News
വിലക്ക് മാറി, ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമം യുഎഇയില്‍ റിലീസ് ചെയ്യും
വിലക്ക് മാറി, ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമം യുഎഇയില്‍ റിലീസ് ചെയ്യും
ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിരിയോഡിക്കല്‍ റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ. ഓഗസ്റ്റ് 11 മുതല്‍ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫിസില്‍ മുപ്പത് കോടിയാണ് സ്വന്തമാക്കിയത്.
ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദിയറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും ഒരു തുറന്ന കത്തുമായി ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ കഥാപാത്രമായ റാമിന്റെ പേരിലാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സ്വപ്നയും സംവിധായകന് ഹനുവും ‘സീതാരാമ’വുമായി സമീപിക്കുമ്പോള്‍ താന്‍ സുരക്ഷിതമായ കൈകളിലാണെന്ന് അറിയാമായിരുന്നെന്ന് ദുല്‍ഖര്‍ എഴുതി. നല്‍കുന്നത് മികച്ച ചിത്രമാണെന്നും നേരിട്ടുള്ള തെലുങ്ക് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് എപ്പോഴും ആ?ഗ്രഹിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിനാലാണ് ‘സീതാരാമം’ ഇത്രയും മനോഹരമായതെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയെ ആളുകള്‍ നിറഞ്ഞമനസോടെ സ്വീകരിക്കുന്നതുകണ്ട് റിലീസ് ദിവസം കരഞ്ഞുപോയി. നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തെ എങ്ങനെയാണ് വാക്കുകള്‍കൊണ്ട് വര്ണിക്കേണ്ടതെന്ന് അറിയില്ല. തെലുങ്കിലെ സിനിമാ പ്രേമികളോടും സിനിമയെന്ന കലാരൂപത്തെ ഏറ്റവുമധികം വിശ്വസിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാന്‍ നിങ്ങളുടെ സ്വന്തമാണെന്ന തോന്നല്‍ എന്നിലുണ്ടാക്കിയതിനും നന്ദി.’ ദുല്‍ഖര്‍ കുറിച്ചു.
ഓ.കെ. കണ്മണിയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പായ ഓ.കെ. ബംഗാരമാണ് ദുല്‍ഖറിന്റേതായി തെലുങ്കില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം. ഇതിന്റെ സംവിധായകനായ മണിരത്നത്തിനും കത്തില്‍ നന്ദി പറയുന്നുണ്ട്. നാഗ് അശ്വിന് സംവിധാനം ചെയ്ത മഹാനടി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങളുടെ ഡബ്ബിങ് പതിപ്പ് എന്നിവയാണ് ദുല്‍ഖറിന്റേതായി ഇതിനുമുമ്പ് എത്തിയ തെലുങ്ക് ചിത്രങ്ങള്‍.
