36 വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ഗോള്‍; ജയത്തോടെ പെറു മടങ്ങി, ഓസ്ട്രേലിയയും പുറത്ത്; ഫ്രാൻസും ഡെന്മാർക്കും സമനിലയോടെ പ്രീ ക്വാർട്ടറിൽ
Published on
സോച്ചി: മുപ്പത്താറു വർഷത്തെ ഗോൾ ക്ഷാമത്തിന് അറുതി വരുത്തി പെറു സന്തോഷത്തോടെ ലോകകപ്പ് വേദി വിട്ടു.
വിരസമായ സമനില പിറന്ന മത്സരത്തിൽ ഫ്രാൻസും ഡെന്മാർക്കും ഗോളൊന്നും നേടിയില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായാണ് ഗ്രൂപ്പ് സിയിൽ നിന്ന് ഫ്രാൻസ് നോക്കൗട്ടിലെത്തിയത്. 5 പോയിന്റോടെയാണ് ഡെന്മാർക്ക് പ്രീ ക്വാർട്ടറിലെത്തിയത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുന്നത്.
ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ച് പെറു. 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയിലൂടെ പെറു ലീഡെടുത്തു. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു. 36 വർഷങ്ങൾക്കു ശേഷമാണ് പെറു ലോകകപ്പിൽ ഒരു ഗോൾ നേടുന്നത്.
രണ്ടാം പകുതിയിൽ പെറു രണ്ടാമത്തെ ഗോളും നേടി. പൗളോ ഗുറേറോയാണ് സ്കോറർ. 50-ാം മിനിറ്റിൽ ഫ്‌ളോറസ് നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. 14 ഷോട്ടുകൾ ഓസ്ട്രേലിയ പായിച്ചെങ്കിലും ഗോൾ നേടാനായില്ല.
പെറുവിനെ തോൽപ്പിക്കുകയും ഫ്രാൻസ് ഡെൻമാർക്കിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടർ കളിക്കാൻ സോക്കറൂസിന് സാധിക്കുമായിരുന്നുള്ളൂ. ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞ പെറു പക്ഷേ, ചുമ്മാതങ്ങ് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. റഷ്യൻ ലോകകപ്പിൽ അവസാനം യോഗ്യത നേടിയ ടീമാണ് പെറു.
കാണികളെ നാണം കെടുത്തി ഫ്രാൻസും ഡെന്മാർക്കും
75,000 കാണികളെ നാണം കെടുത്തി ഫ്രാൻസും ഡെന്മാർക്കും വിരസമായ സമനിലക്കളി കാഴ്ചവച്ചു. ഇരു ടീമിനും ഗോളൊന്നും നേടാനായില്ല. ഭാവനാസമ്പന്നമായ ഒരു മുന്നേറ്റം പോലും കാഴ്ചവയ്ക്കാതെയാണ് മത്സരം ഇരുടീമും അവസാനിപ്പിച്ചത്
നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ‘മുൻനിര താരങ്ങളെ പുറത്തിരുത്തിയാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്.
ഈ ലോകകപ്പിലെ ഏറ്റവും മോശം മത്സരമെന്നാണ് ആരാധകർ പോരാട്ടത്തെ വിശേഷിപ്പിച്ചത്.
picture courtesy: www.fifa.com
written by Rajesh Kumar
France vs. Denmark, Australia vs. Peru
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football