Malayalam Movie Reviews
ഇത് നിങ്ങളുദ്ദേശിച്ച സച്ചിനല്ല ! പ്രണയവും സൗഹൃദവും പിന്നെ പാടത്തെ ക്രിക്കറ്റും !റിവ്യൂ വായിക്കാം !
ഇത് നിങ്ങളുദ്ദേശിച്ച സച്ചിനല്ല ! പ്രണയവും സൗഹൃദവും പിന്നെ പാടത്തെ ക്രിക്കറ്റും !റിവ്യൂ വായിക്കാം !
By
ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് സച്ചിൻ തിയേറ്ററുകളിലേക്ക് എത്തിയത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ് എൽ പുരം ജയസൂര്യയുടെ തിരക്കഥയിൽ സന്തോഷ് നായരാണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു തനി ക്രിക്കറ്റ് ചിത്രം പ്രതീക്ഷിച്ചവർക്ക് പക്ഷെ സച്ചിൻ മറ്റൊരു അനുഭവമാണ്. പേരിലും പോസ്റ്ററിലും ട്രെയ്ലറിലുമൊക്കെ കണ്ട ക്രിക്കറ്റ് അല്ല സിനിമയിൽ. ഇവിടെ അതൊരു പശ്ചാത്തലം മാത്രമാണ്. അതിലൂടെ പ്രണയവും സൗഹൃദവുമൊക്കെ പറഞ്ഞു പോകുകയാണ് സച്ചിനിൽ .
ധ്യാൻ ശ്രീനിവാസനും അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനുമാണ് ചിത്രത്തിലെ നായകനും നായികയും. ‘ഇത് ക്രിക്കറ്റിനെ കുറിച്ചുള്ളൊരു കഥയല്ല, ക്രിക്കറ്റ് കളിക്കാരന്റെ കഥയുമല്ല, ഒരു വ്യക്തിയുടെ ജീവിതത്തിൽ ക്രിക്കറ്റിന് എന്തുമാത്രം സ്വാധീനം ചെലുത്താനാകും എന്നു പറയുന്ന കഥയാണ്’,എന്ന ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. പക്ഷെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമുക്ക് സിനിമയിൽ ബന്ധപ്പെടുത്താൻ സാധിക്കും.
കപിൽദേവിനെയും ഗവാസ്കറെയുമൊക്കെ നർമം ചാലിച്ച് സ്മരിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഇടവേളയില്ലാതെ കുഞ്ഞുങ്ങളുണ്ടാകുന്ന ഒരു ഭര്‍ത്താവിനെ കപിൽ ദേവിന്റെ ആളാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവരെ കുഞ്ഞുങ്ങളുമൊന്നുമാകാത്തൊരാളെ ഗവാസ്കറിന്റെ ആളാണെന്നും മുട്ടിമുട്ടി സമയമെടുത്തൊക്കെ എന്തെങ്കിലും നടക്കുകയുള്ളൂവെന്നുമൊക്കെയാണ് പറയുന്നത്.
ചിത്രത്തിൽ തുടക്കം തന്നെ ഒരു പ്രസവ സീൻ ആണ്. വിശ്വനാഥൻ എന്നയാൾക്ക് കുഞ്ഞു ജനിക്കുന്നു. മണിയൻപിള്ള രാജു അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനെയാണ് ഗവാസ്കറിന്റെ ആളെന്ന് വിശേഷിപ്പിച്ചത് .ഇന്ത്യയുടെ വിജയമാഘോഷിച്ച് ജനിച്ച കുഞ്ഞെന്ന നിലയിലും , സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ അരങ്ങേറിയ ദിവസം ജനിച്ചെന്ന നിലയിലുമാണ് ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തിന് സച്ചിൻ എന്ന് പേര് നൽകുന്നത്.
സച്ചിൻ ക്രിക്കറ്റ് കളിച്ചു വളരുകയും തന്നെക്കാൾ പ്രായം മുതിർന്ന നായികയായ അഞ്ജലിയെ പ്രണയിക്കുകയുമൊക്കെയാണ് സിനിമയിൽ. സച്ചിനിൽ ഏറ്റവും ശ്രദ്ധേയമായത് പൂച്ച ഷൈജുവായി എത്തിയ ഹരീഷ് കണാരനും , ജെറിയായി എത്തിയ അജു വർഗീസുമാണ്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ എടുത്തു പറയേണ്ടതാണ്. ഇ ഫോർ എന്റര്ടെയ്ൻമെന്റാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. ജെജെ പ്രോഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നൽ സുധീറും ജൂബി നൈനാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂബി ചിത്രത്തിൽ നവീൻ എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുമുണ്ട്. കൊച്ചുപ്രേമൻ, ബാലാജി ശര്‍മ്മ, ആബിദ് നാസർ, രെശ്മി ബോബൻ, സേതുലക്ഷ്മി, മനോജ്, എലിസബത്ത്, അരുൺ രാജ്, യദുകൃഷ്ണ, വത്സല മേനോൻ, ലിജ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങള്‍.
sachin movie review
