Malayalam
എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്തത്; മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്
എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്തത്; മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിമിഷ സജയന്‍. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മലയാളം കടന്നും തന്റെ സാന്നിധ്യം അറിയിക്കുകയാണ് നിമിഷ സജയന്‍. ചിത്ത, ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയങ്ങളോടെ തമിഴിലും താരമായി മാറിയിരിക്കുകയാണ് നിമിഷ.
ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് ആണ് നിമിഷ സജയന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കാര്‍ത്ത് സുബ്ബരാജ് ഒരുക്കിയ ചിത്രത്തില്‍ രാഘവ ലോറന്‍സും എസ്‌ജെ സൂര്യയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിമിഷയുടെ നായിക വേഷവും കയ്യടി നേടുകയാണ്. ഈ വേളയില്‍ നിമിഷയെ മാധ്യമ പ്രവര്‍ത്തകന്‍ അപമാനിച്ചത് വാര്‍ത്തയായ മാറുകയാണ്.
ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ചിത്രത്തിന് ലഭിച്ച സ്വീകരണത്തിന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അടക്കമുള്ളവര്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞു. പിന്നാലെ കാര്‍ത്തിക് സുബ്ബരാജിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ചോദ്യവുമായി എത്തുകയായിരുന്നു.
എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത് എന്നായിരുന്നു ചോദ്യം. പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് മാധ്യമ പ്രവര്‍ത്തകന് ചുട്ടമറുപടി തന്നെ നല്‍കുകയും ചെയ്തു. ”എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്” എന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി.
ചിത്രത്തിലെ താരങ്ങളായ ലോറന്‍സും എസ്‌ജെ സൂര്യയുമടക്കമുണ്ടായിരുന്ന വേദിയും സദസുമെല്ലാം കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടിയ്ക്ക് കയ്യടിക്കുകയും ചെയ്തു. ചിത്രത്തിന്റെ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ സംഭവത്തിന് പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തു.
”ഞാന്‍ അവിടെയുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള ആ മണ്ടന്‍ ചോദ്യം മാത്രമായിരുന്നില്ല ആ റിപ്പോര്‍ട്ടര്‍ ചെയ്തത്. അയാള്‍ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ചോദിച്ച ശേഷം അയാളുടെ മുഖത്ത് വലിയ അഭിമാനമായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യത്തിന് ഒരു മാറ്റവുമില്ല” എന്നായിരുന്നു സന്തോഷ് നാരായണന്റെ ട്വീറ്റ്.
അതേസമയം പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിമിഷ സജയന്‍ എത്തിയിരുന്നില്ല. ജിഗര്‍തണ്ടയ്ക്ക് തൊട്ട് മുമ്പായി പുറത്തിറങ്ങിയ ചിത്തയിലും നിമിഷ സജയന്റെ പ്രകടനം കയ്യടി നേടിയിുരന്നു. തൊണ്ടുമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട്, ഒരു തെക്കന്‍ തല്ലുകേസ്, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെല്ലാം കയ്യടി നേടിയിരുന്നു നിമിഷ. ചോലയിലേയും ഒരു കുപ്രസിദ്ധ പയ്യനിലേയും പ്രകടനത്തിനാണ് നിമിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്.
