News
തനിക്കൊരു വ്യക്തിത്വമുണ്ട്, ഏതോ ഒരാളോ ഭാര്യയോ അല്ല; പ്രിയങ്കയെ അപമാനിച്ച് ക്ഷമാപണം നടത്തിയ ഹാസ്യതാരത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര
തനിക്കൊരു വ്യക്തിത്വമുണ്ട്, ഏതോ ഒരാളോ ഭാര്യയോ അല്ല; പ്രിയങ്കയെ അപമാനിച്ച് ക്ഷമാപണം നടത്തിയ ഹാസ്യതാരത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര
ബോളിവുഡിലും ഹോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് അടുത്തിടെ ഹാസ്യതാരം റോസി ഒഡൊണല്‍ പ്രിയങ്ക ചോപ്രയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.
യുഎസിലെ പ്രശസ്ത എഴുത്തുകാരന് ദീപക് ചോപ്രയുടെ മകളാണ് പ്രിയങ്ക എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത് തെറ്റാണെന്ന് മനസിലാക്കിയതോടെ ക്ഷമാപണവുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പ്രിയങ്കയെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ ക്ഷമാപണം. ഇപ്പോള്‍ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.
പ്രിയങ്ക ചോപ്രയെന്ന് പറയാതെ മറ്റു പല വിശേഷണങ്ങളുമാണ് റോസി താരത്തിന് നല്‍കിയത്. നിക്ക് ജൊനാസിന്റെ ഭാര്യ, ഏതോ ചോപ്ര, ചോപ്ര വൈഫ് എന്നൊക്കെയായിരുന്നു പ്രിയങ്കയെക്കുറിച്ച് ഇവര്‍ പറഞ്ഞത്. തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ഏതോ ഒരാളോ ഭാര്യയോ അല്ല താനെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
ചിലര്‍ ചിന്തിക്കുന്നത് ഞാന്‍ ആരാണെന്നോ എന്റെ വര്‍ക്കുകള്‍ എന്താണെന്നോ എന്നതിന്റെ പേരില്‍ എല്ലാവരും എന്നെ അറിയണമെന്ന കാര്യത്തില്‍ ഞാന്‍ ഒരിക്കലും സീരിയസല്ല എന്നാണ്. പക്ഷേ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞതില്‍ പബ്ലിക്കായി ക്ഷമാപണം നടത്തുകയാണെങ്കില്‍, അതിനു മുന്‍പ് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുന്നതാവും നല്ലത്.
അല്ലെങ്കില്‍ ഞാനുമായി നേരിട്ട് ബന്ധപ്പെടൂ. ഓരോരുത്തര്‍ക്കുമുള്ള വ്യക്തിത്വത്തെ ബഹുമാനിക്കേണ്ടതുണ്ട്. അല്ലാതെ ഏതോ ഒരാളെന്നോ ഭാര്യയെന്നോ അല്ല അത്മാര്‍ത്ഥമായ മാപ്പപേക്ഷയില്‍ പറയേണ്ടത്. നമ്മുടെ വ്യത്യാസങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുന്നത് നമ്മള് വളര്‍ത്തിയെടുക്കുന്ന കുട്ടികള്‍ക്കായുള്ള ലോകം മികച്ചതാക്കും എന്നും പ്രിയങ്ക കുറിച്ചു.
വളരെ പ്രധാനപ്പെട്ട ഓര്‍മപ്പെടുത്തല്‍ കൂടി പ്രിയങ്ക നടത്തുന്നുണ്ട്. എല്ലാ ചോപ്ര മാരും ദീപക് ചോപ്രയുമായി ബന്ധമുള്ളവരല്ല എന്നാണ് താരം പറയുന്നത്. അതിന് ഉദാഹരണമായി എടുത്തത് ഐതിഹാസിക താരം വില്‍ സ്മിത്തിനെയാണ്. എല്ലാ സ്മിത്തുമാര്ക്കും വില്‍ സ്മിത്തുമായി ബന്ധം ഇല്ലാത്തതുപോലെ എന്നാണ് താരം കുറിക്കുന്നത്. താരത്തിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് ഭര്‍ത്താവ് നിക്ക് ജൊനാസ് രംഗത്തെത്തി. വെല്‍ സെഡ് മൈ ലവ് എന്ന് കുറിച്ചുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ് നിക്ക് ഷെയര്‍ ചെയ്തത്.