പൂർണിമയുടെ സിനിമാരംഗത്തെക്കുള്ള തിരിച്ചെത്തലിനുമുണ്ടൊരു പൂർണചന്ദ്രന്റെ തിളക്കം.
ജനമനസിൽ താരമാകണമെങ്കിൽ സിനിമമാത്രം മതിയെന്ന പല്ലവികൾ തിരുത്തി അവതാരകയായ പൂർണിമ ഇന്ദ്രജിത്ത് 17 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭർത്താവിന്റെ ആശംസകളോടെ തിരിച്ചെത്തുന്നത്. പുറത്തിറങ്ങുന്നതിനുമുമ്പേ വൈറലായ ആഷിക് അബുവിന്റെ വൈറസടക്കം രണ്ടു ചിത്രങ്ങളിലാണ് പ്രധാന വേഷത്തിലെത്തുന്നത്. പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ഭർത്താവ് ഇന്ദ്രജിത്ത് ആശംസകളറിയിച്ചത്. ഇന്ദ്രജിത്തും വൈറസിൽ അഭിനയിക്കുന്നുണ്ട്.
നിപാ കാലത്തെ ജീവിതം തിരശീലയിലെത്തിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത ആഷികിന്റെ ചിത്രം താരസമ്പന്നമാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ, ഇന്ദ്രജിത്ത്, രേവതി, സൗബിൻ, രമ്യാനമ്പീശൻ, മഡോണ, ജോജു, ദിലീഷ് പോത്തൻ എന്നിങ്ങനെ നീളുന്നു ആ നിര. ജില്ലാ ഹെൽത്ത് സെക്രട്ടറിയുടെ റോളാണ് പൂർണിമയ്ക്ക്. കോർപറേഷൻ ഹെൽത്ത് ഓഫീസറായി ഇന്ദ്രജിത്തും എത്തുമെങ്കിലും ഇരുവരും ഒന്നിച്ചുള്ള സീനുകളൊന്നുമില്ല.
വൈറസ് കൂടാതെ രാജീവ് രവിയുടെ നിവിൻ പോളി ചിത്രമായ തുറമുഖത്തിലും പൂർണിമ പ്രധാനവേഷത്തിലെത്തും. ഇതിലും ഇന്ദ്രജിത്തുണ്ടെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകളില്ല. 1997ൽ ഇന്നലെകളില്ലാതെ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് ടെലിവിഷൻ അവതാരകയായിരുന്ന പൂർണിമ മോഹൻ സിനിമയിലേക്കെത്തിയത്.
നിരവധി സീരിയലുകളിലും വർണക്കാഴ്ചകൾ, രണ്ടാംഭാവം, മേഘമൽഹാർ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ടി വി ചന്ദ്രന്റെ ഡാനിയിലാണ് ഒടുവിൽ അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരൽ എന്ന ചിത്രത്തിനുവേണ്ടി ഡബ് ചെയ്തു. ഏഷ്യാനെറ്റ്, മഴവിൽ മനോരമ തുടങ്ങീ ചാനലുകളിൽ നിരവധി പരിപാടികൾക്ക് അവതാരകയായി.
poornima-indrajith-is-back-to-malayalam-movies
