Actress
അമ്മയിൽ നിന്നും പത്ത് പൈസ പറ്റിച്ചാൽ നമുക്ക് എനിക്ക് വന്നതുപോലുള്ള രോഗം വരുമെന്ന് കാവ്യയോട് പറഞ്ഞു; അമ്മയെ കുറിച്ചുള്ള ചർച്ചകൾക്കിടെ വീണ്ടും വൈറലായി ഇന്നസെന്റ് മുമ്പ് പറഞ്ഞ കാര്യങ്ങൾ
അമ്മയിൽ നിന്നും പത്ത് പൈസ പറ്റിച്ചാൽ നമുക്ക് എനിക്ക് വന്നതുപോലുള്ള രോഗം വരുമെന്ന് കാവ്യയോട് പറഞ്ഞു; അമ്മയെ കുറിച്ചുള്ള ചർച്ചകൾക്കിടെ വീണ്ടും വൈറലായി ഇന്നസെന്റ് മുമ്പ് പറഞ്ഞ കാര്യങ്ങൾ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
മലയാള സിനിമയിൽ കാവ്യയ്ക്ക് ഏറെ ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് നടൻ ഇന്നസെന്റ്. അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ വിഷമിച്ച് പൊട്ടിക്കരയുന്ന കാവ്യയുടെ ദൃശ്യങ്ങളെല്ലാം തന്നെ അന്ന് വൈറലായിരുന്നു. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നസെന്റ് എന്ന നടൻ പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.
അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ് പോയിട്ടും ഇന്നും അദ്ദേഹത്തിന്റെ പല രസകരമായ തമാശകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. മലയാള താര സംഘടനയായ അമ്മയുടെ തലപ്പത്ത് വർഷങ്ങളോളം തുടർന്ന അദ്ദേഹം, കാവ്യ മാധവൻ അമ്മയിൽ നിന്നും രാജിവെയ്ക്കാനുള്ള സാഹചര്യത്തെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിതിന് പിന്നാലെ താര സംഘടനയായ അമ്മയെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഇന്നസെന്റിന്റെ ഈ അഭിമുഖവും വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
അമ്മ സംഘടന ഒരുപാട് ആളുകൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. അതുപോലെ അവശരായ അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടവും ഇൻഷുറൻസുമെല്ലാം നമ്മൾ കൊടുക്കുന്നുണ്ട്. മരണം വരെയാണ് ഇതെല്ലാം നൽകുന്നത്. വിഷമം അനുഭവിക്കുന്ന ഇത്തരം ആളുകളെ സഹായിക്കാനും ഇൻഷുറൻസ് തുക കെട്ടാനുമെല്ലാമായി പണം കണ്ടെത്താൻ പ്രോഗ്രാം അമ്മ ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു പ്രോഗ്രാം അമ്മ ചെയ്യുന്നതിനിടയിൽ കാവ്യ മാധവൻ എന്റെ അടുത്ത് വന്നു.
കുറേ നേരം ആ കുട്ടി എന്നെ തന്നെ നോക്കി നിന്നു. അസുഖം വന്നിട്ടും എനിക്ക് മാറ്റമൊന്നും ഇല്ലെന്നാണോ അതോ മാറ്റമുണ്ടെന്നാണോ… അതോ എന്റെ മുടി പോയതാണോ എന്താണ് നോക്കുന്നതെന്ന് ചോദിച്ചു. മുടിയെല്ലാം പോയി അവസാനം ഞാൻ ഇല്ലാതാകുമെന്ന് പറഞ്ഞപ്പോൾ കാവ്യ പെട്ടന്ന് കണ്ണുപൊത്തി. ശേഷം കാവ്യ എന്നോട് ചോദിച്ചു… എന്താണ് ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നതെന്ന്… അല്ലെങ്കിൽ ഇന്നസെന്റങ്കിളിനെ പോലൊരാൾക്ക് ഈ അസുഖം വരേണ്ട കാര്യമുണ്ടോയെന്ന്.
കാവ്യ എക്സിക്യൂട്ടീവ് അംഗമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു അമ്മയിൽ നിന്നും പത്ത് പൈസ പറ്റിച്ചാൽ നമുക്ക് എനിക്ക് വന്നതുപോലുള്ള രോഗം വരുമെന്ന്. കുട്ടിയായിരുന്നപ്പോൾ എന്റെ മോളായിട്ടൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് കാവ്യയുമായി നല്ല അടുപ്പമുണ്ട്. നിന്നോട് അടുപ്പമുള്ളതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും കാവ്യയോട് ഞാൻ പറഞ്ഞു. പണം മറ്റാരെങ്കിലും എടുക്കുന്നത് കണ്ടിട്ട് കണ്ടില്ലെന്ന് നടിച്ചാലും രോഗം വരുമെന്ന് ഞാൻ കാവ്യയോട് പറഞ്ഞു.
അങ്കിൾ പ്രസിഡന്റല്ലേ, സെക്രട്ടറി മമ്മൂട്ടിയല്ലേ, അപ്പോൾ അദ്ദേഹത്തിന്റെ കാര്യമോയെന്നും അവൾ ചോദിച്ചിരുന്നു. അത് പറയാൻ പറ്റില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. അപ്പോഴേക്കും അവൾക്ക് ടെൻഷനായി. പിന്നെ ഒരാഴ്ച കഴിഞ്ഞ് കാവ്യ എന്നെ വിളിച്ചു. അമ്മയോടും അച്ഛനോടും ഇതൊക്കെ പറഞ്ഞപ്പോൾ നമുക്കൊന്നും വരില്ലെന്നാണ് അവർ പറഞ്ഞതെന്നാണ് കാവ്യ വിളിച്ച് പറഞ്ഞു.
പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാവ്യ വിളിച്ച് അമ്മയിൽ നിന്നും രാജിവെക്കുകയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് തമാശയാണെങ്കിലും അവൾ അത് കാര്യമായാണ് എടുത്തിരുന്നത്. പിന്നെ ഞാൻ കാവ്യയെ വിളിച്ച് തെളിയിച്ച് പറഞ്ഞ് കൊടുത്തുവെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.