Actress
നിമിഷ സജയന്റെ പിതാവ് അന്തരിച്ചു
നിമിഷ സജയന്റെ പിതാവ് അന്തരിച്ചു
നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
താനെ ജില്ലയിലെ അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. സംസ്കാര ചടങ്ങുകൾ അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും. ഭാര്യ: ബിന്ദു സജയൻ, മക്കൾ: നിമിഷ സജയൻ, നീതു സജയൻ.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നിമിഷയിൽ നിന്നുമുണ്ടായി.
ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നിമിഷ നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിമിഷയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രമായി എത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം വളരെയധികം പ്രശംസയ്ക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ കണ്ടിട്ട് അമ്മയെ ഓർമവന്നു എന്നാണ് മിക്കവരും പറഞ്ഞതെന്നാണ് നടി പറഞ്ഞത്. കൂടാതെ അത്തരത്തിലുള്ള ഒരു വീട്ടമ്മമാരും മനസ്സിൽ ഇല്ലായിരുന്നുവെന്നും നിമിഷ അഭിമുഖത്തിൽ പറയുന്നു. ലോകത്തെ ഓരോ അടുക്കളയിലും എരിഞ്ഞുതീരുന്ന അമ്മമാർക്കുവേണ്ടിയുള്ള സിനിമയാണത്. ആ കഥാപാത്രത്തെ ഞാൻ സമീപിച്ചതും ആ രീതിയിലാണ്. സിനിമ കണ്ടതിന് ശേഷം അമ്മയെ ഓർമവന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഭാര്യയെ ഓർമ വന്നു എന്ന് പറഞ്ഞവർ ചുരുക്കമാണ് എന്നും താരം പറയുന്നു.
മലയാളികളുടെ ബബ്ലി ഗേൾ സങ്കൽപ്പത്തിൽ നിന്ന് ഏറെ ദൂരെയാണ് നിമിഷ ചെയ്ത കഥാപാത്രങ്ങൾമേക്കപ്പ് ഇടില്ല, ചിരിക്കില്ല, ഡാൻസ് ചെയ്യാറില്ല, തുള്ളിച്ചാടില്ല തുടങ്ങിയ പരാതികളാണ് വിമർശകർക്ക് ഉന്നയിക്കാനുള്ളത്. പലപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള നിമിഷ ഒട്ടേറെ വിമർശനങ്ങൾക്കും നിമിഷ പാത്രമായി.
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള് രാജ്യമെമ്പാടും കൊടുമ്പിരി കൊണ്ടിരുന്ന നാളുകളില്, കൊച്ചിയില് നടന്ന തെരുവ് പ്രക്ഷോഭത്തിൽ ‘തൃശൂര് ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള് കൊടുക്കുവോ? കൊടുക്കില്ല…’ എന്ന് നിമിഷ പറഞ്ഞപ്പോൾ അന്ന് വലിയ സൈബർ ആക്രമണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചപ്പോൾ ഈ വാക്കുകളുടെ പേരില് നിമിഷ സജയന് ആക്രമിക്കപ്പെട്ടിരുന്നു. അതും രൂക്ഷമായ ഭാഷയിൽ.
അറപ്പുളവാക്കുന്നതും വിദ്വേഷകരവുമായ വാക്കുകള് കൊണ്ടുള്ള അതിരൂക്ഷമായ സൈബര് ആക്രമണം ആണ് നടിയ്ക്ക് നേരെ വന്നത്. ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില് ഒരു വലിയ അശ്ലീലകൂട്ടം തന്നെയായിരുന്നു നടിയ്ക്ക് നേരെ വന്നിരുന്നത്. അക്രമാഹ്വാനം, തെറിവിളി, കേട്ടാലറയ്ക്കുന്ന ഭാഷ…. എന്നിങ്ങനെ പോയിരുന്നു അധിക്ഷേപങ്ങൾ. തന്റെ രാഷട്രീയ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ ഇത്രയേറെ തെറിവിളി കേൾക്കേണ്ടി വന്ന മറ്റൊരു മലയാല നടിയുമില്ല.
എന്നിരുന്നാലും ഇതിനെയെല്ലാം അതിനറെ വഴിയ്ക്ക് വിട്ട് തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടി. മലയാളത്തിന് പുറത്തും തിരക്കേറുകയാണ് നിമിഷയ്ക്ക്. അഥർവ നായകനായി, നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎൻഎ’യാണ് നടിയുടെ പുതിയ ചിത്രം. ഇതിന‍്റെ ടീസർ ഈ മാസം എത്തിയിരുന്നു. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.
