Actor
മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണ്; പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി
മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണ്; പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി
മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ വിശേഷവും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ നടന്റെ പുതിയ ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഒരു ഇടവേളയ്ക്കുശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ മീറ്റ് ദ പ്രസ് സംഘടിപ്പിച്ചിരുന്നു. ഈ വേളയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നത്. ബാക്കിയുള്ളവരാരും ഫാന്‍സല്ലേയെന്നും അവരെയൊക്കെ സിനിമ കാണിക്കാതിരിക്കാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിച്ചു.
‘സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല’ എന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം, മലയാള സിനിമക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്‌കാറിന്റെ കുഴപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. ഓസ്‌കറിന് മത്സരിക്കുന്ന സിനിമകളെ കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്‌കറിന് പരിഗണിക്കുക.
മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ മമ്മൂട്ടി പറഞ്ഞു. സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീര്‍വാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയുമെന്നും താരം പറഞ്ഞു.
ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.