Actress
വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ
വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ അഭിനയത്തിലേയ്ക്ക് എത്തിയ സഹോദരിമാരാണ് പൂർണ്ണിമയും സഹോദരി പ്രിയയും. മാഗസീനിൽ കവർ ഗേളായി ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെയാണ് സിനിമാ-സീരിയൽ രംഗത്തേയ്ക്ക് പൂർണ്ണിമ അരങ്ങേറുന്നത്. വിവാഹിതയാകുന്നത് വരെ അഭിനയത്തിൽ സജീവമായിരുന്നു ഇരുവരും. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം പൂർണ്ണിമ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി.
പക്ഷെ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളൂ. പ്രിയ ഭർത്താവിനും മകനുമൊപ്പം യുട്യൂബ് വ്ലോഗിങും യാത്രകളും ബിസിനസുമെല്ലാമായി തിരിക്കിലാണ്. അതിനാൽ തന്നെ അഭിനയത്തിലേയ്ക്ക് ശ്രദ്ധ കൊടുത്തിട്ടില്ല. പ്രിയയുടെ ഭർത്താവ് നിഹാലും നടനാണ്. മുംബൈ പോലീസിലെ നിഹാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഒരു വഴക്കിനെക്കുറിച്ചും അത് പരിഹരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ മോഹനും ഭർത്താവും. വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയെന്നും പ്രിയയുടെ സഹോദരിയും നടിയുമായ പൂർണിമയും ഭർത്താവ് ഇന്ദ്രജിത്തും ഇടപെട്ടാണ് പരിഹരിച്ചതെന്നും പ്രിയയും നിഹാലും പറയുന്നു.
മൂന്ന് വർഷത്തിന് മുമ്പ് തങ്ങൾക്കിടയിൽ ഒരു വഴക്ക് നടന്നു. മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് അതിനെ വേണമെങ്കിൽ പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്തുപറയാനായിട്ട് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്തുചാട്ടവും ആയിരുന്നു. ചിലപ്പോൾ അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടി ആയിരിക്കാം ആ പ്രതിസന്ധി ഉണ്ടായതെന്നാണ് നിഹാൽ പറയുന്നത്.
മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ. എന്നാൽ അന്ന് കുടുംബം ഇടപെട്ടതിനാലാകാം പെട്ടെന്നൊരു വിവാഹ മോചന ചിന്ത മാറിപ്പോയതെന്നും പ്രിയയും പറഞ്ഞു. അനുവും ഇന്ദ്രേട്ടനും ഞങ്ങളോട് സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹ മോചനത്തിൽ എത്തുമായിരുന്നു. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ച് കൂടി സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്.
അവർ ഇടപെട്ടത് കൊണ്ട് മാത്രമല്ല, പിരിയാതിരുന്നതെന്നും ആ തീരുമാനം ഒരു എടുത്ത് ചാട്ടം ആയിപ്പോയെന്ന് സ്വയം തോന്നിയിരുന്നെന്നും നിഹാൽ പറയുന്നു. ഇന്നത്തെ കാലത്ത് വേർപിരിയൽ എളുപ്പമാണ്. പക്ഷേ പ്രശ്നം പരിഹരിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ വീട്ടുകാർ ആദ്യം പറയുക നമുക്ക് നോക്കാം വന്നോ എന്നാകും. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹ മോചനം എന്നത് എളുപ്പമാണെന്നും പക്ഷേ ആ പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രയാസമെന്നും നിഹാൽ പറഞ്ഞു.
കല്യാണം കഴിഞ്ഞ സമയത്ത് സീരിയലിൽ അഭിനയിച്ചിരുന്നു. മകൻ വേദു വന്നതോടെയാണ് മുഴുവൻ സമയവും വീട്ടിലാകുന്നത് പ്രസവാനന്തരം കുറച്ച് വിഷാദ അവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങളും മുഴുവൻ സമയം കുഞ്ഞിനെ നോക്കലുമൊക്കെ ആയതോടെയാണ് സമ്മർദ്ദം അനുഭവപ്പെടാൻ തുടങ്ങിയത്. ആ സമയത്താണ് തങ്ങൾ വഴക്കിട്ട് തുടങ്ങിയതെന്നും പ്രിയ പറഞ്ഞു.
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. നടിയും സംരംഭകയുമായ പൂർണിമ സോഷ്യൽ മീഡിയയിലും സജീവമാണ്. ജീവിതത്തിലെ ഓരോ സന്തോഷവും പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വെറും ഒന്നര വർഷം മാത്രമായിരുന്നു പൂർണിമ സിനിമയിൽ ഉണ്ടായിരുന്നത്. അതിനിടയിൽ ഇന്ദ്രജിത്തിനെ കണ്ടുമുട്ടുകയും പ്രണയമാവുകയും അത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു.
വിവാഹ സമയത്ത് പൂർണിമയ്ക്ക് 23 വയസും ഇന്ദ്രജിത്തിന് 22 വയസും ആയിരുന്നു പ്രായം. പിന്നീടുള്ള ഇരുവരുടെയും വളർച്ച ഒരുമിച്ച് ആയിരുന്നു. ഭാര്യയും ഭർത്താവും എന്നതിൽ ഉപരി രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണെന്ന് ഇന്ദ്രജിത്തും പൂർണിമയും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.