Malayalam
എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഇവർ ദുരുപയോഗം ചെയ്‌തതാണ് ഫോട്ടോ എന്ന് എല്ലാവരോടും പറയേണ്ട ഗതികേട് വന്നിരിക്കുകയാണ്; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, ഇവർ ദുരുപയോഗം ചെയ്‌തതാണ് ഫോട്ടോ എന്ന് എല്ലാവരോടും പറയേണ്ട ഗതികേട് വന്നിരിക്കുകയാണ്; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് എന്ന താരത്തെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയാൻ മടികാണിക്കാത്ത താരം വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ ചില യൂട്യൂബ് ചാനലുകളിലും ചില ഓൺലൈൻ മീഡിയകളിലും വന്ന തന്റെ വിവാഹ വാർത്തയ്ക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ചിത്രം സഹിതമാണ് ചിലർ വാർത്തകൾ നൽകിയതെന്നാണ് പണ്ഡിറ്റിന്റെ ആരോപണം.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ;
പലരും റീച്ചിന് വേണ്ടി മോശം മെത്തേഡുകളാണ് സ്വീകരിക്കുന്നത്. പ്രമുഖരായ മരിക്കാത്ത ആളുകൾ മരിച്ചുവെന്ന് പറയുക, വിവാഹം നടക്കാത്തവരുടേത് കഴിഞ്ഞുവെന്ന് പറയുക പോലെയുള്ള വാർത്തകൾ. ഈ നടി ഗർഭിണിയാണോ, ചിലപ്പോൾ കല്യാണം പോലും കഴിയാത്ത പെൺകുട്ടി ആയിരിക്കും. ആ നടനാണ് ഉത്തരവാദി എന്നൊക്കെ പറഞ്ഞായിരിക്കും കൊടുക്കുക.
പെട്ടെന്ന് തമ്പ് കാണുമ്പോൾ കയറാൻ തോന്നും. അതിലേക്ക് ക്ലിക്ക് ചെയ്യിക്കാൻ വേണ്ടിയാണ് ഇത്. എന്റെ കല്യാണം കഴിഞ്ഞുവെന്ന് ചില യൂട്യൂബ് ചാനലുകളിൽ വാർത്തകളിൽ വന്നിരുന്നു. അതിന്റെ പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം ഞാൻ അറിഞ്ഞിട്ടില്ല. ഈ ഫോട്ടോയിൽ ഉള്ളത് എന്റെ ഒരു സിനിമയിൽ നിന്നുള്ള രംഗത്തിൽ നിന്ന് എടുത്തതാണ്.
ഒരു നായികയും ഞാനും കൂടി നിൽക്കുന്ന ഫോട്ടോയാണ് അത്. ഇതിപ്പോ സന്തോഷ് പണ്ഡിറ്റിന്റെ കല്യാണം കഴിഞ്ഞുവെന്നൊക്കെ പറഞ്ഞ് അവർ വാർത്ത കൊടുത്തതാണ്. മോശമായിട്ട് ഒന്നും അതിൽ പറഞ്ഞിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കല്യാണം കഴിഞ്ഞു, എല്ലാ ആശംസകളും എന്ന നിലയിലാണ് അവർ കൊടുത്തത്. എങ്കിലും ഇല്ലാത്ത ഒരു കല്യാണമാണ് നടന്നുവെന്ന് അവർ പറയുന്നത്.
വാർത്ത കണ്ട പലരും എന്നെ വിളിച്ച് അന്വേഷിച്ചു. എന്താണ് സംഭവം എന്നറിയാനാണ് വിളിച്ചത്. ചിലർ പിണങ്ങുകയും ചെയ്‌തു. ഇത്രയും അടുപ്പമുണ്ടായിട്ടും കല്യാണത്തിന് വിളിക്കാത്തതിന് ഒരുപാട് പേർ പരിഭവം അറിയിച്ചു. ഇതിങ്ങനെ ഓരോരുത്തർക്കും മറുപടി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് ഈ വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നത്. ഇവർ ദുരുപയോഗം ചെയ്‌തതാണ് ഫോട്ടോ എന്ന് എല്ലാവരോടും പറയേണ്ട ഗതികേട് വന്നിരിക്കുകയാണ്.
ഇതിലെ മറ്റൊരു പ്രശ്‌നം ആ പെൺകുട്ടി ഒരുപാട് വർഷം മുൻപ് എന്റെ സിനിമയിൽ അഭിനയിച്ചതാണ്. അവരുടെ കല്യാണവും ഒക്കെ കഴിഞ്ഞ് ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. അത് കൊണ്ട് തന്നെ ഇത്തരം വാർത്തകൾ അവർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ആ കുട്ടിയുടെ വിഷമം ഒന്ന് ആലോചിച്ചു നോക്കുക. അനാവശ്യമായി ഇതുപോലെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
തന്റെ ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു ആദ്യ വിവാഹമെന്ന് സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു മകനുമുണ്ട്. ഒരു വർഷത്തോളം ഞങ്ങൾ ഒരുമിച്ചുജീവിച്ചശേഷമാണ് ബന്ധം വേർപ്പെടുത്തിയത്. ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ പരസ്പര ധാരണയോടെ ഞങ്ങൾ വേർപിരിയുകായയിരുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോൾ എന്റെ കോംപ്ലക്‌സാവാം കാരണം.
ആളുകൾക്ക് ഇതേക്കുറിച്ച് എന്തുകഥകളും പറഞ്ഞുപരത്താം. പക്ഷേ ഒന്നുണ്ട് ഞങ്ങൾ സമാധാനപരമായി ജീവിച്ചു, സമാധാനപരമായി വേർപിരിഞ്ഞു. ഭാര്യയുമായി ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലെന്നുമാണ് അദ്ദേഹം വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നത്.
അതേസമയം, ഒരു സിനിമയുടെ സംവിധാനത്തിൽ തുടങ്ങി ലൈറ്റ് ചുമക്കുന്നത് വരെയുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്ത് മുഖ്യധാരാ ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വതസിദ്ധമായ ശൈലിയിൽ സിനിമ ചെയ്താണ് സന്തോഷ് പണ്ഡിറ്റ് പ്രേക്ഷകരുടെ മനസിലിടം നേടിയത്. കൊറോണ പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന പാവപ്പെട്ടവർക്ക് സ്വന്തം വരുമാനത്തിന്റെ സിംഹഭാഗം കെടുത്തും അദ്ദേഹം മാതൃകയായിരുന്നു.
