Connect with us

മമ്മൂട്ടിയെ പഴശ്ശിരാജയിലെ പോലെ രാജാവായി മാമാങ്കത്തിൽ പ്രതീക്ഷിക്കണ്ട – പത്മകുമാർ

Interviews

മമ്മൂട്ടിയെ പഴശ്ശിരാജയിലെ പോലെ രാജാവായി മാമാങ്കത്തിൽ പ്രതീക്ഷിക്കണ്ട – പത്മകുമാർ

മമ്മൂട്ടിയെ പഴശ്ശിരാജയിലെ പോലെ രാജാവായി മാമാങ്കത്തിൽ പ്രതീക്ഷിക്കണ്ട – പത്മകുമാർ

ഇനി മലയാള സിനിമ ലോകവും ആരാധകരും കാത്തിരിക്കുന്നത് മാമാങ്കത്തിനായാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത് . എന്നാൽ അങ്ങനെയൊരു ചിത്രമല്ല മാമാങ്കം എന്ന് പറയുകയാണ് സംവിധായകൻ പദ്മകുമാർ .

ഒരു വടക്കൻ വീരഗാഥ പോലെയുള്ള വലിയ പ്രമേയം ആധാരമാക്കിയുള്ള ഒരു സിനിമ ചെയ്യാൻ പറ്റുക, ആ സിനിമയിൽ മമ്മൂക്കയെത്തന്നെ നായകനായി കിട്ടുക, അദ്ദേഹത്തെ അഭിനയിപ്പിക്കുക എന്നിങ്ങനെയുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. അത് വലിയ അഭിമാനത്തോടെ കാണുന്നു.

മാർക്കറ്റിങ് സമയത്തുള്ള ഒരു ഹൈപ്പിന്റെ താരതമ്യം മാത്രമേ ബാഹുബലിയുമായി മാമാങ്കത്തിന്ഉണ്ടാവുകയുള്ളൂ. കാരണം സിനിമ ഇറങ്ങിക്കഴിയുമ്പോൾ ഇത് ബാഹുബലി അല്ലെന്നും ആ ശ്രേണിയിൽ വരുന്ന പ്രമേയമല്ലെന്നും പ്രേക്ഷകർ തിരിച്ചറിയുമെന്നാണ് എന്റെ വിശ്വാസം. ഞാൻ രാജമൗലി അല്ല. എന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം. ഒരിക്കലും ബാഹുബലിയോട് കിടപിടിക്കുന്ന അല്ലെങ്കിൽ അത്തരമൊരു സാങ്കേതികത്തികവോടു കൂടിയ ഒരു സിനിമയല്ല ഞങ്ങളുടെ ലക്ഷ്യം. മാമാങ്കം പശ്ചാത്തലമായി വരുന്നതുകൊണ്ടാണ് ഇതൊരു വലിയ കാൻവാസായി മാറുന്നത്. അതിനപ്പുറം ഇതു സാധാരണ മനുഷ്യരുടെ കഥ പറയുന്ന, അവരുടെ ഇമോഷൻസ് പറയുന്ന, ഒരു സാധാരണ സിനിമയാണ്.

വടക്കൻ വീരഗാഥയിൽ മമ്മൂക്ക ചെയ്ത കഥാപാത്രവും പഴശ്ശിരാജയിലെ കഥാപാത്രവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അതുപോലെ തന്നെയാണ് മാമാങ്കത്തിലേതും. കഥാപാത്രത്തിന്റെ പേര് ഇപ്പോൾ പറയുന്നില്ല. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. അത്തരമൊരു കഥാപാത്രത്തിന് മറ്റുളള കഥാപാത്രങ്ങളിൽനിന്ന് വളരെയേറെ വ്യത്യാസമുണ്ട്.

പഴശ്ശിരാജയിൽ അദ്ദേഹം ഒരു രാജാവായിരുന്നു എങ്കിൽ ഈ സിനിമയിൽ ഒരു സാധാരണ പ്രജ മാത്രമാണ്, രാജാവല്ല. എങ്കിൽപോലും ഒരു രാജാവിനോടു കിടപിടിക്കാവുന്ന എല്ലാ ഭാവങ്ങളും അദ്ദേഹത്തിനുണ്ട്. മമ്മൂക്കയെ സംബന്ധിച്ച് ഈ മൂന്നു കഥാപാത്രങ്ങളും മൂന്നു തലത്തിൽ, മൂന്നു രീതിയിൽ അദ്ദേഹം ചെയ്തിട്ടുണ്ട്.

വടക്കൻ വീരഗാഥ ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നതു കൊണ്ട് എനിക്കു തറപ്പിച്ചു പറയാൻ കഴിയും, മമ്മൂക്കയുടെ അതേ ഊർജം, ആവേശം ഇന്നും അദ്ദേഹം നിലനിർത്തുന്നു. അതേ ആവേശത്തോടെ ഇപ്പോൾ മാമാങ്കത്തിലെ ചാവേറിന്റെ കഥാപാത്രവും ചെയ്യുന്നു. മലയാള സിനിമയ്ക്കല്ല ലോക സിനിമയ്ക്കു തന്നെ എടുത്തു പറയാവുന്ന, വളരെ അപൂർവമായി മാത്രം ചൂണ്ടിക്കാണിക്കാൻ പറ്റുന്ന അനുഭവമായിരിക്കും ഇത്.

വിഎഫ്എക്സ് ഇഫക്ട്സ് എങ്ങനെ ചെയ്താലും അതിൽ ഒരു കൃത്രിമത്വം നമുക്ക് ഫീൽ ചെയ്യും. മലയാളത്തിൽ വടക്കൻ വീരഗാഥ ചെയ്യുമ്പോഴും പഴശ്ശിരാജ ചെയ്യുമ്പോഴും വിഷ്വൽ ഇഫക്ട്സില്ല. വിഎഫ്എക്സ് വളരെ കുറവായിരുന്നു. അതുകൊണ്ട് പരമാവധി റിയലിസ്റ്റിക്കായാണ് അവർ ആ സിനിമ ചെയ്തത്. അതുപോലെതന്നെ ഒരു സിനിമ ചെയ്യുകയായിരുന്നു ഞങ്ങളുടെയും ലക്ഷ്യം. മാത്രമല്ല ബാഹുബലി പോലെയുള്ള, വലിയ കൊട്ടാരങ്ങളുടെയോ രാജാവിന്റെയോ പശ്ചാത്തലത്തിൽ പറയുന്ന കഥയല്ല, സാധാരണ മനുഷ്യരുടെ കഥയാണ്. അതുകൊണ്ട് ആ കാലഘട്ടം പുനർനിർമിക്കേണ്ടിവന്നു. വിഎഫ്എക്സ് എന്നതിനേക്കാൾ കൂടുതൽ റിയലിസ്റ്റിക്കായി എങ്ങനെ സിനിമയെ സമീപിക്കാം എന്നതായിരുന്നു ലക്ഷ്യം. വിഎഫ്എക്സ് കുറച്ച് റിയലിസ്റ്റിക്കായി യഥാർഥമായ ഒരു കഥ അതിന്റെ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതു പൂർത്തീകരിക്കാൻ കഴിഞ്ഞു.

മറ്റു സിനിമകള്‍ ചെയ്യുന്നതില്‍ നിന്നുള്ള വെല്ലുവിളി, അന്നത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുക എന്നതായിരുന്നു. ഒട്ടും അതിഭാവുകത്വമില്ലാതെ ജീവിക്കുന്ന സാധാരണക്കാരുടെ സിനിമയാണ്. അന്നത്തെ കാലഘട്ടം, അവരുടെ വീടുകള്‍, പശ്ചാത്തലം, വേഷങ്ങൾ, രീതികൾ, ചലനങ്ങൾ എല്ലാം പുനഃസൃഷ്ടിക്കേണ്ടി വന്നു. അതിന് ഒരുപാട് റിസർച്ചുകൾ വേണ്ടിവന്നിട്ടുണ്ട്. മമ്മൂക്കയും ഉണ്ണിമുകുന്ദനും മാത്രമല്ല ഓരോ ഫ്രെയിമിലും വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങളെപ്പോലും വളരെ സൂക്ഷ്മതയോടെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

രണ്ടു പ്രധാനപ്പെട്ട മാമാങ്കങ്ങൾ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. എങ്കിൽപ്പോലും ഇതിനെ ഒരു ഇമോഷനൽ ത്രില്ലർ സിനിമ എന്നു പറയാനാണ് ഞാനിഷ്ടപ്പെടുന്നത്. പത്മകുമാർ പറയുന്നു.

pathmakumar about mamankam

More in Interviews

Trending

Recent

To Top