Malayalam
ആ ലാലേട്ടൻ ചിത്രം ഒരിക്കൽ കൂടി ഇറക്കണമെന്ന് ആഗ്രഹമുണ്ട്, രണ്ടാഴ്ചയെങ്കിലും ആ സിനിമ ഓടിക്കണം; ആന്റണി പെരുമ്പാവൂർ
ആ ലാലേട്ടൻ ചിത്രം ഒരിക്കൽ കൂടി ഇറക്കണമെന്ന് ആഗ്രഹമുണ്ട്, രണ്ടാഴ്ചയെങ്കിലും ആ സിനിമ ഓടിക്കണം; ആന്റണി പെരുമ്പാവൂർ
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച നരസിംഹത്തിലൂടെയായിരുന്നു കടന്നുവരവ്. പ്രേക്ഷകർ ആഘോഷമാക്കിയ പല മോഹൻലാൽസിനിമയുടെയും തുടക്കത്തിൽ നിർമാണം ആന്റണി പെരുമ്പാവൂർ എന്ന ടൈറ്റിൽ തെളിഞ്ഞു.
മംഗലശ്ശേരി നീലകണ്ഠൻ രണ്ടാംവരവ് നടത്തിയ രാവണപ്രഭുവും തല്ലിത്തോൽപ്പിക്കാനായി വെല്ലുവിളിച്ച മുള്ളൻകൊല്ലി വേലായുധന്റെ നരനും മലയാളസിനിമയുടെ തലവര മാറ്റിയ ജോർജുകുട്ടിയുടെ ദൃശ്യവും ഇരുനൂറുകോടി ക്ലബ്ബിലിടം നേടിയ ലൂസിഫറുമെല്ലാം ആശീർവാദിന്റെ ആകാശത്തെ തിളക്കമേറിയ ചില നക്ഷത്രങ്ങൾ മാത്രം.
ഇന്ന് സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിന്റെ കരിയറിലും ജീവിതത്തിലും വലിയ സ്വാധീനം ആന്റണി പെരുമ്പാവൂരിനുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാനാണ് ആശീർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രം.
ഈ വേളയിൽ എമ്പുരാന്റെ റിലീസിന് മുമ്പ് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂർ. എമ്പുരാന്റെ റിലീസിന് മുമ്പ് ലൂസിഫർ തിയേറ്ററിൽ ഒരിക്കൽ കൂടി ഇറക്കണമെന്ന് ആഗ്രഹമുണ്ട്. എമ്പുരാൻ വരുന്നതിന് രണ്ടാഴ്ച മുമ്പ് ലൂസിഫർ തിയേറ്ററിൽ എത്തിക്കണം, ആളുകൾ അത് വന്ന് കാണണം. രണ്ടാഴ്ചയെങ്കിലും ആ സിനിമ ഓടിക്കണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷേ, ആ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മാർച്ച് 27നാണ് എമ്പുരാൻ തിയേറ്ററിലെത്തുന്നത്.
