Hollywood
ജാക്കിന്റെ വസ്ത്രങ്ങള്‍ ലേലത്തിന്; വിലകേട്ട് അമ്പരന്ന് ആരാധകര്‍
ജാക്കിന്റെ വസ്ത്രങ്ങള്‍ ലേലത്തിന്; വിലകേട്ട് അമ്പരന്ന് ആരാധകര്‍
ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ടൈറ്റാനിക്’. ചിത്രത്തിലൂടെ ജാക്കിന്റെയും റോസിന്റെയും പ്രണയകഥയും ടൈറ്റാനികിന് സംഭവിച്ച ദുരന്തവും ലോകമറിഞ്ഞു. ഇന്നും സിനിമ പ്രേമികളുടെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തില്‍ ടൈറ്റാനിക് ഉണ്ട്.
ചിത്രത്തിലൂടെ ജാക്കിനെയും റോസിനെയും അവതരിപ്പിച്ച ലിയൊണാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായി മാറിയിരുന്നു. പിന്നീടും ഒരുപാട് സിനിമകളില്‍ ഈ ഇഷ്ടജോടി ഒരുമിച്ചെങ്കിലും ടൈറ്റാനിക് തന്നെയാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ ഡി കാപ്രിയോ ധരിച്ച വസ്ത്രം ലേലത്തിന് വെച്ചിരിക്കുകയാണ്. സിനിമ, ടെലിവിഷന്‍ രംഗത്തെ പ്രശസ്തമായ വസ്തുക്കള്‍ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ഇപ്പോള്‍ ജാക്കിന്റെ വസ്ത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ജാക്കിന്റെ വസ്ത്രം കൂടാതെ രണ്ടായിരത്തോളം വസ്തുക്കളാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.
ഡികാപ്രിയോ ധരിച്ച പാന്റ്‌സും കോളര്‍ ഇല്ലാത്ത വെള്ള ഷര്‍ട്ടും ചാര്‍ക്കോള്‍ വെസ്റ്റുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. 2 കോടിയോളം രൂപയാണ് വസ്ത്രത്തിന് വില പ്രതീക്ഷിക്കുന്നത്. നവംബര്‍ 9 മുതല്‍ 12 വരെ ലണ്ടനില്‍ വെച്ചാണ് ലേലം നടക്കുന്നത്.
വിഖ്യാത സംവിധായകന്‍ സ്റ്റാന്‍ലി കുബ്രികിന്റെ കൈപ്പടയിലെഴുതിയ ‘ഷൈനിങ്’ സിനിമയുടെ തിരക്കഥ, ‘ഗോഡ്ഫാദര്‍’ സിനിമയില്‍ മര്‍ലന്‍ ബ്രാന്‍ഡോ ധരിച്ച കോട്ട്, ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ ജോണി ഡെപ്പ് ധരിച്ച വസ്ത്രങ്ങള്‍ എന്നിവയും ലേലത്തിന്റെ ഭാഗമായി വില്‍പ്പനയ്ക്കുണ്ട്.