‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ അപൂർവ്വ നടനാണ് ആന്റണി വർഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങിയ ശേഷം ആന്റണി അറിയപ്പെടുന്നത്. ഇപ്പോഴിതാ സിനിമയിൽ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ.
പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഞാൻ സെമിനാരിയിൽ ചേർന്നിരുന്നു. ഒമ്പത് മാസക്കാലം നിന്നു. മൈസൂരായിരുന്നു സെമിനാരി. എന്നാൽ തുടരാൻ സാധിച്ചില്ല. ഒമ്പത് മാസം കഴിഞ്ഞ് ഞാൻ തിരികെ വീട്ടിൽ വന്നു. പിന്നെ പ്ലസ് വണ്ണിന് ചേർന്ന് പഠിച്ചു. ഫ്രീഡം നഷ്ടപ്പെട്ടതുപോലെ സെമിനാരിയിൽ ചേർന്നപ്പോൾ തോന്നി.
എല്ലാ ദിവസവും ഒരുപോലെ. കൃത്യനിഷ്ടയും ചിട്ടയുമാണ് അവിടെ എല്ലാ കാര്യത്തിലും. അപ്പന്റെ വരുമാനത്തിലായിരുന്നു ചെറുപ്പകാലത്ത് മുഴുവൻ ജീവിച്ചിരുന്നത്. ആരോഗ്യപരമായി വയ്യാത്തതുകൊണ്ട് അപ്പൻ ഇപ്പോൾ ഓട്ടോ ഓടിക്കാൻ പോകാറില്ല. ഞാനായിട്ട് അവരുടെ ഫ്രീഡത്തിൽ കൈ കടത്താറില്ല. അതുകൊണ്ടാണ് അപ്പൻ ഓട്ടോ ഓടിച്ചിരുന്നപ്പോഴൊന്നും നിർത്താൻ പറയാതിരുന്നത്.
പിന്നീട് അമ്മ കുറച്ച് കാലം ജോലിക്ക് പോയി. അമ്മ നിർത്തിയപ്പോൾ പെങ്ങൾ ജോലിക്ക് പോയി തുടങ്ങി. ആ സമയത്ത് പെങ്ങളും അപ്പനും കൂടിയാണ് കുടുംബം നോക്കിയിരുന്നത്. ഞാൻ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എനിക്ക് അനിയത്തിയാണുള്ളത്. അവൾ കുറച്ചുകാലം എനിക്ക് ചിലവിന് തന്നിട്ടുണ്ട്.
ജോലിക്ക് പോകാൻ ആവശ്യപ്പെട്ട് അപ്പനും അമ്മയും ഞാനുമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിട്ടൊക്കെയുണ്ട്. സിനിമയിലേയ്ക്ക് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കൾ വഴി എത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ എന്റെ പ്ലാൻ ഒന്നുമല്ല നടന്നത് എന്നാണ് ആന്റണി വർഗീസ് പറഞ്ഞത്.