Hollywood
‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
‘ദി ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്’ െ്രെടലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇതില്‍ സിനിമയ്ക്കുപുറമേ നാടകങ്ങളും ടിവി ഷോകളും ഉള്‍പ്പെടുന്നു. ലോര്‍ഡ് ഓഫ് ദ റിംഗ്‌സിലെ തിയഡന്‍ രാജാവ്, ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് എന്നീ വേഷങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു. പതിനൊന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ എന്ന റെക്കോര്‍ഡ് നേടിയ രണ്ടുചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ഹില്‍ ആയിരുന്നു. ലോര്‍ഡ് ഓഫ് ദ റിംഗ്‌സും ടൈറ്റാനിക്കുമായിരുന്നു ആ ചിത്രങ്ങള്‍.
1944 ഡിസംബര്‍ 17ന് മാഞ്ചസ്റ്ററിലായിരുന്നു ബെര്‍ണാര്‍ഡ് ഹില്ലിന്റെ ജനനം. 1975ല്‍ പുറത്തിറങ്ങിയ ‘ഇറ്റ് കുഡ് ഹാപ്പെന്‍ റ്റു യു’ ആണ് ആദ്യസിനിമ. 1976ല്‍ ഗ്രാനഡ ടെലിവിഷന്‍ പരമ്പരയായ ‘ക്രൗണ്‍ കോര്‍ട്ടി’ലും വേഷമിട്ടു. ബിബിസിക്കുവേണ്ടി അലന്‍ ബ്ലീസ്‌ഡെയ്ല്‍ ഒരുക്കിയ ‘പ്ലേ ഫോര്‍ ടുഡേ’യിലെ യോസര്‍ ഹ്യൂ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.
റിച്ചാര്‍ഡ് അറ്റന്‍ബെറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രത്തില്‍ ‘സാര്‍ജെന്റ് പുത്‌നാം’ എന്ന വേഷത്തിലും ഹില്‍ എത്തി. 1990ന്റെ മധ്യം മുതലാണ് ബെര്‍ണാര്‍ഡ് ഹില്‍ സിനിമകളില്‍ സജീവമായത്.
ദ ഗോസ്റ്റ് ആന്‍ഡ് ദ ഡാര്‍ക്ക്‌നെസ്സ്, ദ സ്‌കോര്‍പിയണ്‍ കിംഗ്, ദ ക്രിമിനല്‍, ദ ലോസ് ഓഫ് സെക്ഷ്വല്‍ ഇന്നസന്‍സ്, ദ ബോയ്‌സ് ഫ്രം കൗണ്ടി ക്ലെയര്‍, എക്‌സോഡസ്, വാള്‍ക്കെയര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
അമേരിക്കന്‍ സ്‌റ്റോപ് മോഷന്‍ അനിമേറ്റഡ് കോമഡി ഹൊറര്‍ ചിത്രമായ പാരാ നോര്‍മനില്‍ ഒരു ജഡ്ജിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെര്‍ണാര്‍ഡ് ഹില്‍ ആയിരുന്നു. പ്രിയതാരത്തിന്റെ മരണവിവരമറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികളര്‍പ്പിച്ച് എത്തുന്നത്.