അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല; വൈറൽ ഫോട്ടോയെക്കുറിച്ച് മമ്മൂട്ടി
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു.മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രം ആ വേഷത്തില്‍ തന്നെ വിശ്രമിക്കുന്ന ചിത്രമായിരുന്നു അത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജാണ് ഫോട്ടോ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഉറങ്ങുന്ന ഫോട്ടോ വൈറലായതിനെക്കുറിച്ച് ക്രിസ്റ്റഫര്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വച്ച് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ
‘ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍.
സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല.’’ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.’ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പരമ്പോൽ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.