News
സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്കി നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കം; പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്തി
സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്കി നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കം; പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്തി
പുത്തന്‍ മലയാള സിനിമകളുടെ വ്യാജ പതിപ്പുകള്‍ ചോര്‍ന്നത് പാലക്കാട് ജില്ലയിലെ തിയേറ്റുകളില്‍ നിന്നാണെന്ന് സ്വകാര്യ ആന്റി പൈറസി സെല്ലുകളുടെ സഹകരണത്തോടെ നിര്‍മ്മാതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എച്ച്ഡി മികവോടെയാണ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നത്. ഇവ ടെലിഗ്രാമിലും മറ്റും അപ്ലോഡ് ചെയ്തത് കോട്ടയത്ത് നിന്നാണ്.
സിനിമകളുടെ റിലീസ് ആദ്യം സംസ്ഥാനത്ത് മാത്രമായൊതുക്കി സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയായിരുന്നു നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കം.ചോര്‍ത്തുന്ന തിയേറ്ററുകള്‍, പ്രചരിപ്പിച്ചവര്‍ തുടങ്ങി കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച് ഡിജിറ്റല്‍ തെളിവ് സഹിതം പൊലീസിന് പരാതി നല്കി. വ്യാജപതിപ്പുകള്‍ എത്തുന്നത് കേരളത്തിനു പുറത്തുള്ള തിയേറ്ററുകളില്‍ നിന്നാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
ഹൃദയം, ആറാട്ട്, നാരദന്, ജനഗണമന, സി.ബി.ഐ ദ ബ്രെയിന്‍, ന്നാ താന്‍ കേസുകൊട്, പാപ്പന്, തല്ലുമാല, ഒടുവില്‍ പുറത്തിറങ്ങിയ ‘പത്തൊമ്ബതാം നൂറ്റാണ്ട്’ തുടങ്ങിയ സിനിമകളുടെ വ്യാജ പതിപ്പുകളാണ് നെറ്റിലുള്ളത്. നിര്‍മ്മാണത്തിനായി കോടികള്‍ മുടക്കുന്നതിനൊപ്പം ലക്ഷങ്ങള്‍ ചെലവഴിച്ച് വ്യാജ പതിപ്പുകള്‍ നെറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ട ഗതികേടിലാണ് നിര്‍മ്മാതാക്കള്‍.
പൊലീസിന്റെ ഹൈടെക്ക് സൈബര്‍ സെല്ലിന് പൈറസി സംഘത്തെ തുരത്താന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ ഏതാനും പേരെ പിടികൂടിയെങ്കിലും അന്വേഷണം നിലച്ചു. വ്യാജ സിനിമ പ്രചരിപ്പിക്കുന്ന ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമനടപടിക്കുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ഒ.ടി.ടി റിലീസ് സിനിമകളുടെ വ്യാജനുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആമസോണും നെറ്റ്ഫ്ലിക്സും ഉള്‍പ്പെടെ ഇത് കണ്ടഭാവം നടിക്കുന്നില്ല.
തമിഴ് റോക്കേഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ്, വണ്‍ തമിഴ് എം.വി തുടങ്ങിയ സൈറ്റുകളാണ് വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്ബനികളാണ് ഇതിനായി പണം മുടക്കുന്നത്. ടെലിഗ്രാമിലെ ലിങ്കുകളുടെ എണ്ണം ഒരു ദിവസം ചുരുങ്ങിയത് ആയിരം മുതല്‍ പതിനായിരം വരെ. നീക്കുന്നത് കൊച്ചിയിലും ചെന്നൈയിലുമുള്ള സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയാണ്. ഒറ്റപ്പെട്ട സംഭവമായിരിക്കാം. ആവര്‍ത്തിക്കാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ സദാ ജാഗരൂകരായിരിക്കും എന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.
