Connect with us

അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ്

Social Media

അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ്

അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ്

നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്‌കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അന്ന് താൻ ക്ലാസിൽ കണ്ട ചുരുളൻ മുടിക്കാരനിൽ നിന്നും ഇന്നത്തെ ഷൈൻ ടോം ചാക്കോയിലേക്കുള്ള മാറ്റത്തെക്കുറിച്ചാണ് അധ്യാപിക കുറിപ്പിൽ പറയുന്നത്.

ബിന്ദുവിന്റെ കുറിപ്പിന്റെ പൂർണരൂപം;

പത്തിരുപത് കൊല്ലമെങ്കിലും ആയിക്കാണും. പൊന്നാനി എം.ഐ.യിലെ പ്ലസ്സ് വൺ ക്ലാസിൽ ഇംഗ്ലീഷ് പുസ്തകവുമായി ചെല്ലുമ്പോഴാണ് ചുരുണ്ട മുടിയുള്ള മെലിഞ്ഞൊരു പയ്യൻ കണ്ണിൽപ്പെട്ടത്. ഒരു സെക്കന്റ് കണ്ണിലേക്ക് തന്നെ നോക്കിയാൽ അവന്റെ കണ്ണുകൾ കീഴ്‌പ്പോട്ടോ പുസ്തകത്തിലേക്കോ മാറുമായിരുന്നു.

ക്ലാസ്സിൽ ഷൈൻ ചെയ്ത് ടീച്ചർമാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് ക്ലാസ് മേറ്റ്‌സിന്റെ ഗുഡ് ലിസ്റ്റിലോ പെടാൻ മെനക്കെടാത്തൊരു കക്ഷി. ഡയലോഗടിയിൽ തീരെ താല്പര്യം ഇല്ലാത്ത കുട്ടി. എന്തെങ്കിലും ചോദിച്ചാൽ തലയും മുഖവും തടവി, തപ്പിത്തടഞ്ഞു മറുപടി പറയുന്നവൻ. പുറത്തുകണ്ടാൽ ഒരു ചെറുചിരിയിൽ പരിചയം ഒതുക്കുന്നവൻ, കലാമേളക്കാലമാവുമ്പോഴേക്ക് വേറൊരാളാവുമായിരുന്നു.

കലോത്സവ നാടകങ്ങളിലെ അവന്റെ അനായാസ ഭാവപകർച്ചകൾ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. ജില്ലാ, സംസ്ഥാനകലോത്സവങ്ങളിൽ ബെസ്റ്റ് ആക്ടർ ഒക്കെയായി അവൻ സ്‌കൂളിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായി. ഞങ്ങളുടെ തന്നെ ഗേൾസ് സ്‌കൂളിലെ ടീച്ചറുടെ മകനായിട്ടും, കോഴ്‌സ് കഴിഞ്ഞു പോയവനെ ഞാനും മറന്നു.

പിന്നിടെപ്പോഴോ ആണ് കമലിന്റെ ഗദ്ദാമ എടപ്പാൾ ഗോവിന്ദയിലിരുന്ന് കാണുമ്പോൾ മരുഭൂമിയിലെ ഒരു കൂടാരത്തിൽ നിന്ന് ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കുന്നൊരു ചടച്ച രൂപം ഇറങ്ങിയോടുന്നത് കണ്ണിൽപ്പെട്ടത്. ഈ കണ്ണുകൾ മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു കൊള്ളിയാൻ മിന്നി.

ചെക്കോവിന്റെ വാൻകയെ കുട്ടനാട്ടിലേക്ക് കൊണ്ടുവന്ന ജയരാജിന്റെ ഒറ്റാൽ. അതിന്റെ കുറെ പണികളിൽ പ്രേമനുണ്ടായിരുന്നതുകൊണ്ട് റിലീസിനും മുൻപേ ലാപ്പ്‌ടോപ്പിൽ കണ്ടിരുന്നു. ആ കുട്ടിയെ, പണിക്കെന്ന് പറഞ്ഞ് കൊത്തിക്കൊണ്ടുപോവുന്ന മേസ്ത്രിയുടെ വല്ലാത്തൊരു നീട്ടിത്തുപ്പൽ. അപ്പോഴാണ് പണ്ട് ക്ലാസിലിരുന്ന ആ ചുരുണ്ടമുടിക്കാരൻ പയ്യനാണ് ഈ ഷൈൻ ടോം ചാക്കോ എന്നുറപ്പിക്കുന്നത്.

പിന്നെ കമ്മട്ടിപ്പാടത്തും, പറവയിലും, കുറുപ്പിലും, ഭീഷ്മപർവത്തിലും ഇഷ്ഖിലുമൊക്കെ അവന്റെ കഥാപാത്രങ്ങൾ എന്നിലെ കാഴ്ചക്കാരിയിൽ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാൻ കഴിയുന്നതിലാണല്ലോ നടനെന്ന നിലയിൽ എന്റെ കുട്ടിയുടെ മിടുക്കെന്ന് സിനിമ കഴിഞ്ഞു തിരിച്ചുവരുന്ന വഴികളിലോർത്തു.

അതിനിടക്ക്, മനംപിരട്ടലുണ്ടാക്കുന്ന ഓൺലൈൻ ഇന്റർവ്യൂ ചോദ്യങ്ങൾക്ക് ഷൈനിലെ വികൃതിപ്പയ്യൻ ഉരുളയ്ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന കിടിലൻ തർക്കുത്തരങ്ങൾ ഞാനും നന്നായി ആസ്വദിച്ചു. എന്റെ സ്റ്റുഡന്റാണ് ഷൈൻ എന്ന് പലയിടത്തും പറഞ്ഞു. വേണ്ടിടത്തെ തർക്കുത്തരങ്ങളിൽ നിൽക്കാതെ അവന്റെ കുരുത്തക്കേടുകൾ കുഴപ്പങ്ങളിലേക്ക് പോവുന്നത് ഞാനും കണ്ടു. ഇനി ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞു ഞെളിയേണ്ട എന്ന് പറഞ്ഞവരും ഉണ്ട്. ഇഷ്ടമില്ലാത്തത് പറഞ്ഞാൽ പുച്ഛം ഇമോജി ഇടാൻ അന്നും രണ്ടാമതൊന്ന് ചിന്തിക്കാറില്ലായിരുന്നു.

അതിൽ നിന്നുയർന്ന ഷൈൻ പിന്നെയും സിനിമകളിൽ എന്നെയും വിസ്മയിപ്പിച്ചു. മലയാളത്തിന് ഇങ്ങനെയൊരു പ്രതിഭ, ഭാഗ്യമാണെന്ന് നമ്മൾ പറഞ്ഞു. അന്നൊരു രാത്രി, കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്ന ഈ ചങ്ങാതിയുടെ വിഷ്വൽ കണ്ടപ്പോൾ…തലയിൽ കൈവെച്ചുപോയ്. കുരുത്തക്കേടിന് പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവൻ പിന്നെ വന്നു. അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി.

ഞങ്ങൾ അമ്മമാരും ടീച്ചർമാരും അങ്ങനെയൊക്കെയാ…എത്ര വികൃതികാട്ടിയാലും കുട്ടികളോട് ഞങ്ങൾക്ക് അങ്ങനെയേ തോന്നൂ. ഷൈനിനെപ്പോലൊരു മിടുക്കാനാവുമ്പോൾ പ്രത്യേകിച്ചും. ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിൽക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാർത്ത കണ്ടപ്പോൾ സങ്കടം തോന്നി. ആ നേരം നോക്കി ഷൈനിനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാൾ സങ്കടം തോന്നിയത്.

പ്രിയപ്പെട്ട ഷൈൻ, അച്ഛന് വേണ്ടി, അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക. സിനിമയിൽത്തന്നെ നിൽക്കണമെന്ന് നിനക്ക് നിർബന്ധമുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിൽ നീയുണ്ടാവണമെന്ന് എന്നെപ്പോലെ കുറേയാളുകൾക്ക് നല്ല നിർബന്ധമുണ്ട്. നിന്റെ ശീലം പോലെ ജീവിതത്തിൽ അഭിനയിക്കാതിരിക്കുക. സിനിമയിൽ അഭിനയിച്ചു ജീവിക്കുക.

നിന്റെ പഴയ ബിന്ദു ടീച്ചർ.

Continue Reading
You may also like...

More in Social Media

Trending

Recent

To Top