Malayalam
നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം!
നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം!
പ്രശസ്ത സിനിമാ സീരിയൽ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറിവിട്ട് ദിലീപ് പുറത്തുപോയിരുന്നില്ല.
മുറിയ്ക്കകത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ജീവനക്കാർ മുറി തുറന്ന് നോക്കിയത്. കട്ടിലിനു താഴെ തറയിൽ ആണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉണ്ടെന്ന് പോലീസ് പറയുന്നു. പഞ്ചാഗ്നി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഹോട്ടലിൽ നിന്നു പുറത്തേയ്ക്ക് പോയിരുന്നില്ല.
ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്‌ഷൻ മാനേജർ ഫോണിൽ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഇന്നലെ പ്രൊഡക്‌ഷൻ വിഭാഗത്തിലുള്ളവർ ദിലീപിനെ അന്വേഷിച്ച് ഹോട്ടലിൽ എത്തി. മുറി തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ദിലീപ് ശങ്കറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദിലീപ് ശങ്കർ ചികിത്സ തേടിയിരുന്നതായും എന്നാൽ ഇടയ്ക്ക് ചികിത്സ മുടക്കുന്ന പതിവുണ്ടായിരുന്നുവെന്നുമാണ് മനോജ് പറഞ്ഞിരുന്നത്.
അമ്മ അറിയാതെ, പഞ്ചാഗ്നി, സുന്ദരി എന്നീ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദിലീപ് ശങ്കർ ഒട്ടേറെ സിനിമകളിലും വേഷമിട്ടു. 1995ൽ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്ത് എത്തുന്നത്.
എറണാകുളം സ്വദേശിയാണ്. ദിലീപ് ശങ്കറിന്റെ ഭാര്യ സുമ, മക്കൾ ദേവ ദിലീപ്, ധ്രുവ് ദിലീപ്. മൃതദേഹം ഇന്ന് രാവിലെ 11 ന് എറണാകുളം ചിറ്റൂ4 സെന്റ് മേരീസ് സ്കൂളിൽ പൊതുദ4ശനത്തിനു വെച്ച ശേഷം 12 ന് സംസ്കരിക്കുമെന്നാണ് വിവരം. ചേരാനല്ലൂർ ശ്മശാനത്തിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ. നടന്റെ മരണത്തിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.