Articles
തീപ്പെട്ടികമ്പനി ഉള്‍പ്പെടെ പല ബിസിനസുകള്‍ പൊട്ടി; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക്; എക്കാലത്തെയും മികച്ച ഹാസ്യ താരം വിടവാങ്ങുമ്പോള്‍!
തീപ്പെട്ടികമ്പനി ഉള്‍പ്പെടെ പല ബിസിനസുകള്‍ പൊട്ടി; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക്; എക്കാലത്തെയും മികച്ച ഹാസ്യ താരം വിടവാങ്ങുമ്പോള്‍!
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ ഒരു കൈ പയറ്റാം എന്ന ധാരണയില്‍ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയാണ് തുടക്കം.
സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങള്‍. തുടര്‍ന്നും ചെറുവേഷങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടര്‍ന്ന് കര്‍ണാടകയിലെ ദാവണ്‍ഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരന്‍ സണ്ണി, കസിന്‍സായ ജോര്‍ജ്, ഡേവിസ് എന്നിവര്‍ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയില്‍ ഇന്നസെന്റ് സജീവമായി.
ഇതിനിടയിലും അഭിനയമോഹം കൈവിടാനൊരുക്കമല്ലായിരുന്നു ആ കലാസ്‌നേഹി. ദാവണ്‍ഗെരേയിലെ കേരളസമാജത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുകയും ചെയ്തു. 1974ല്‍ ഇവിടം വിട്ട ഇന്നസെന്റ് തുകല്‍ വ്യാപാരം ആരംഭിച്ചു. പിന്നെ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു.
തീപ്പട്ടി കമ്പനി പൊട്ടിയതോടെ നാട്ടിലെത്തി പല ബിസിനസുകള്‍ ചെയ്തു. അതോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനവും ഉണ്ടായിരുന്നു. 1979 ല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചും ഇന്നസെന്റ് വളരെ രസകരമായിട്ടാണ് പറയുക. ആര്‍എസ്പിയുടെ ജില്ലാ നേതാവായിരുന്നു അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ ആളുകൂടുന്നത് തീരെ ഇഷ്ടമില്ലായിരുന്നുവത്രേ. കാരണം പുതുതായി ഒരുത്തന്‍ വന്നാല്‍ തന്റെ സ്ഥാനം പോകുമോ എന്ന ഭീതി തന്നെയാണ് ഇതിന് പിന്നില്‍. അതുകൊണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ വന്നവരെപ്പോലും തിരിച്ചയക്കുമായിരുന്നെന്നാണ് അദ്ദേഹം പറയാറുള്ളത്.
സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മേയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1982ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ഓര്‍മയ്ക്കായി ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്.
തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തനി തൃശ്ശൂര്‍കാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങുതകര്‍ത്തു. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍. സിനിമയിലെ തൃശ്ശൂര്‍ സ്ലാങ്ങെന്നാല്‍ ഇന്നസെന്റ് എന്നായി. സിനിമകളില്‍ ഇന്നസെന്റുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്ന അഭിനേത്രി കെ.പി.എ.സി. ലളിതയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ ജോടികളായിരുന്നു ഇവര്‍.
മാലാമാല്‍ വീക്കിലി എന്ന ഹിന്ദി ചിത്രത്തിലും, ശിക്കാരി എന്ന കന്നഡ ചിത്രത്തിലും, ലേസാ ലേസാ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.
2013ല്‍ തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടിയിരുന്നു. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്. ഒട്ടേറെ പതിപ്പുകളുമായി കാന്‍സര്‍ വാര്‍ഡിലെ ചിരി ഇപ്പോഴും രോഗികള്‍ക്കും അല്ലാത്തവര്‍ക്കും പ്രചോദനമായി വില്‍പ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.
സിനിമകളില്‍ ഗായകനായും ഇന്നസെന്റ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആനച്ചന്തം ഗണപതി മേളച്ചന്തം (ഗജകേസരിയോഗം), കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു(സാന്ദ്രം), കുണുക്കുപെണ്മണിയെ(മിസ്റ്റര്‍ ബട്ടലര്‍), സുന്ദരകേരളം നമ്മള്‍ക്ക്(ഡോക്ടര്‍ ഇന്നസെന്റാണ്), സ മാ ഗ രി സ( ഠ സുനാമി) എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.
1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര്‍ പേരക്കുട്ടികളാണ്.