Connect with us

മാരക ട്വിസ്റ്റുകളും അപ്രതീക്ഷിത വഴിത്തിരിവും!; പ്രതീക്ഷ തെറ്റിക്കാതെ 21 ഗ്രാംസ്; നീതിപുലര്‍ത്തി ബിബിന്‍ കൃഷ്ണ

Malayalam

മാരക ട്വിസ്റ്റുകളും അപ്രതീക്ഷിത വഴിത്തിരിവും!; പ്രതീക്ഷ തെറ്റിക്കാതെ 21 ഗ്രാംസ്; നീതിപുലര്‍ത്തി ബിബിന്‍ കൃഷ്ണ

മാരക ട്വിസ്റ്റുകളും അപ്രതീക്ഷിത വഴിത്തിരിവും!; പ്രതീക്ഷ തെറ്റിക്കാതെ 21 ഗ്രാംസ്; നീതിപുലര്‍ത്തി ബിബിന്‍ കൃഷ്ണ

മലയാളികള്‍ക്കെന്നും വ്യത്യസ്തമാര്‍ന്ന ക്രൈം ത്രില്ലറുകള്‍ ഇഷ്ടമാണ്. ഇത്തരത്തില്‍ ഏറെ പ്രതീക്ഷയോടെയും വ്യത്യസ്തതയോടെയും പുറത്തിറങ്ങിയ 21 ഗ്രാംസ് എന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രം ഇന്ന് റിലീസ് ആയതിനു പിന്നാലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അനൂപ് മേനോന്‍ പ്രധാന വേഷത്തിലത്തുന്ന ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് ’21 ഗ്രാംസ്’ ചര്‍ച്ച ചെയ്യുന്നത്.

പുതുമുഖമെന്ന പരിചയക്കുറവേതുമില്ലാതെ ശക്തമായ തിരക്കഥയും അഭിനയ മുഹൂര്‍ത്തങ്ങളുമായി ബിബിന്‍ കൃഷ്ണ മലയാള സിനിമാ സംവിധായകരുടെയിടയില്‍ തന്റെയും സ്ഥാനമുറപ്പിക്കുകയാണ് എന്ന് നിസംശയം പറയാം. ആത്മാവിന് ഭാരമുണ്ടെന്നും അത് ’21 ഗ്രാം’ ആണെന്നും താന്‍ പരീക്ഷണം നടത്തി തെളിയിച്ചു എന്ന ഒരു ഡോക്ടറുടെ അവകാശവാദം ചര്‍ച്ചാവിഷയമായതിനെത്തുടര്‍ന്ന് ഈ വിഷയം ആസ്പദമാക്കി സിനിമയും നോവലുകളും നിരവധി വന്നിരുന്നു. ഇതേ പാറ്റേണിലായിരിക്കും ഈ ചിത്രവും എത്തുകയെന്നായിരുന്നു തുടക്കം മുതല്‍ പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ്തില്‍ നിന്നെല്ലാം വ്യത്യസ്തമായി കണ്ണഞ്ചിപ്പിക്കുന്ന മാരക ട്വിസ്റ്റുകളുമായാണ് 21 ഗ്രാംസ് എത്തിയിരിക്കുന്നത്.

ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എന്‍ ആണ്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ചിത്രത്തിന്റെ ട്രൈലെര്‍, ടീസര്‍ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. രണ്ടു സഹോദരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാന്‍ ആണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോര്‍ എന്ന അനൂപ് മേനോന്‍ കഥാപാത്രം എത്തുന്നത്.

ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു കേസും സംഭവ പരമ്പരകളുമാണ് അദ്ദേഹത്തിന് മുന്നില്‍ കിട്ടുന്നത്. കൊലയാളി ആര് എന്നും അയാളെ വലയിലാക്കാന്‍ പോലീസ് എങ്ങനെ ശ്രമിക്കുന്നുവെന്നുമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. കേസ് അന്വേഷിക്കാന്‍ നന്ദകിഷോര്‍ എത്തുന്നത്, അയാളുടെ സ്വന്തം കുടുംബത്തില്‍ ഒരു മരണം നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ ആണ്. ഈ സന്ദര്‍ഭത്തില്‍ അയാള്‍ എങ്ങനെയാണു ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നതും കഥ പറച്ചിലില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. താന്‍ അന്വേഷിക്കുന്ന കേസ് തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുന്നത് അയാള്‍ തിരിച്ചറിയുന്നതും ചിത്രത്തെ ഉദ്വേഗഭരിതമായ്ക്കുന്നു.

ബിബിന്‍ കൃഷ്ണ എന്ന നവാഗതന് തന്റെ സംവിധായകന്‍ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാന്‍ കഴിഞ്ഞു എന്ന് നിസംശയം പറയാന്‍ സാധിക്കും. ഒരു തുടക്കക്കാരന്റെ പതര്‍ച്ചകള്‍ ഇല്ലാതെ തന്നെ, ഒരു ത്രില്ലര്‍ ചിത്രത്തെ അതിന്റെ എല്ലാ വിധ രസക്കൂട്ടുകളും ചേര്‍ത്ത് ഭംഗിയായി അവതരിപ്പിക്കാന്‍ ബിബിന് സാധിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ ഒരുപാട് കണ്ടിട്ടുള്ള പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. അദ്ദേഹം തന്നെ എഴുതിയ തിരക്കഥയും മികവ് പുലര്‍ത്തി.

ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങള്‍ എല്ലാം ചേരുംപടി ചേര്‍ക്കാന്‍ രചയിതാവ് എന്ന നിലയില്‍ ബിബിന് കഴിഞ്ഞു എന്നതിനൊപ്പം തന്നെ, ഈ ചിത്രത്തെ ആവേശം നിറക്കുന്ന ഒരു മികച്ച ത്രില്ലര്‍ ആക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നിടത്താണ് ഇതിന്റെ വിജയം. വൈകാരിക രംഗങ്ങളും അതുപോലെ തന്നെ ആകാംഷ നിറഞ്ഞ രംഗങ്ങളും ഒരു പോലെ മികച്ച രീതിയില്‍ ആവിഷ്‌കരിക്കാന്‍ ബിബിന് കഴിഞ്ഞു എന്ന് പറയാം. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയില്‍ കഥ പറയാന്‍ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. അതുപോലെ തന്നെ വ്യക്തമായ ഐഡന്റിറ്റി ഉള്ള കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വിശ്വസനീയമായി തോന്നുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാനും ബിബിന്‍ കൃഷ്ണക്ക് കഴിഞ്ഞിട്ടുണ്ട്.

നന്ദ കിഷോര്‍ എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സ് നല്‍കിയ അനൂപ് മേനോന്‍ തന്നെയാണ് പ്രകടനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്ന് തന്നെയാണ് അദ്ദേഹം നല്‍കിയതെന്ന് പറയാം. പ്രകടനത്തില്‍ കൊണ്ട് വരുന്ന സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ വിജയം. സംവിധായകന്‍ രഞ്ജിത്, നടി ലെന തുടങ്ങിയവര്‍ പതിവ് പോലെ മികച്ച പ്രകടനം കാഴ്ച വെച്ചു. അത്ര അനായാസമായിട്ടാണ് ഇവര്‍ തങ്ങളുടെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്.

ഇവര്‍ക്കൊപ്പം രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ചിത്രത്തിനായി നല്‍കി. ജിത്തു ദാമോദര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതല്‍ക്കൂട്ടായപ്പോള്‍ അപ്പു എന്‍ ഭട്ടതിരിയുടെ എഡിറ്റിംഗ് ത്രില്ലെര്‍ എന്ന രീതിയില്‍ ചിത്രത്തിന്റെ വേഗതയില്‍ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു. ദീപക് ദേവ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രേക്ഷകരില്‍ ഉദ്വേഗവും ആവേശവും നിറക്കുന്നത് ആയിരുന്നു അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതം.

ചുരുക്കി പറഞ്ഞാല്‍ 21 ഗ്രാംസ് മികച്ച ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. എല്ലാ രീതിയിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമാനുഭവം ഈ ചിത്രം സമ്മാനിക്കുമെന്നുറപ്പാണ്. വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഗംഭീരമായ അവതരണ ശൈലിയും കൊണ്ട് ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ ആവേശം പകരുന്ന, ത്രില്ലിംഗ് ആയ ഒരു സിനിമാ കാഴ്ചയാണ് നല്‍കുക.

More in Malayalam

Trending

Recent

To Top