Connect with us

“ഈ സിനിമ വരെയുള്ള എന്റെ എല്ലാ വർക്കുകളും ഒരു സംവിധായിക ആകണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു” – മാംഗല്യം തന്തുനാനേനയുടെ വിശേഷങ്ങൾ പങ്കു വച്ച് സൗമ്യ സദാനന്ദൻ

Interviews

“ഈ സിനിമ വരെയുള്ള എന്റെ എല്ലാ വർക്കുകളും ഒരു സംവിധായിക ആകണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു” – മാംഗല്യം തന്തുനാനേനയുടെ വിശേഷങ്ങൾ പങ്കു വച്ച് സൗമ്യ സദാനന്ദൻ

“ഈ സിനിമ വരെയുള്ള എന്റെ എല്ലാ വർക്കുകളും ഒരു സംവിധായിക ആകണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു” – മാംഗല്യം തന്തുനാനേനയുടെ വിശേഷങ്ങൾ പങ്കു വച്ച് സൗമ്യ സദാനന്ദൻ

“ഈ സിനിമ വരെയുള്ള എന്റെ എല്ലാ വർക്കുകളും ഒരു സംവിധായിക ആകണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു” – മാംഗല്യം തന്തുനാനേനയുടെ വിശേഷങ്ങൾ പങ്കു വച്ച് സൗമ്യ സദാനന്ദൻ

നവാഗത സംവിധായിക , കുഞ്ചാക്കോ ബോബൻ – ശാന്തി കൃഷ്ണ കൂട്ടുകെട്ട് , മനോഹരമായ പാട്ടുകൾ തുടങ്ങി മാംഗല്യം തന്തുനാനേനക്ക് പ്രതീക്ഷ നൽകുന്ന കാരണങ്ങൾ പലതുണ്ട് . റിലീസ് ദിനം അടുത്തെങ്കിലും സംവിധായിക സൗമ്യ സദാനന്ദൻ വളരെ കൂളാണ്‌ .കാരണം , തന്റെ ആദ്യ ചിത്രത്തിനെ പറ്റി ആത്മവിശ്വാസവും എട്ടു വർഷത്തോളമായി സിനിമയുടെ പല മേഖലകളിൽ പ്രവർത്തിച്ച പരിചയവും സൗമ്യക്കുണ്ട് . ചെമ്പൈ ; മൈ ഡിസ്‌കവറി ഓഫ് ലെജൻഡസ് എന്ന ഡോക്യൂമെന്ററിയിലൂടെ ദേശിയ പുരസ്കാരം നേടിയ സൗമ്യ ,കൈവയ്ക്കാത്ത മേഖലകളില്ല. എൻജിനിയറിങ് പഠിച്ച് , ടെലിവിഷൻ അവതാരകയായി , നടിയായി , ഡബ്ബിങ് ആർട്ടിസ്റ്റായി ഇപ്പോൾ സംവിധായക കുപ്പായത്തിലും കാണുകയാണ് സൗമ്യ സദാനന്ദനെ . തിയേറ്ററുകളിലേക്ക് മാംഗല്യം തന്തുനാനേന എത്താനുള്ള തിരക്കുകൾക്കിടയിലും സിനിമയെ കുറിച്ച് മനസ് തുറക്കുകയാണ് സൗമ്യ സദാനന്ദൻ , മെട്രോമാറ്റിനിയോട് ..

# റിലീസിനിനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്താണ് മാംഗല്യം തന്തുനാനേന എന്ന പേരിനു പിന്നിൽ ?

പേര് നിർദേശിച്ചത് പ്രൊഡ്യൂസർ ആൽവിൻ ആന്റണിയാണ് . സിനിമയിൽ ഒരു ക്നാനായ കുടുംബ കഥയാണ് പറയുന്നത്.ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണെങ്കിലും നായകന്റെയും നായികയുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. അത് മതമോ ജാതിയോ ഒന്നും ബാധകമല്ല. മാംഗല്യം തന്തുനാനേന എന്ന പേരിനെ രണ്ടു രീതിയിൽ അപ്പ്രോച്ച് ചെയ്യാം. ഒന്ന് ബാംഗ്ലൂർ ഡേയ്സിലെ പാട്ടിന്റെ വരികൾ. മറ്റൊന്ന് അലൈപായുതൈ എന്ന മണിരത്നം ചിത്രത്തിലെ ഗാനം . ഒരു താലിയിലൂടെ നിന്നെ കാത്തുസൂക്ഷിച്ചോളാം എന്ന വാക്കാണ് വരൻ വധുവിന് നൽകുന്നത്. എനിക്ക് ആ പേരിനോട് ആ ഒരു സമീപനമാണ്.

# കുട്ടനാടൻ മാർപാപ്പയിലൂടെ കുഞ്ചാക്കോ ബോബൻ – ശാന്തി കൃഷ്ണ കൂട്ടുകെട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതെ അമ്മയും മകനും മാംഗല്യം തന്തുനാനേനയിലുമെത്തുമ്പോൾ എന്താണ് പ്രതീക്ഷകൾ ?

‘അമ്മ -മകൻ ബന്ധം മാത്രമേ കുട്ടനാടൻ മാർപാപ്പയുമായുള്ള ഒരു സാമ്യം. ബാക്കി എല്ലാം വ്യത്യസ്തമാണ്. പക്ഷെ കുഞ്ചാക്കോ ബോബനും ശാന്തികൃഷണക്കുമിടയിലെ കെമിസ്ട്രി വളരെ രസമുള്ള ഒന്നാണ്. അവരൊന്നിച്ചുള്ള സീൻ എടുക്കുമ്പോൾ കണ്ടിരുന്നു പോകും. അത്രക്ക് സ്വാഭാവികമാണ്. എന്താണ് സീനെന്നു പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ വളരെ ബ്രില്ലിയന്റായാണ് അവർ അത് അവതരിപ്പിക്കുന്നത്.

# ഡോക്യൂമെന്ററിയിൽ നിന്നും സിനിമ സംവിധാനത്തിലേക്ക് ചുവടു വയ്ക്കുകയാണ്. ഇതിനിടയിൽ നടിയായും കണ്ടിരുന്നു. ഏത് മേഖലയോടാണ് കൂടുതൽ താല്പര്യം ?

ഞാൻ സിനിമയിൽ വരുന്നത് തന്നെ സംവിധായിക ആകണം എന്നുള്ള ആഗ്രഹം കൊണ്ടാണ്.ഞാൻ ഒരു എൻജിനിയറിങ് ബിരുദധാരിയാണ്. സിനിമ ധാരാളം കണ്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.2011 മുതൽ സിനിമയിലുണ്ട്. ഇതെന്റെ എട്ടാമത്തെ വർഷമാണ് . ഇതിനിടയിൽ ഞാൻ എന്റെ എല്ലാ പ്രൊജെക്ടുകളിലും സംവിധാനത്തിലാണെങ്കിലും പ്രീ പ്രൊഡക്ഷനിലാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷനിലാണെങ്കിലും ആര്ടിസ്റ്റായും ഡബ്ബിങ് ആര്ടിസ്റ്റായുമൊക്കെ ജോലി ചെയ്തത് സിനിമ പഠിക്കാനാണ്.
ഓരോ വിഭാഗത്തിൽ ജോലി ചെയ്യുമ്പോളാണ് അതിനെകുറിച്ച് കൂടുതൽ അറിയുന്നത്. ഈ സിനിമ വരെയുള്ള എന്റെ എല്ലാ വർക്കുകളും ഒരു സ്റ്റോറി ടെല്ലർ ആകണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു. എന്നെ സംബന്ധിച്ച് പ്രൊഡക്ഷനിൽ വർക്ക് ചെയ്യുന്ന ആളുടെ ജോലി , അഭിനേതാവിന്റേതുപോലെ തന്നെ പ്രാധാന്യമേറിയതാണ്. ഡയറക്ടറാകാൻ എന്നെ ഇതെല്ലാം സഹായിച്ചു. അത്‌കൊണ്ട് അതാണോ ഇതാണോ ഇഷ്ടം എന്നുള്ളത് ഒരു ചോദ്യമേയല്ല.

# വിജയരാഘവൻ ,അലൻസിയർ , ശാന്തി കൃഷ്ണ തുടങ്ങിയ സീനിയർ ആർട്ടിസ്റ്റുകളെല്ലാം ഈ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിട്ടുണ്ട് . അതാരുടെ ആശയമായിരുന്നു?

സാധാരണ ഒരു സോങ്ങിന് സിറ്റുവേഷൻ കൊടുത്തിട്ട് ചെയ്യുകയാണ്. പക്ഷെ മാംഗല്യം തന്തുനാനേനയിലെ ആ ഗാനത്തിൽ ക്നാനായ ക്രിസ്ത്യൻ കല്യാണമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവർക്ക് പ്രത്യേക ചടങ്ങുകളാണ് .അതിന്റെ ഭാഗമായി കുറച്ച് കല്യാണങ്ങൾ പോയി നേരിട്ട് കണ്ടു. കണ്ടപ്പോൾ അതിൽ കുറച്ച് വ്യക്തതയായി . അത്‌കൊണ്ട് സാധാരണയിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഈ ഗാനത്തിന് സ്ക്രിപ്റ്റ് എഴുതുകയാണ് ചെയ്തത്. സ്ക്രിപ്റ്റ് എഴുതിയതിനു ശേഷമാണ് പ്രധാന താരങ്ങളെ കൊണ്ട് പാട്ടു പാടിച്ചാലോ എന്ന് തോന്നിയത്. ഇതൊരു കുടുംബ ചിത്രമാണെന്ന് പറഞ്ഞു മനസിലാക്കുന്നതിലുപരി , പാട്ടിലൂടെ കാണിച്ചു കൊടുക്കാമെന്നു കരുതി . പക്ഷെ ഇവരൊക്കെ പാടുമോ എന്നായിരുന്നു സംശയം. പാടാമോ എന്ന് ചോദിച്ചപ്പോളവർ വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പാട്ടൊക്കെ കമ്പോസ് ചെയ്തിട്ടാണ് വിഷ്വൽ ഉൾപ്പെടുത്തുന്നത്. ഇവിടെ തിരിച്ചാണ്. അത് നന്നായി തന്നെ രേവ ചെയ്തു.

# ആദ്യ ചിത്രമാണ് മാംഗല്യം തന്തുനാനേന. എന്താണ് ചിത്രത്തെ കുറിച്ചും ഭാവി പ്രൊജക്ടുകളെക്കുറിച്ചുമുള്ള പ്രതീക്ഷകൾ ?

പ്രതീക്ഷിച്ച പോലെ തന്നെയാണ് സിനിമ അവസാന മിനുക്കു പണികൾക്ക് ശേഷം വന്നിരിക്കുന്നത്. അതിലൊരുപാട് സന്തോഷമുണ്ട്. അതെന്റെ സിനിമയായതു കൊണ്ടല്ല . സംവിധാനം ചെയ്യും മുൻപ് ഞാനൊരു പ്രേക്ഷകയായിരുന്നു. എന്റെ ഉള്ളിലെ ഡയറക്ടറെ തൃപ്തിപെടുത്തുമ്പോളാണ് സിനിമ വിജയിക്കുന്നത്. ഞാൻ ഹാപ്പിയാണ്.എന്നെപോലെ തന്നെ പ്രേക്ഷകരും അതിഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വിജയത്തിനനുസരിച്ചാണ് മറ്റു പ്രൊജെക്ടുകളിലേക്ക് കടക്കു.

സൗമ്യ സദാനന്ദനെ പോലെ തന്നെ എല്ലാവരും റോയിയുടെയും ക്ലാരയുടെയും മാംഗല്യം കൂടാൻ വളരെ പ്രതീക്ഷയോടെയിരിക്കുകയാണ്. സെപ്റ്റംബർ 20 നാണു മാംഗല്യം തന്തുനാനേന റിലീസ് ചെയ്യുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ ബാനറിൽ എത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ , ശാന്തി കൃഷ്ണ , നിമിഷ സജയൻ തുടങ്ങിയവരാണ് അണിനിരക്കുന്നത്.

director soumya sadanandan about her debut movie mangalyam thanthunanena

More in Interviews

Trending