Actress
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024; മികച്ച നടിയായി പാർവതി തിരുവോത്തും നിമിഷ സജയനും
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024; മികച്ച നടിയായി പാർവതി തിരുവോത്തും നിമിഷ സജയനും
ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024ൽ മികച്ച നടിയായി പാർവതി തിരുവോത്ത്. പോച്ചർ സീരീസിലൂടെ നിമിഷ സജയനും പുരസ്‌കാരത്തിന് അർഹയായി. ഇവരെ കൂടാതെ രാം ചരൺ, കിരൺ റാവു, എ ആർ റഹ്മാൻ, കാർത്തിക് ആര്യൻ തുടങ്ങിയ പ്രതിഭകൾക്കും അവാർഡുകൾ ലഭിച്ചു.
ട്വൽത്ത് ഫെയിലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിക്രാന്ത് മാസേ ആയിരുന്നു നായകനായി എത്തിയിരുന്നത്. കാർത്തിക് ആര്യന് പുരസ്കാരം ലഭിച്ചത് ‘ചന്തു ചാമ്പ്യൻ എന്ന ചിത്ര്തതിലെ പ്രകടനത്തിനണ്, കിരൺ റാവുവിന്റെ സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായ ‘ലാപത ലേഡീസ്’ മികച്ച ചിത്രത്തിനുള്ള (ക്രിട്ടിക്‌സ് ചോയ്‌സ്) അവാർഡ് നേടി.
ഇക്വാലിറ്റി ഇൻ സിനിമ അവാർഡ് ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി ഒരുക്കിയ ചിത്രം ‘ഡങ്കി’യ്ക്ക് ആണ്. കലയുടെയും സംസ്കാരത്തിൻ്റെയും അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് തെലുങ്ക് താരം രാം ചരൺ ആണ്.
അതേസമയം, ലോകമെമ്പാടും സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു പാർവതിയ്ക്ക് പുരസ്കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക്. ലോസ് ആഞ്ചലെസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ് (ഐഎഫ്എഫ്എൽഎയിൽ) ചിത്രം കഴിഞ്ഞ മാസം പ്രദർശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ, കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയായിരുന്നു ഉള്ളൊഴുക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കാട്ടുന്നതാണ്.