News
ഫസ്റ്റ് ഷോ നടക്കുമ്പോള്‍ തന്നെ ചെരുപ്പേറ് കിട്ടി!ഭയന്നതുപോലെ തന്നെ എല്ലാം സംഭവിച്ചുവെന്ന് രമ്യ കൃഷ്ണന്‍
ഫസ്റ്റ് ഷോ നടക്കുമ്പോള്‍ തന്നെ ചെരുപ്പേറ് കിട്ടി!ഭയന്നതുപോലെ തന്നെ എല്ലാം സംഭവിച്ചുവെന്ന് രമ്യ കൃഷ്ണന്‍
തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് രമ്യ കൃഷ്ണന്‍. നീലാംബരി എന്ന കഥാപാത്രവും ‘മിന്‍സാര കണ്ണാ’ എന്ന് തുടങ്ങുന്ന ആ തമിഴ് ഡയലോഗിനും ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും തമിഴ് ആരാധകരെപ്പോലെ മലയാളികള്‍ക്കും ഹരമാണ് ഇന്നും പടയപ്പയും ഈ വില്ലത്തിയും. പ്രേക്ഷകരെ പോലെ തന്നെ പടയപ്പ രമ്യക്കും വളരെ പ്രിയപ്പെട്ട സിനിമ തന്നെയാണ്, അതുകൊണ്ടു തന്നെയാവാം ഇപ്പോഴും ആ സിനിമയേക്കുറിച്ചു പറയാന്‍ താരത്തിന് നൂറു നാവ്. ഈയിടെ രാധിക ശരത്കുമാര്‍ അവതാരകയായി എത്തിയ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ തമിഴ് പതിപ്പ്, കോടീശ്വരിയില്‍ രമ്യ തന്റെ പടയപ്പ സിനിമ ഓര്‍മ്മകള്‍ വീണ്ടും പ്രേക്ഷകരുമായി പങ്കുവെച്ചത്.
മത്സരത്തിനിടെ, പടയപ്പ സിനിമയില്‍ രജനികാന്ത് അവതരിപ്പിച്ച കഥാപാത്രം ഏതു ഹിന്ദു ദൈവത്തിന്റെ പേരിന്റെ പര്യായമാണ് എന്നൊരു ചോദ്യം എത്തി. നിമിഷങ്ങള്‍ക്കകം മുരുകന്‍ എന്ന് രമ്യ ഉത്തരം നല്‍കുകയും ചെയ്തു. എന്നാല്‍ എക്കാലത്തെയും പ്രിയപ്പെട്ട വില്ലത്തിയോട് ആ സിനിമ അനുഭവങ്ങള്‍ ചോദിച്ചു. ‘ഓരോ ദിവസവും പേടിച്ചു പേടിച്ചാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. അയ്യോ ഞാന്‍ സൗന്ദര്യയുടെ കഥാപാത്രം ചെയ്താല്‍ മതിയാരുന്നു എന്ന് എന്നും ആലോചിക്കുമായിരുന്നു.ഓരോ ഡയലോഗ് പറയുമ്പോഴും ടെന്‍ഷന്‍ ആയിരുന്നു, വീട്ടിലേക്ക് ആരെങ്കിലും കല്ലെറിയുമോ കാറില്‍ പോകുമ്പോ എറിയുമോ അങ്ങനെ. അതുമല്ല ക്ലൈമാക്‌സ് ഷൂട്ട് കഴിയുകയും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു ഒരു മാസത്തേക്ക് ചെന്നൈയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന്,’എന്നും രമ്യ തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
താന്‍ ഭയന്നതുപോലെ തന്നെ ഫസ്റ്റ് ഷോ നടന്നപ്പോള്‍ തീയറ്റര്‍ സ്‌ക്രീനില്‍ തന്റെ മുഖത്തിനു നേരെ കൃത്യമായി ഒരു ചെരുപ്പ് വരികയും ആ സ്‌ക്രീനില്‍ കറക്റ്റായി ഒരു ദ്വാരം തന്നെ ഉണ്ടായി എന്നും രമ്യ പറഞ്ഞു. തന്റെ സഹോദരി സിനിമ കാണുവാന്‍ പോയപ്പോഴായിരുന്നു ഇത് സംഭവിച്ചതെന്നും നടി പറഞ്ഞു.
ഷൂട്ടിങ്ങിനിടെ രജനികാന്തുമായിയുള്ള അനുഭവങ്ങള്‍ പങ്കുവെക്കാമോ എന്ന ചോദ്യത്തിന് ഷൂട്ടിങ്ങിന്റെ സമയത്തു അദ്ദേഹം അധികമൊന്നും പറഞ്ഞില്ല, പക്ഷെ സിനിമ കണ്ടതിനു ശേഷം താന്‍ വളരെ നന്നായി അഭിനയിച്ചു എന്ന് രജനികാന്ത് പറഞ്ഞു. മാത്രവുമല്ല, സിനിമയുടെ നൂറാം ദിവസത്തെ ആഘോഷത്തിന് തനിക്ക് സ്വര്‍ണത്തില്‍ ഒരു വേലിന്റെ ലോക്കറ്റ് അദ്ദേഹം സമ്മാനിച്ചു എന്നും താരം രാധികയോട് പറഞ്ഞു. സിനിമ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം നീലാംബരിയുടെ അടിപൊളി ഡയലോഗും ആ ഐകോണിക് ഇരിപ്പും രമ്യയെകൊണ്ട് ചെയ്യിക്കുവാനും മറന്നില്ല രാധിക. നീലാംബരിയുടെ കാലിമേല്‍ കാലു വെച്ചുള്ള ഇരിപ്പ് രാധിക ചെയ്യുവാന്‍ ശ്രമിച്ചു എങ്കിലും അത്രയ്ക്കങ്ങു വന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നീലാംബരിയുടെ ഡയലോഗിലെ പടയപ്പയെപ്പോലെ രമ്യയുടെ സ്‌റ്റൈലും ഇതുവരെ നഷ്ടമായിട്ടില്ല എന്നും രാധിക പറഞ്ഞു.