News
റോസിന് ഇത്രയും തടി ഇല്ലായിരുന്നുവെങ്കില്‍ ജാക്ക് രക്ഷപ്പെട്ടേനേ…, കുട്ടിക്കാലം മുതല്ക്കേയുള്ള ബോഡി ഷെയിമിംഗ് സിനിമയിലെത്തിയപ്പോഴും കേള്‍ക്കേണ്ടി വന്നുവെന്ന് കേറ്റ് വിന്‍സ്ലെറ്റ്
റോസിന് ഇത്രയും തടി ഇല്ലായിരുന്നുവെങ്കില്‍ ജാക്ക് രക്ഷപ്പെട്ടേനേ…, കുട്ടിക്കാലം മുതല്ക്കേയുള്ള ബോഡി ഷെയിമിംഗ് സിനിമയിലെത്തിയപ്പോഴും കേള്‍ക്കേണ്ടി വന്നുവെന്ന് കേറ്റ് വിന്‍സ്ലെറ്റ്
ലോക സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ കാവ്യമെന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് ‘ടൈറ്റാനിക്’. ഭാഷാഭേദമന്യേ എല്ലാവരും നെഞ്ചിലേറ്റിയ സിനിമ ഇറങ്ങിയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് നടി കേറ്റ് വിന്‍സ്ലെറ്റ് ഇപ്പോള്‍ തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിക്കുന്നത്.
സിനിമയുടെ അവസാനം റോസ് മാത്രം രക്ഷപ്പെട്ടത് റോസിന് തടി കൂടുതലായത് കൊണ്ടാണെന്നും റോസ് മെലിഞ്ഞിട്ട് ആയിരുന്നെങ്കില്‍ ജാക്കിനും പിടിച്ചു നില്ക്കാന് സ്ഥലം കിട്ടിയേനെ എന്ന രീതിയിലായിരുന്നു പരിഹാസം. കുട്ടിക്കാലം മുതല്‍ തന്നെ ഇത്തരത്തില്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
കുട്ടിക്കാലം മുതല്ക്കേ ശരീരത്തിന്റെ പേരില്‍ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നുവെന്നും സ്കൂള്‍ നാടകങ്ങളില്‍ പോലും തടിയുള്ള പെണ്‍കുട്ടിയുടെ റോള്‍ മാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നത് എന്നുമാണ് കേറ്റ് പറയുന്നത്.
ഒടുവില്‍ സിനിമയില്‍ എത്തിയപ്പോഴും തടി കൂടുതലാണ് എന്ന പേരില്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നു എന്നാണ് കേറ്റ് പറയുന്നത്. ‘അതേ എനിക്ക് തടി കൂടുതലാണ്. അതിന്റെ പേരില്‍ എന്നെ പരിഹാസ്യയാക്കുന്നത് എന്തിനാണ്’ എന്നും കേറ്റ് ചോദിക്കുന്നുണ്ട്.
അതേസമയം, അടുത്തിടെ സംവിധായകന് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുവെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തിയെന്നുമാണ് സംവിധായകന് പറയുന്നത്.
റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ, ഇതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി തന്നെ ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു.
അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് പുനഃസൃഷ്ടിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വെച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്, അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നായിരുന്നു എന്നാണ് ജെയിംസ് കാമറൂണ്‍ പറഞ്ഞത്.
1997 ഡിസംബര്‍ 19നാണ് ജെയിംസ് കാമറൂണ്‍ സംവിധാനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തിയത്. അന്നു മുതല്‍ തന്നെ കപ്പല്‍ അപകടത്തില്‍ ജാക്കിനെ കൊല്ലാതെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്ന ചോദ്യം സംവിധായകന് നേരെ വന്നിരുന്നു. അതിന് മറുപടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വെളിപ്പെടുത്തിയത്.
