Hollywood
റോസിനെ രക്ഷിച്ച ആ പലക ശരിക്കും വാതിൽ ആയിരുന്നില്ല; വർഷങ്ങൾക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി കെയ്റ്റ് വിൻസ്ലെറ്റ്
റോസിനെ രക്ഷിച്ച ആ പലക ശരിക്കും വാതിൽ ആയിരുന്നില്ല; വർഷങ്ങൾക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി കെയ്റ്റ് വിൻസ്ലെറ്റ്
ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി 1997 ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ടൈറ്റാനിക്’. ചിത്രത്തിലൂടെ ജാക്കിന്റെയും റോസിന്റെയും പ്രണയകഥയും ടൈറ്റാനികിന് സംഭവിച്ച ദുരന്തവും ലോകമറിഞ്ഞു. ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ടൈറ്റാനിക് ഉണ്ട്.
ജാക്ക് എന്ന നായക കഥാപാത്രമായി ലിയനാർഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കെയ്റ്റ് വിൻസ്‌ലെറ്റും എത്തിയ, ഓസ്‌കാർ പുരസ്‌കാരം നേടിയ ചിത്രത്തിന് ആരാധകരേറെയാണ്. ടൈറ്റാനിക് കപ്പൽ അറ്റ്‌ലാന്റിക് കടലിലെ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താഴുന്നതും ഇതിനിടയിൽ നായികയായ റോസിന് തന്റെ കാമുകൻ ജാക്കിനെ നഷ്ടമാകുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.
ടൈറ്റാനിക്ക് സിനിമയിൽ ഏറെ ചർച്ചായായ ഒരു സീനാണ് ക്ലൈമാക്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചില പിന്നാമ്പുറ കഥകൾ തുറന്നുപറഞ്ഞിരിക്കുകയാണ് ടൈറ്റാനിക് നായിക കെയ്റ്റ് വിൻസ്ലെറ്റ്. ടൈറ്റാനിക്കിന്റെ അന്ത്യരംഗങ്ങളിൽ കപ്പൽ തകരുമ്പോൾ ഒരു പലകയിൽ കയറിയാണ് റോസ് രക്ഷപ്പെടുന്നത്.
രണ്ടുപേർക്ക് ഇടമില്ലാത്തതിനാൽ റോസിനെ രക്ഷിച്ച് ജാക്ക് കടൽ വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയും ചെയ്തു. യഥാർഥത്തിൽ അത് വാതിലിന്റെ കഷ്ണമല്ലായിരുന്നില്ലെന്നാണ് നായികയായ കെയ്റ്റ് വിൻസ്ലെറ്റ് പറയുന്നത്. അത് യഥാർഥത്തിൽ വാതിൽ ആയിരുന്നില്ല. സ്റ്റെയർവേയ്‌സിന്റേയോ മറ്റോ പൊട്ടിപ്പോയൊരു കഷ്ണം മാത്രമായിരുന്നു അതെന്നാണ് താരം പറഞ്ഞത്.
അതേസമയം വൻ തുകക്കാണ് ഈ പലക ലേലത്തിൽ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്. അതായത് 5.99 കോടി രൂപ. ബാൾസ മരത്തിന്റെ പലകയാണ് ഇതിനായി ഉപയോഗിച്ചത്. യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷൻസ് ആയിരുന്നു വാതിൽ ലേലത്തിനെത്തിച്ചത്.