News
ഒരു മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേര്; വിജയ്യുടെ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ആളുകളുടെ ഇടിച്ചുകയറ്റം
ഒരു മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേര്; വിജയ്യുടെ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ആളുകളുടെ ഇടിച്ചുകയറ്റം
നടന് വിജയ് ആരംഭിച്ച പുതിയ പാര്‍ട്ടിയിലേയ്ക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോണ്‍ വഴിയും വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്ക്കരിച്ചത്.
ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തില്‍ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റില്‍ കയറിയത്. ഇതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.
‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴില്‍ താന്‍ നല്കിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയില്‍ ചേരാന്‍ വിജയ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘സമത്വത്തിന്റെ അടിസ്ഥാന തത്വം പാലിച്ച് ടിവികെയില്‍ ചേരുന്നതിലൂടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദയവായി പ്രതിജ്ഞ വായിച്ച് അംഗത്വ കാര്‍ഡ് ലഭിക്കുന്നതിന് ക്യുആര്‍ കോഡ് ഉപയോഗിക്കുക,’ എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ താരം പറഞ്ഞു.
പാര്‍ട്ടിയില്‍ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. അതേസമയം വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലില്‍ മധുരയില്‍ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
