News
ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു; ഭർത്താവിന്റെ ശവ സംസ്കാര ചടങ്ങുകൾ ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മീനയുടെ മറുപടി!
ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു; ഭർത്താവിന്റെ ശവ സംസ്കാര ചടങ്ങുകൾ ചെയ്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മീനയുടെ മറുപടി!
മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടി മീനയുടെ ഭർത്താവ് വിദ്യാസാഗരുടെ മരണം. ശ്വാസകോശ സംബന്ധമായ പ്രശ്ങ്ങളാൽ ചികിത്സ തേടുകയും പിന്നീട് അണുബാധ കയറി ആന്തരികാവയങ്ങൾ പ്രവർത്തന രഹിതമായാണ് വിദ്യാസാഗർ മരിക്കുന്നത്. മകളും ഭർത്താവുമടങ്ങുന്ന സന്തുഷ്ടകുടുംബത്തിൽ ഇതൊരു വേദനയായി മാറി.
ഇപ്പോൾ വേദനകളെ അടക്കിപ്പിടിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കൊണ്ട് വിഷമഘട്ടത്തെ മറികടക്കാൻ ശ്രമിക്കുകയാണ് മീന. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത മീന ദൃശ്യം ഉൾപ്പെടെയുള്ള മലയാളത്തിലെ ഹിറ്റ് സിനിമകളിൽ നായികയാവുന്നത് രണ്ടാം വരവിലാണ്. മീനയുടെ കരിയറിനും വലിയ പിന്തുണയാണ് ഭർത്താവ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ മരണത്തെക്കുറിച്ച് മീന ആദ്യമായി തുറന്ന് സംസാരിച്ചത്.
ഒരു ചാനലിനോടാണ് നടി സംസാരിച്ചത്. ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതം, വിഷമങ്ങളെ അഭിമുഖീകരിക്കാനുണ്ടായ പ്രചോദനം എന്നിങ്ങനെ പല കാര്യങ്ങളെ കുറിച്ച് മീന സംസാരിച്ചു. ഇപ്പോഴിതാ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഭർത്താവിന്റെ ശവ സംസ്കാര ചടങ്ങുകൾ ചെയ്തത് മീന ആയിരുന്നു. ഇതിനെതിരെ ചില കുറ്റപ്പെടുത്തലുകളും നടിക്കെതിരെ വന്നിരുന്നു. ഇതേപറ്റിയാണ് മീന സംസാരിച്ചത്.
‘ആ സമയത്ത് ഞാൻ മറ്റൊരു ലോകത്ത് തന്നെയായിരുന്നു. എന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവിന് വേണ്ടി എന്താണ് ചെയ്യേണ്ടതോ അതാണ് ചെയ്തത്. അതിൽ മറ്റുള്ളവർക്കെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. എന്റെ ഭർത്താവിന് എന്താണ് ഇഷ്ടമാവുക എന്ന് എനിക്കറിയാം.
‘അതാണ് ഞാൻ ചെയ്തത്. അദ്ദേഹത്തിന് എന്താണ് ഇഷ്ടമാവുക, ഇഷ്ടാമാവാത്തത് എന്നൊക്കെ എനിക്കല്ലാതെ മറ്റാർക്കാണ് അറിയുക. അദ്ദേഹത്തിന്റെ ചിന്താഗതി എന്താണെന്ന് എനിക്കറിയാം. അദ്ദേഹം ആഗ്രഹിക്കുന്നതാണ് ഞാൻ ചെയ്തത്. മറ്റൊരാളെ വിഷമിപ്പിക്കാതെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അതാണ് ഞാൻ വിശ്വസിച്ചിരുന്നത്’
‘സാഗർ വളരെ പ്രാക്ടിക്കൽ ആയ ആളായിരുന്നു. എന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തോട് സംസ്കാര ചടങ്ങുകൾ ചെയ്യാനായിരുന്നു പറഞ്ഞത്. പക്ഷെ ഞാൻ പുറത്ത് നിന്ന് വന്നയാളാണ്, നീയാണ് അദ്ദേഹത്തിന്റെ മകൾ നിനക്ക് ചടങ്ങ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യ് എന്നാണ് എന്നോട് പറഞ്ഞത്,’ മീന പറഞ്ഞതിങ്ങനെ. ഭർത്താവിന്റെ മരണ ശേഷം സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും മീന സംസാരിച്ചു.
സൗഹൃദമില്ലാത്തവർ പോലും എന്നെ ആശ്വസിപ്പിച്ചു. അവരുടെ ദുഖം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. സുഹൃത്തുക്കളോട് വളരെ നന്ദി ഉണ്ട്. കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്. വിഷമകരമായ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. അത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടെന്നും മീന പറഞ്ഞു.
ബംഗ്ലൂരിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാ സാഗർ. 2009 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്ന മീന പിന്നീട് തിരിച്ചെത്തിയപ്പോഴും അതേ സ്നേഹം പ്രേക്ഷകർ മീനയ്ക്ക് നൽകി.
about meena
