Actor
ഇന്നസെന്റിന്റെ മരണ ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ, ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി കൊടുക്കും; ഇന്നസെന്റ് ഇല്ലെന്ന യാഥാര്‍ത്ഥ്യവുമായി ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല; ആലീസ്
ഇന്നസെന്റിന്റെ മരണ ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ, ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി കൊടുക്കും; ഇന്നസെന്റ് ഇല്ലെന്ന യാഥാര്‍ത്ഥ്യവുമായി ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല; ആലീസ്
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേയ്ക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അഭിമുഖങ്ങളും രസകരമായ സംഭാഷണങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ ഇന്നും മായാതെ നില്‍പ്പുണ്ട്.
നടന്‍ എന്നതിന് പുറമെ ജനപ്രതിനിധി ആയെല്ലാം തിളങ്ങിയിട്ടുണ്ട് ഇന്നസെന്റ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്. ഇന്നും പല താരങ്ങളും ഇന്നസെന്റിനെ കുറിച്ച് വാചാലരാകാറുണ്ട്.
ഇപ്പോഴിതാ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആലീസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ചിലപ്പോള്‍ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോള്‍ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കരയാനേ നേരമുള്ളൂ.
ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാള്‍ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓര്‍ക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല.
സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ല. കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ല. ഇന്നസെന്റിന്റെ വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി ഞാന്‍ അവര്‍ക്ക് കൊടുക്കും.
അങ്ങനെ പട്ടുസാരികള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികള്‍ വഴക്ക് പറയാന്‍ തുടങ്ങി. കുറെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കറുപ്പ് നിറത്തില്‍ കുറച്ച് മാറ്റം വരുത്തി. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുകയാണ്. ഇന്നസെന്റ് മരിച്ചതിനു ശേഷം കൊച്ചുമക്കളായ ഇന്നുവും അന്നയും എന്റെ അടുത്താണ് ഉറക്കം. അതിന് അവര്‍ തമ്മില്‍ മത്സരമാണ്.
ഒരാഴ്ച ഇന്നു ആണെങ്കില്‍ അടുത്ത ആഴ്ച അന്ന. ഒരു ദിവസം ഞാന്‍ ചോദിച്ചു എന്തിനാ എന്റെയടുത്ത് ഉറങ്ങാന്‍ വരുന്നതെന്ന്. അപ്പോഴാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്. അവസാനകാലത്ത് കുറച്ച് വയ്യായ്ക ഉണ്ടായിരുന്നപ്പോള്‍ ഇന്നസെന്റ് അവരോട് പറഞ്ഞത്രേ ‘അപ്പാപ്പന്‍ മരിച്ചുപോയാലും അമ്മമ്മയെ നന്നായി നോക്കണം. അമ്മമ്മ ഒരു പാവമാണ്. അമ്മാമ്മയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുതെന്ന് ഇതൊക്കെ അറിയുമ്പോള്‍ കരയാതെ ഞാനെന്തു ചെയ്യാനാണെന്ന് ആലീസ് ചോദിക്കുന്നു.
ഇന്നസെന്റിന്റെ നേട്ടങ്ങളിലും നഷ്ടങ്ങളിലും എന്നും കൂടെ നിന്ന വ്യക്തിയാണ് ആലീസ്. 1976 ലായിരുന്നു ഇന്നസെന്റും ആലീസും വിവാഹിതരാവുന്നത്. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെ 2023 മാർച്ച് 26 നാണ് ഇന്നസെന്റിന്റെ വിയോഗം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.