ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരല്‍;എന്റെ ദൈവമേ എന്നുള്ള നെഞ്ച് പൊട്ടിയുള്ള വിളി; മിയ ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെ!!
By
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘കാതൽ ദ കോർ’ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ആദ്യ ദിനം തന്നെ ചിത്രത്തിന് 1.0 മില്യൺ കളക്ഷൻ നേടാൻ കഴിഞ്ഞു എന്നതാണ് സത്യം. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെയും സ്വവര്‍ഗ പ്രണയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രവും പ്രകടനവും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
നിരവധി താരങ്ങൾ ഇതിനോടകം തന്നെ ചിത്രത്തെകുറിച്ചതും, അണിയറപ്രവർത്തകരെ അഭിനന്ദിച്ചതും രംഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ കാതലിനെക്കുറിച്ചുള്ള നടി മിയ ജോര്‍ജിന്റെ വാക്കുകളാണ് ചർച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മിയ കാതലിനെക്കുറിച്ച് എഴുതിയത്. ഒരുപാട് മികവുകളുടെ കൂടിച്ചേരല്‍ ആണ് കാതല്‍ എന്നാണ് മിയ പറയുന്നത്. ഇതുപോലൊരു സിനിമ സമ്മാനിച്ചതിന് ജിയോ ബേബിയ്ക്കും മമ്മൂട്ടിയ്ക്കും ജ്യോതികയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ് മിയ.
മിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:- ”കാതല്‍ ദി കോര്‍ കണ്ടു. ഇഷ്ടപെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ല. പക്ഷേ ഈ ചിത്രത്തെ കുറിച്ച് എഴുതി അറിയിക്കണം എന്ന് തോന്നി. മികച്ച സിനിമ എന്ന് ചെറിയ ഒരു വിശേഷണം പോര. ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരല്‍ ആണ് കാതല്‍. ടൈറ്റില്‍ മുതലുള്ള ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഭാവങ്ങളും എല്ലാം ഉഗ്രന്‍.”
എനിക്ക് ഏറെ പരിചിതമായ പാലാ, തീക്കോയി എന്നീ സ്ഥലങ്ങളില്‍ പ്ലേസ് ചെയ്തതുകൊണ്ട് ആവാം തുടക്കം മുതല്‍ എനിക്ക് ഞാന്‍ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ആണ് തോന്നിയത്. മാത്യൂ ആയി മമ്മൂക്ക ജീവിക്കുക ആയിരുന്നു. പ്രത്യേക വേഷവിധാനം അല്ലെങ്കില്‍ ലൗഡ് ആയ ഭാവങ്ങള്‍ ഇല്ലാതെ തന്നെ ആ കഥാപാത്രം അഭിനയിച്ചു വിസ്മയിപ്പിച്ചു. ഓമനയുടെ ഹാന്‍ഡ്ബാഗ് പിടിച്ചുള്ള നില്പ് ഒക്കെ മാനസികമായി, മാത്യൂ ഓമനയുടെ ഒപ്പം ആണെന്ന് തോന്നിപ്പിച്ചു. ചാച്ചന്‍ ആണ് സാക്ഷി പറയാന്‍ പോകുന്നത് എന്നറിഞ്ഞ ഞെട്ടല്‍, ചാച്ചനോട് ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത്, കരഞ്ഞത്, ഓമനയോട് ഉള്ള ഏറ്റുപറച്ചില്‍, എന്റെ ദൈവമേ എന്റെ നെഞ്ച് പൊട്ടിയുള്ള വിളി. ഇതെല്ലാം എന്റെയും ഹൃദയം പൊള്ളിച്ചുവെന്നും മിയ വ്യക്തമാക്കി.
എത്ര പക്വതയോടെ ആണ് ഓമന പെരുമാറുന്നത്. പക്വതയുടെ അങ്ങേ അറ്റം ആണ്. ഇലക്ഷന് വോട്ട് ചെയ്തു വരുന്ന തങ്കനെ നോക്കി മനോഹരമായി ഓമനയും ഫെമിയും ചിരിച്ചത്. ആ ചിരി ആയിരിക്കാം തങ്കനെ കുറ്റബോധം ഇല്ലാത്തവനായി സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യം.
സൂക്ഷ്മമായ കഥാപാത്ര സൃഷ്ടി വലിയ കയ്യടി അര്‍ഹിക്കുന്നു. ഇന്റെന്‍സ് ആയ സന്ദര്‍ഭങ്ങളില്‍ ബിജിഎം ഇല്ലാതെ ആര്‍ട്ടിസ്റ്റ്‌ന്റെ ശബ്ദം മാത്രം ഉപയോഗിച്ചത് ഒരുപാട് ഇഷ്ടമായി. എഴുതാന്‍ ഇനിയും ഒരുപാട് ഉണ്ട്.. പക്ഷേ നീട്ടുന്നില്ല.. നന്ദി ഈ നല്ല ചിത്രം സമ്മാനിച്ചതിന് എന്നു പറഞ്ഞാണ് മിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നിമിഷനേരം കൊണ്ടാണ് മിയയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.