെ ആദ്യം നായകനാക്കിയപ്പോഴും ഇതുപോലെ ഒക്കെ തന്നെയായിരുന്നു… എന്നാല്‍ പിന്നീട് പോസിറ്റീവ് ആയി വന്നിരുന്നു. അതുപോലെ ഇതും പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്നാണ് സാര്‍ പറഞ്ഞത്.

കലാഭവന്‍ മണി എന്ന വ്യക്തിയെ കുറിച്ച്?

മണിച്ചേട്ടന്‍ എന്ന് പറയുന്നത് പകരം വെയ്ക്കാനില്ലാത്ത ഒരു കലാകാരന്‍ തന്നെയാണ്. മണിച്ചേട്ടനെ പോലെ മണിച്ചേട്ടന് മാത്രമെ ആകാന്‍ സാധിക്കുള്ളു. അതിനി ഞാനെന്നല്ല ആരു വിചാരിച്ചാലും മണിച്ചേട്ടനാകാന്‍ ഒരിക്കലും സാധിക്കില്ല. പക്ഷേ ആ ഒരു കഥാപാത്രത്തെ സ്‌ക്രീനിലെത്തിക്കാന്‍ വേണ്ടി ഞാന്‍ ഒരുപാട് ആത്മാര്‍ത്ഥമായിട്ട് പരിശ്രമിച്ചിട്ടുണ്ട്… അദ്ദേഹം വലിയൊരു കലാകാരനാണ്. മണിച്ചേട്ടന്‍ കൈ വെയ്ക്കാത്ത മേഖലകളില്ല. സത്യം പറഞ്ഞാല്‍ ഒരു സര്‍വ്വകലാവല്ലഭനാണ്. പിന്നെ എന്നെപ്പോലെ മിമിക്രിയില്‍ നിന്നും വന്ന കലാകാരന്‍മാര്‍ക്ക് വലിയൊരു സിലബെസ്സാണ് അദ്ദേഹം. പാഠ പുസ്തകമാണ് മണിച്ചേട്ടന്‍. കഷ്ടപ്പാടില്‍ നിന്നും മിമിക്രി കലാകാരനായി വന്ന് സിനിമയിലെത്തി മികച്ച നടന്‍മാര്‍ക്കൊപ്പമെത്തിയ ഒരു നടനാണ്. അങ്ങനെ നോക്കുമ്പോള്‍ എന്നെപ്പോലുള്ളവര്‍ക്ക് പഠിക്കാന്‍ പറ്റിയൊരു പുസ്തകമാണ് അദ്ദേഹം.

ചാലക്കുടിക്കാരനില്‍ കലാഭവന്‍ മണിയുടെ മരണവും ചിത്രീകരിക്കുന്നുണ്ടോ….?

ഇതിനകത്ത് വിനയന്‍ സാറിന്റേതായൊരു വ്യാഖ്യാനം കൊടുക്കുന്നുണ്ട്… പൂര്‍ണ്ണമായും ഒരു ബയോപിക് അല്ല… എന്നാല്‍ പൂര്‍ണ്ണമായും മണിച്ചേട്ടന്റെ ജീവിതം നമ്മുക്ക് ഇതിനകത്ത് കാണാം.. വിനയന്‍ സാറിന്റേതായുള്ളൊരു വ്യാഖ്യാനം ചിത്രത്തിനുണ്ട്.. പിന്നെ മരണത്തെ കുറിച്ചൊക്കെ പറയുന്നുണ്ടോന്ന് ചോദിച്ചാല്‍ അതൊക്കെ നിങ്ങള്‍ തിയേറ്ററില്‍ പോയി കാണേണ്ടതാണ്…..

ചാലക്കുടിക്കാരന് മുമ്പ്?

ആദ്യമായി പുള്ളിമാന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആദ്യമായി ഞാന്‍ അഭിനയിച്ചതും മണിച്ചേട്ടനൊപ്പം ആയിരുന്നു. അതിനകത്ത് ഞാന്‍ ഏകദേശം ഒരുമാസത്തോളം ഉണ്ടായിരുന്നു. പിന്നീട് മോഹന്‍ലാല്‍ എന്ന ഇന്ദ്രന്‍സിന്റെ ചിത്രം, വേദം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു..

ആദ്യമായി ക്യാമറ ഫെയ്‌സ് ചെയ്യുന്നത്?

ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് കൈരളിയില്‍ നിസാര്‍ സാര്‍ സംവിധാനം ചെയ്ത മായാബസാര്‍ എന്ന സീരിയലിലാണ്. പിന്നീട് ഏഷ്യാനെറ്റില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, സ്ത്രീധനം അങ്ങനെ ചില സീരിയലുകളില്‍ ഭാഗമായി.

സീരിയലുകളിലേയ്ക്ക് വരുന്നത്?

ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജിലാണ് പഠിച്ചത്. അവിടെ നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് മിമിക്രി ട്രൂപ്പ് തുടങ്ങിയിരുന്നു. അവിടെ നിന്ന് നമ്മള്‍ പ്രോഗ്രാം ചെയ്യുകയും അവിടിന്ന് പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലേയ്ക്ക് കയറുകയുമായിരുന്നു. അങ്ങനെ അവിടെ നിന്നാണ് ഒരു ചേട്ടന്‍ എന്നെ മായാബസാര്‍ സംവിധായകന്‍ നിസാര്‍ സാറിനെ പരിചയപ്പെടുത്തുന്നത്.

പുതിയ പ്രോജക്ടുകള്‍?

ആദ്യം ഇത് കഴിയട്ടെ... പിന്നെ വിനയന്‍ സാറിന്റെ തന്നെ അടുത്ത പ്രോജക്ടുകള്‍ പറയുന്നുണ്ട്....

പഠനം?

ബി.എ ചരിത്രം

ജോലി?

അഞ്ച് വര്‍ഷമായി പാപ്പനംകോട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ്…

കുടുംബം?

അമ്മ, അച്ഛന്‍ മരിച്ചു പോയി, രണ്ടു ചേട്ടന്‍മാരുണ്ട്…. അവരുടെ ഭാര്യമാര്‍ കുട്ടികള്‍…. പിന്നെ ഞാന്‍.. കല്യാണം കഴിഞ്ഞിട്ടില്ല….

വിവാഹം?

(ചിരി മാത്രം) എന്തായാലും പടം ഇറങ്ങിക്കഴിഞ്ഞിട്ട് അതേകുറിച്ച് ആലോചിക്കാം.. ഇതുവരെയും സ്വന്തമായൊന്ന് വന്നിട്ടില്ല… പടം ഇറങ്ങിക്കഴിഞ്ഞ് ഇനി ആരെങ്കിലും വരുമോന്ന് നോക്കട്ടെ…

പ്രത്യേകിച്ച് സങ്കല്‍പ്പങ്ങള്‍ എന്തെങ്കിലും?

അങ്ങനെയൊന്നുമില്ല.. നമ്മുടെ കാര്യങ്ങളൊക്കെ മനസ്സിലാക്കി നമ്മുടെ പ്രൊഫഷനെ മനസ്സിലാക്കുന്ന നമ്മളെയും നമ്മുടെ വീട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരിയെയാണിഷ്ടം…

Chalakudykkaran Changathi Senthil Krishna interview

More in Interviews

Trending

Recent

To Top