Malayalam Movie Reviews
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.. കഴിഞ്ഞ ദിവസം അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറുമാണ് ശിവൻ. ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്സാക്ഷിയായ ശിവൻ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത പ്രസ് ഫോട്ടോ ഗ്രാഫറാണ്.
ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന നിലയിലാണ് ചലച്ചിത്ര രംഗത്ത് ശിവൻ ശ്രദ്ധേയനായത്. തുടർന്ന് സ്വപ്നം എന്ന ചിത്രം നിർമ്മിക്കുകയും യാഗം, അഭയം,കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം അവാർഡുകൾ വാരിക്കൂട്ടി.
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായിട്ടാണ് ശിവശങ്കരൻ നായരെന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ, സരിതാ രാജീവ് എന്നിവർ മക്കളും ജയശ്രീ, ദീപ, ദീപ്തി,രാജീവ് എന്നിവർ മരുമക്കളുമാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്.