Actress
ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍!
ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍!
കെജിഎഫിലൂടെ ആരാധകരുടെ പ്രിയ താരമായ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നും നടി കരീന കപൂര്‍ പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയായാണ് കരീന വേഷമിടാനിരുന്നത്.
എന്നാല്‍ നേരത്തേ കരാര്‍ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും ടോക്‌സിക്കിന്റെ ഷെഡ്യൂളും ഒരേസമയം വന്നതോടെയാണ് കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ച് പരസ്പര ധാരണയിലെത്തിയ ശേഷമായിരുന്നു പിന്‍മാറ്റം.
‘ടോക്‌സിക്കി’ല്‍ സഹോദരിയുടെ വേഷം ഏറെ പ്രാധാന്യമുള്ളതാണ്. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ്. കരീന പിന്‍മാറിയതോടെ മറ്റ് അഭിനേത്രികളുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. സായ് പല്ലവി, നവാസുദ്ദീന്‍ സിദ്ദിഖി, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമയിലെ അഭിനേതാക്കളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചനകള്‍. 2022ല്‍ റിലീസ് ചെയ്ത കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷമുള്ള യഷിന്റെ പുതിയ ചിത്രമാണ് ‘ടോക്‌സിക്’.
‘ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രിലില്‍ എത്തുമെന്നാണ് കരുതുന്നത്.