News
ജാപ്പനീസ് ഗെയിം ഷോ തകേഷിസ് കാസില്‍ തിരിച്ചെത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
ജാപ്പനീസ് ഗെയിം ഷോ തകേഷിസ് കാസില്‍ തിരിച്ചെത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
തൊണ്ണൂറുകളില്‍ ഏറെ ജനശ്രദ്ധ നേടിയ ഗെയിം ഷോ ആയിരുന്നു ജാപ്പനീസ് ഗെയിം ഷോയായ തകേഷിസ് കാസില്‍. ഇപ്പോഴിതാ ഇത് വീണ്ടും തിരിച്ചെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷോ റീബൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷോയുടെ റീബൂട്ട് പതിപ്പ് 2023ല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാക്കും. 240ലധികം വിപണികളില്‍ പുതിയ പേരില്‍ ഇത് ലഭ്യമാകും എന്നാണ് വിവരം.
സ്കിപ്പിംഗ് സ്റ്റോണുകള്‍ മുതല്‍ ബ്രിഡ്ജ് ബോള്‍ വരെ, നിരവധി ഗെയിമുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പോഗോ ചാനലില്‍ ആണ് സംപ്രേഷണം ചെയ്തിരുന്നത്. തകേഷിസ് കാസില്‍ എന്ന് വിവര്‍ത്തനം ചെയ്യുന്ന ഫുക്കാറ്റ്സു ഫണ്‍ തകേഷി-ജോ എന്നിങ്ങനെയാവും പുതിയ പേരെന്നാണ് വിവരം.
തകേഷിസ് കാസില്‍ കൂടാതെ മറ്റ് ജാപ്പനീസ് ഷോകളും പ്രമിലൂടെ തിരിച്ചെത്തിയേക്കും എന്നും വിവരമുണ്ട്. 1986ലാണ് തകേഷിസ് കാസില്‍ ജപ്പാനില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയത്. 1990ല്‍ സംപ്രേഷണം നിര്‍ത്തി. എന്നാല്‍ പിന്നീട് ജപ്പാന് പുറത്ത് അതിന്റെ ജനപ്രീതി ഉയര്‍ന്നു.
നൂറുകണക്കിന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ കളിച്ചിരുന്നത്. തകേഷിസ് കാസിലില്‍ വിജയിക്കുന്നതിനും 1 ദശലക്ഷം യെന്‍ സമ്മാനം നേടാനുമായി പലരും ശാരീരിക ബുദ്ധിമുട്ടുകള്‍ പോലും മറന്നാണ് കളിച്ചിരുന്നത്. പലപ്പോഴും ഇവ ചിരിപടര്‍ത്തിയിരുന്നു. ജാവേദ് ജാഫെരിയുടെ കമന്ററിയും ഷോയുടെ ജനപ്രീതി കൂട്ടി.
